പ്രതീകാത്മക ചിത്രം
സാൻഫ്രാൻസിസ്കോ: എക്സിക്യൂട്ടീവ് കോൺഫറൻസ് റൂമിൽ രഹസ്യമായി വിവരങ്ങൾ ചോർത്താൻ ഉപകരണം സ്ഥാപിച്ച ജീവനക്കാരനെ ഓപ്പൺഎഐ പിടികൂടിയത് സ്വന്തം എഐ മാതൃകകൾ ഉപയോഗിച്ച്. കേസിൽ അറസ്റ്റിലായ സൗദി പൗരനും കമ്പനിയിലെ ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയറുമായ അബ്ദുൽറഹ്മാൻ അൽഫോസനെ (35) ഓപ്പൺഎഐ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
ഓഫീസിലെ ടിവിയുടെ പിന്നിൽ യുഎസ്ബി പോർട്ടിൽ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ നിലയിലാണ് എൻക്രിപ്റ്റ് ചെയ്ത കേൾവി ഉപകരണം കണ്ടെത്തിയത്. തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് സ്വന്തം എഐ ടൂളുകൾ ഉപയോഗിച്ച് ഓപ്പൺഎഐ സുരക്ഷാ വിഭാഗം അൽഫോസനാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. ഇയാളെക്കുറിച്ചുള്ള തെളിവുകൾ ശേഖരിച്ച ശേഷം വിവരം ഉടൻ തന്നെ എഫ്ബിഐക്ക് കൈമാറുകയായിരുന്നു.
കമ്പനിയുടെ പകർപ്പവകാശമുള്ള സാങ്കേതികവിദ്യകൾ, തന്ത്രപ്രധാനമായ ബിസിനസ് പ്ലാനുകൾ, വികസന പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള യോഗങ്ങൾ നടന്ന മുറിയിലാണ് ഉപകരണം സ്ഥാപിച്ചിരുന്നത്. എന്നാൽ മാതൃകാ കോഡുകളോ ഉപഭോക്തൃ വിവരങ്ങളോ ചോർന്നിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. കുറ്റം തെളിയിക്കപ്പെട്ടാൽ അൽഫോസന് അഞ്ച് വർഷം വരെ തടവും 2.5 ലക്ഷം ഡോളർ (ഏകദേശം 2.37 കോടി രൂപ) പിഴയും ലഭിച്ചേക്കാം.
Tags : OpenAI FBI LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash