ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
വാഷിംഗ്ടൺ ഡിസി: വനിതാശാക്തീകരണത്തിനും ആരോഗ്യബോധവത്കരണത്തിനും ഊന്നൽ നൽകി ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇന്റർനാഷണലിന്റെ വിമൻസ് ഫോറം പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ഒക്ടോബർ മാസത്തിലെ കാൻസർ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വെബിനാറിൽ നൂറിലധികം പേർ പങ്കെടുത്തു. ഓൺലൈനായി സംഘടിപ്പിച്ച പരിപാടി കരുനാഗപ്പള്ളി എംഎൽഎ സി. ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു.
കാൻസർ ബോധവത്കരണം, രോഗനിർണയം, ചികിത്സ എന്നിവയായിരുന്നു വെബിനാറിന്റെ പ്രധാന വിഷയങ്ങൾ. ഫെഡറേഷൻ വിമൻസ് ഫോറം ചെയർ സ്വപ്ന ഫെലിക്സ് സ്വാഗതം ആശംസിക്കുകയും അധ്യക്ഷത വഹിക്കുകയും ചെയ്തു.
നിലവിൽ 125-ലധികം വനിതകൾ ഫോറത്തിന്റെ ഭാഗമാണെന്നും വനിതകളുടെ കഴിവുകളും നേതൃത്വപാടവവും സാമൂഹികനന്മയ്ക്കായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.
ഫെഡറേഷൻ പ്രസിഡന്റ് ഡോ. കലാ ഷഹി കാൻസർ ബോധവത്കരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. രോഗബാധിതർക്കും കുടുംബങ്ങൾക്കും ശാരീരികവും മാനസികവും സാമ്പത്തികവുമായ വെല്ലുവിളികൾ നേരിടേണ്ടിവരുന്ന സാഹചര്യത്തിൽ ശരിയായ അറിവും നേരത്തെയുള്ള രോഗനിർണയവും ചികിത്സയും നിർണായകമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഫെഡറേഷൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസഫ് കുര്യപ്പുറം സംഘടനയുടെ ചരിത്രവും പ്രവർത്തനപാരമ്പര്യവും വിശദീകരിച്ചു. 1983-ൽ ആരംഭിച്ച ഫെഡറേഷൻ നാലു പതിറ്റാണ്ടിലേറെയായി പ്രവാസി മലയാളികളുടെ സാമൂഹിക, സാംസ്കാരിക കൂട്ടായ്മയ്ക്ക് കരുത്തേകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫെഡറേഷൻ ഇന്റർനാഷണൽ കോഓർഡിനേറ്റർ ഡോ. ജേക്കബ് ഈപ്പനും ആശംസകൾ നേർന്നു. എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ഡോ. നിഷ മാണി കാൻസർ അതിജീവനത്തിന്റെ സ്വന്തം അനുഭവങ്ങൾ പങ്കുവച്ചു. രോഗാവസ്ഥയിലെ മാനസിക സംഘർഷങ്ങളും പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ച ജീവിതപാഠങ്ങളും അവരുടെ പ്രഭാഷണത്തെ ഹൃദയസ്പർശിയാക്കി.
പ്രശസ്ത അർബുദരോഗ ചികിത്സാവിദഗ്ധ ഡോ. സാറ ഈശോ കാൻസറിന്റെ അപകടസാധ്യതകൾ, പ്രതിരോധ മാർഗങ്ങൾ, നേരത്തെയുള്ള രോഗനിർണയം, ആധുനിക ചികിത്സാരീതികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ശാസ്ത്രീയമായ അറിവും കൃത്യമായ ആരോഗ്യപരിശോധനകളും വിദഗ്ധോപദേശവും രോഗത്തെ നേരിടുന്നതിൽ പ്രധാനമാണെന്ന് അവർ വ്യക്തമാക്കി.
ഫെഡറേഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ അഡ്വ. രഘുകുമാർ, കെജിഡബ്ല്യു വാഷിംഗ്ടൺ പ്രസിഡന്റ് ഡോ. നാരായണൻ വള്ളപ്പിൽ, മോഹൻ കുമാർ, രാജൻ പാടവത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു.
ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജി ജോൺ, ട്രഷറർ ഷാജി സാമുവൽ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി ആലപ്പാട്ട്, വൈസ് പ്രസിഡന്റ് സഞ്ജീവ് ഷൺമുഖൻപിള്ള തുടങ്ങി വിവിധ ഭാരവാഹികളും ട്രസ്റ്റി ബോർഡ് അംഗങ്ങളും വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ഷിബിയ സാബു നന്ദി രേഖപ്പെടുത്തി. സമ്ന ഹംസ, പ്രത്യുഷ പത്മനാഭൻ, ഷീന കുന്നത്ത് എന്നിവർ അവതാരകരായി. വനിതകളുടെ നേതൃത്വശേഷി പ്രോത്സാഹിപ്പിക്കുന്നതിനും കാൻസർ ബോധത്കരണം വ്യാപിപ്പിക്കുന്നതിനും രോഗബാധിതർക്കും കുടുംബങ്ങൾക്കും പിന്തുണ നൽകുന്നതിനുമുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ടാണ് പരിപാടി സമാപിച്ചത്.
Tags : FederationofKeralaAssociation InternationalWomensForum USA NRINews