സുപ്രീംകോടതി
ന്യൂഡൽഹി: പുതിയ വോട്ടർ രജിസ്ട്രേഷനായുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുത്തിയ 'ഫോം 6' സുപ്രീംകോടതി അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് പ്രിയ മിശ്ര സമർപ്പിച്ച പുതിയ ഹർജി പരിഗണിക്കവെയാണ് പരമോന്നത കോടതിയുടെ നിരീക്ഷണം.
തിരുത്തിയ ഫോം 6-ന് സുപ്രീംകോടതിയുടെ അംഗീകാരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാംഗ്മൂലങ്ങളിലും പത്രക്കുറിപ്പുകളിലും തെറ്റായി പ്രചരിപ്പിക്കുന്നുവെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ബിഹാർ വിഷയത്തിൽ വാദം കേട്ടപ്പോൾ ഈ പുതിയ ഫോം നിലവിലില്ലായിരുന്നുവെന്നും, കോടതിയുടെ പരാമർശങ്ങളെ ഭാഗികമായി വ്യാഖ്യാനിച്ച് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.
കഠിനമായ വ്യവസ്ഥകളും നിയമവിരുദ്ധമായ രേഖകളും ആവശ്യപ്പെടുന്നത് വലിയ തോതിൽ യോഗ്യരായ വോട്ടർമാരെ പുറത്താക്കാൻ ഇടയാക്കുമെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. പുതിയ ഫോം 6ന്റെ സാധുത സംബന്ധിച്ച് നിയമപരമായ ചോദ്യങ്ങൾ ഉന്നയിച്ചാൽ അത് പ്രത്യേകമായി പരിശോധിക്കാമെന്ന് വ്യക്തമാക്കിയ ബെഞ്ച്, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി തേടുകയും കേസ് തുടർവാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.
Tags : SupremeCourt RevisedForm6 ElectionCommission CJISuryaKant SpecialIntensiveRevision Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash