അഭിജീത് ദീപ്കെ
ന്യൂഡൽഹി: പതിറ്റാണ്ടുകളായി രാജ്യതലസ്ഥാനത്തെ പ്രധാന പ്രതിഷേധകേന്ദ്രമായിരുന്ന ജന്തർ മന്തറിനെ ഔദ്യോഗിക സമരവേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി നേതൃത്വം. ജനങ്ങളുടെ മൗലികാവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് തീരുമാനമെന്നും ഏകാധിപത്യ പ്രവണതയുടെ ഭാഗമാണിതെന്നും പാർട്ടി കൺവീനർ അഭിജീത് ദീപ്കെയും കോ-കൺവീനർ സൗരവ് ദാസും ആരോപിച്ചു.
മുൻകൂർ കൂടിയാലോചനകളില്ലാതെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏകപക്ഷീയമായ തീരുമാനമെടുത്തതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. സർക്കാരിന്റെ നടപടിക്കെതിരെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സിജെപി നേതൃത്വം പ്രതിഷേധം രേഖപ്പെടുത്തിയത്. ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധവേദിയല്ലാതാക്കിയ നടപടി ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അഭിജീത് ദീപ്കെ പറഞ്ഞു.
സമരവേദികളല്ല, ജനങ്ങളുടെ പ്രതിഷേധസ്വരമാണ് സർക്കാരിന്റെ യഥാർഥ പ്രശ്നമെന്നും അദ്ദേഹം ആരോപിച്ചു. ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങളുടെ സ്വത്താണെന്നും തീരുമാനം അംഗീകരിക്കാനാകില്ലെന്നും സൗരവ് ദാസ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ രാജ്യം മുഴുവൻ ജന്തർ മന്തറായി മാറുമെന്നും പ്രതിഷേധം ശക്തമായി തുടരുമെന്നും സിജെപി നേതൃത്വം മുന്നറിയിപ്പ് നൽകി.
അതേസമയം രാജ്യതലസ്ഥാനത്തെ ജനകീയ പ്രതിഷേധങ്ങൾക്കായി ജന്തർ മന്തറിന് പകരം മൂന്ന് വേദികളാണ് ഡൽഹി പൊലിസ് അനുവദിച്ചിരിക്കുന്നത്. രാംലീല മൈതാൻ, ബുരാരി ഗ്രൗണ്ട്, കിഴക്കൻ ഡൽഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ പ്രതിഷേധകേന്ദ്രങ്ങൾ.
പ്രതിഷേധങ്ങൾ തടസമില്ലാതെ നടത്തുന്നതിനായി ബദൽ വേദികൾ പരിഗണിക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സമിതി നൽകിയ ശിപാർശ കൂടി പരിഗണിച്ചാണ് ഡൽഹി പൊലിസ് നടപടി സ്വീകരിച്ചത്.
Tags : CJP Leadership Central Government Narendra Modi Jantar Mantar Delhi Police Protest Rights Freedom of Expression Democratic Rights Opposition Protest