പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് പ്രക്ഷോഭങ്ങൾക്കും ധർണകൾക്കുമായി കാലങ്ങളായി ഉപയോഗിച്ചിരുന്ന ജന്തർമന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി ഡൽഹി പൊലിസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയുടെ ശിപാർശയെ തുടർന്ന് ഡൽഹി പൊലിസ് കമ്മീഷണർ അനുരാഗ് കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പകരം ഡൽഹിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനായി മൂന്ന് പുതിയ സ്ഥലങ്ങൾ ഔദ്യോഗികമായി നിശ്ചയിച്ചിട്ടുണ്ട്. രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട്, ഈസ്റ്റ് ഡൽഹി എന്നിവടങ്ങളിലാണ് പ്രതിഷേധം നടത്താനാകുക. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയും സിജെപിയും ഉൾപ്പെടെയുള്ള സംഘടനകൾ സമരം നടത്തുന്നതിനിടെയാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം.
അതിസുരക്ഷാ മേഖലയായ സെൻട്രൽ ഡൽഹിയിൽ സ്ഥിതിചെയ്യുന്ന ജന്തർമന്തറിൽ സമരങ്ങൾ ഒഴിവാകുന്നത് സാധാരണക്കാരുടെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്നാണ് പൊലിസിന്റെ വിശദീകരണം. അതേസമയം, സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെ തടയാനാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കമെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. പുതിയ സ്ഥലങ്ങളിൽ പ്രക്ഷോഭങ്ങൾ നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾ പൊലീസ് ഉടൻ പുറത്തിറക്കും.
Tags : JantarMantar DelhiPolice ProtestVenue RamlilaGround BurariGround CBDGround Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash