ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നിന്ന്.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധം ഇന്നത്തേക്ക് അവസാനിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ച് കോടതി പരിസരത്തുനിന്ന് 200 മീറ്റർ അകലെ പൊലിസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞതിനെത്തുടർന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
ഇതിനിടെ ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെയും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഉൾപ്പെടെയുള്ള തീരുമാനങ്ങളെയും ചോദ്യം ചെയ്താണ് ഹർജി. ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ഹർജി അഭിഭാഷകരാണ് കോടതിയിൽ സമർപ്പിച്ചത്. ഇന്ത്യാ സഖ്യത്തിന്റെ മാർച്ചിനിടെ വൈകുന്നേരം 4.45ഓടെയായിരുന്നു ഹർജി നൽകിയത്.
ഹർജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങളെത്തുടർന്ന് രാജ്യതലസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് വ്യത്യസ്തമായ സമീപനമാണ് പൊലീസ് സ്വീകരിച്ചത്. വലിയ ജനക്കൂട്ടം പ്രതിഷേധത്തിനായി എത്തിയെങ്കിലും ഒരാളെപ്പോലും കസ്റ്റഡിയിലെടുത്തില്ലെന്നാണ് റിപ്പോർട്ട്.
Tags : India Alliance Supreme Court March Delhi Chalo March Rahul Gandhi Gyanesh Kumar Chief Election Commissioner