ചെമ്മീൻ.
ചെമ്മീൻ പുറന്തോടിനെ തൃണവൽഗണിക്കരുത്! ഭാവിയിൽ ആകാശത്തും ജലത്തിലും കരയിലും വാഹനങ്ങൾക്കു കുതിച്ചുപായാനുള്ള 'ഇന്ധന'മാക്കി ജൈവമാലിന്യങ്ങളെ മാറ്റാമെന്നു കണ്ടെത്തിയിരിക്കുകയാണു ഗവേഷകർ. അവിശ്വസനീയമായി തോന്നാം, എന്നാൽ ഭാവിയിൽ അതു സംഭവിക്കുകതന്നെ ചെയ്യും! സിംഗപുരിലെ നന്യാംഗ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണു പദ്ധതിക്കു പിന്നിൽ. ആഗോളതാപനത്തിന് ആക്കം കൂട്ടുന്ന ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണു ലക്ഷ്യം. ചെമ്മീൻ പുറന്തോടുപോലുള്ള ജൈവമാലിന്യങ്ങളെ ഹൈഡ്രജൻ വാതകം, പ്രോട്ടീൻ സമൃദ്ധമായ ഭക്ഷ്യവസ്തുക്കൾ, ബയോജനിക് കാത്സ്യം കാർബണേറ്റ് എന്നിവയാക്കി മാറ്റുന്ന നൂതന സാങ്കേതിക വിദ്യയിൽ വലിയ പ്രതീക്ഷയാണുള്ളതെന്നു ഗവേഷകർ അഭിപ്രായപ്പെട്ടു.
ജൈവമാലിന്യങ്ങളിൽനിന്നു ദേഷകരമല്ലാത്ത 'കാർബൺ നെഗറ്റീവ് ഹൈഡ്രജൻ' ആണ് ഉത്പാദിപ്പിച്ചത്. മാത്രമല്ല, ഈ പ്രക്രിയയുടെ ഭാഗമായുണ്ടാകുന്ന കൾച്ചേർഡ് പ്രോട്ടീൻ വളർത്തുമത്സ്യ മേഖലയിൽ ഭക്ഷ്യവസ്തുവായി ഉപയോഗിക്കാമെന്നും ഗവേഷകർ പറയുന്നു. കൂടാതെ, കാത്സ്യം കാർബണേറ്റ് സിമന്റ് ഉത്പാദനത്തിന് ഉപയോഗിക്കാം. ഇതു പാറ ഖനനം കുറയ്ക്കാനും ചെലവു നിയന്ത്രിക്കാനും സഹായിക്കും.
ചെമ്മീനുകളുടെ പുറന്തോട് അരച്ചു കട്ടിയുള്ള മിശ്രിതമാക്കുന്നു. 'ബോൾ മില്ലിംഗ്' സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതിൽനിന്ന് കാത്സ്യം കാർബണേറ്റ് വേർതിരിക്കുന്നു. ബാക്കി വരുന്ന ഓർഗാനിക് ആസിഡുകളും അമോണിയയും ഇലക്ട്രൊലൈസറിലേക്കു മാറ്റുന്നു. സോളാർ പാനലുകളിൽ നിന്നുള്ള ഊർജം ഉപയോഗിച്ച് ഇലക്ട്രൊലൈസിസ് നടത്തുമ്പോൾ ഹൈഡ്രജൻ വാതകം വേർതിരിയുന്നു. ബാക്കിവരുന്നതിലേക്കു ഫോട്ടോട്രോപ്പിക് പർപ്പിൾ ബാക്ടീരിയകളെ ചേർത്ത് ബയോറിയാക്ടറിൽ ഫെർമെന്റേഷനു വിധേയമാക്കുന്നു. ഇതിനെ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാക്കി മാറ്റിയെടുക്കുന്നു.
ഭാവി പ്രതീക്ഷകൾ
പരീക്ഷണഘട്ടങ്ങളിൽ അറുപതു മിനിറ്റിൽ പതിനാല് ലിറ്റർ ഹൈഡ്രജൻ വാതകം ഉത്പാദിക്കാൻ ഗവേഷകർക്കു കഴിഞ്ഞു. നിലവിലെ ഗ്രീൻ ഹൈഡ്രജൻ സാങ്കേതികവിദ്യയോളം കാര്യക്ഷമതയാണുള്ളതെങ്കിലും, ഉത്പാദനനിരക്കു വർധിപ്പിക്കുകയാണെങ്കിൽ സാന്പത്തിക നേട്ടമായിത്തീരും. ഹൈഡ്രജനോടൊപ്പം കാത്സ്യം കാർബണേറ്റും പ്രോട്ടീനും വിൽക്കാൻ കഴിയുന്നത് ചെലവുകൾ ക്രമീകരിക്കാൻ സഹായിക്കുമെന്ന് വാഷിംഗ്ടണിലെ മോഡേൺ ഹൈഡ്രജൻ കമ്പനിയിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
ചെമ്മീൻ പുറന്തോടു മാത്രമല്ല, കാർഡ്ബോർഡ് പെട്ടികൾ, പച്ചക്കറികൾ, പുല്ല്, ചോളം, ഷുഗർ, മദ്യ നിർമാണശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ തുടങ്ങിയവയും ഉപയോഗിക്കാമെന്നു ഗവേഷകർ പറഞ്ഞു. ലണ്ടൻ ആസ്ഥാനമായ കി ഹൈഡ്രജൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കമ്പനികൾ ഈ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാനുള്ള ലൈസൻസ് നേടിയിട്ടുണ്ട്.
Tags : International ScienceNews Shrimp CarbonNegativeFuel KiHydrogen Grayhydrogen