കടവുംഭാഗം സിനഗോഗിന് നേരെ ആക്രമണമുണ്ടായപ്പോൾ, പ്രതി എബിൻ
കൊച്ചി: എറണാകുളം മാര്ക്കറ്റിലെ കടവുംഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തിലെ പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമെന്ന് സംശയം. കൊച്ചി പൊലിസിനൊപ്പം കേന്ദ്ര രഹസ്യാന്വേഷണ ഏജന്സികളും അന്വേഷണം ശക്തമാക്കി. എന്ഐഎ, ഇന്റലിജന്സ് ബ്യൂറോ ഉദ്യോഗസ്ഥര് പ്രതി പുത്തന്കുരിശ് ഐക്കരനാട് സ്വദേശി എബിന് പോളിനെ (32) നേരിട്ടെത്തി കസ്റ്റഡിയില് ചോദ്യം ചെയ്തു.
തിങ്കളാഴ്ച പുലര്ച്ചെ 2.30 ഓടെയായിരുന്നു എറണാകുളം സെന്ട്രല് പൊലിസ് സ്റ്റേഷന് പരിധിയിലെ കടവുഭാഗം സിനഗോഗിന് മുന്വശത്തുള്ള ബ്ലോസം നഴ്സറിയില് തീപിടിത്തം ഉണ്ടായത്. നീല നിറത്തിലുള്ള ഇഗ്നിസ് കാറിലെത്തിയ പ്രതി, വാഹനത്തില് നിന്ന് ഇറങ്ങി കൈവശമുണ്ടായിരുന്ന പെട്രോള് ഒഴിച്ച് തീയിടുകയും സംഭവത്തിന്റെ ദൃശ്യങ്ങള് സ്വന്തം മൊബൈല് ഫോണില് പകര്ത്തിയ ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
എറണാകുളം മാര്ക്കറ്റിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും ഏകദേശം 150 ഓളം പേരില് നിന്നും ലഭിച്ച വിവരങ്ങളുടെയും സൈബര് വിഭാഗത്തിന്റെ സഹായത്തോടെ കണ്ടെത്തിയ സാങ്കേതിക വിവരങ്ങളുടെയും അടിസ്ഥാനത്തില് നടത്തിയ അന്വേഷണത്തില് പ്രതി ഉപയോഗിച്ച വാഹനം കണ്ടെത്തുകയായിരുന്നു. ദൃശ്യങ്ങളില് വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര് വ്യക്തമായിരുന്നില്ലെങ്കിലും നീല നിറത്തിലുള്ള ഇഗ്നിസ് കാറിന്റെ രജിസ്ട്രേഷന് വിവരങ്ങള് പൊലിസ് കണ്ടെത്തി.
പിന്നാലെയാണ് പുത്തന്കുരിശിലെ വാടകവീട്ടില് ഒളിച്ചിരുന്ന എബിന് പോളിനെ പൊലിസ് പിടികൂടിയത്. പ്രതിയുടെ മൊബൈല് ഫോണില് നിന്നും സംഭവത്തിന്റെ ദൃശ്യങ്ങള്ക്കു പുറമെ, വിദേശബന്ധങ്ങളുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുടെയും വിവിധ ഓണ്ലൈന് ഗ്രൂപ്പുകളുടെയും വിവരങ്ങളും കണ്ടെത്തി.
'ബോസ്' എന്ന് പ്രതി വിശേഷിപ്പിക്കുന്ന ഒരാളുടെ നിര്ദേശപ്രകാരമാണ് കുറ്റകൃത്യങ്ങള് നടത്തിയത്. നിര്ദേശിക്കപ്പെട്ട ലക്ഷ്യങ്ങളില് ആക്രമണം നടത്തുക, അതിന്റെ ദൃശ്യങ്ങള് പകര്ത്തി അയച്ചു കൊടുക്കുക, ഇതിന് പ്രതിഫലം കൈപ്പറ്റുക എന്ന രീതിയിലാണ് പ്രതി പ്രവര്ത്തിച്ചിരുന്നത്.
ക്രിപ്റ്റോ കറന്സി മുഖേന പ്രതിഫലം നല്കിയതായ സൂചനകളും പരിശോധിച്ചു വരികയാണ്. ചോദ്യം ചെയ്യലില് മൂവാറ്റുപുഴയില് യൂസ്ഡ് കാര് ഷോറൂമിന് തീയിട്ട സംഭവത്തില് പങ്കുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
യഹൂദ ആരാധനാലയങ്ങള് ഉള്പ്പെടെയുള്ള രാജ്യത്തെ വിവിധ നഗരങ്ങളില് ആക്രമണങ്ങള് നടത്തുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും പൊലിസ് പ്രതിയുടെ ഫോണില് നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീവ്രവാദ ബന്ധത്തെ കുറിച്ച് അന്വേഷണം നടക്കുന്നത്.
പ്രതിയുടെ സാമ്പത്തിക ഇടപാടുകള് അടക്കം പരിശോധിച്ചു വരികയാണ്. മൊബൈല് ഫോണ് ഉള്പ്പെടെയുള്ള ഡിജിറ്റല് ഉപകരണങ്ങളുടെ വിശദമായ ഫോറന്സിക് പരിശോധനയും മറ്റ് കുറ്റകൃത്യങ്ങളുമായുള്ള ബന്ധവും പരിശോധിച്ചു വരികയാണ്.
പ്രതിയുടെ വീട്ടില് നടത്തിയ പരിശോധനയില് മയക്കുമരുന്നുകളും പിടികൂടി. 3.613 ഗ്രാം വെള്ള ഹെറോയിന്, 2.736 ഗ്രാം ബ്രൗണ് ഹെറോയിന്, 2.361 ഗ്രാം ഓക്സികോഡോണ്, 5.264 ഗ്രാം ഫെന്റനൈന്, 20.171 ഗ്രാം ആല്പ്രാസോലം, 50.83 ഗ്രാം കെറ്റമിന് എന്നിവയാണ് പിടികൂടിയത്.
Tags : Fire Synagogue Accused Terror