ഡല്ഹിയിലെ കേരള ടൂറിസം വകുപ്പിന്റെ ബി2ബി, നെറ്റ്വര്ക്കിംഗ് പരിപാടിയില് തനത് കേരള പാരമ്പര്യങ്ങളെ കലാകാരന്മാര് അവതരിപ്പിക്കുന്നു.
ന്യൂഡല്ഹി: കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില് വര്ധനയെന്ന് ടൂറിസം വകുപ്പ്. 2025-ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള് 2026-ലെ ആദ്യ പാദത്തില് ആഭ്യന്തര സഞ്ചാരികളുടെ വരവില് 10.98 ശതമാനം വര്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദസറ-ദീപാവലി അവധിക്കാലത്തോടനുബന്ധിച്ചുള്ള പ്രധാന വിനോദസഞ്ചാര സീസണ് മുന്നില്ക്കണ്ട് കേരള ടൂറിസം ആകര്ഷകമായ ഒട്ടനവധി പദ്ധതികളും പാക്കേജുകളും ഡല്ഹിയില് നടന്ന പാര്ട്ണര്ഷിപ്പ് മീറ്റില് അവതരിപ്പിക്കുമ്പോഴായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.
വിനോദസഞ്ചാര മേഖലയ്ക്ക് വ്യവസായ പദവി നല്കുന്നതിനുള്ള നയരേഖ സംസ്ഥാന സര്ക്കാര് ഉടന് പ്രഖ്യാപിക്കാനിരിക്കെയാണ് ന്യൂഡല്ഹിയില് പാര്ട്ണര്ഷിപ്പ് മീറ്റ് നടന്നത്. ഈ തീരുമാനം സംസ്ഥാനത്തെ ട്രാവല്- ഹോസ്പിറ്റാലിറ്റി മേഖലയില് സുരക്ഷിതവും ലാഭകരവും സുസ്ഥിരവുമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംയുക്ത ടൂറിസം സര്ക്യൂട്ടുകള്
വ്യവസായ പദവി ടൂറിസം മേഖലയിലെ പങ്കാളികളുടെ ദീര്ഘകാല ആവശ്യമായിരുന്നുവെന്നും ഈ തീരുമാനം വലിയ തോതിലുള്ള നിക്ഷേപം ആകര്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് സന്ദേശത്തില് പറഞ്ഞു. രാജ്യത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി സഹകരിച്ച് പ്രവര്ത്തിക്കാനും സര്ക്കാരിന് പദ്ധതിയുണ്ട്.
ഇതിന്റെ ഭാഗമായി കര്ണാടക, തമിഴ്നാട് അതിര്ത്തികളോട് ചേര്ന്നുകിടക്കുന്ന വടക്കന് കേരളത്തിലെ വയനാട് ജില്ലയുടെ പ്രകൃതിഭംഗി, പൈതൃകം, കാര്ഷിക-സാംസ്കാരിക പാരമ്പര്യങ്ങള് എന്നിവയെ മുന്നിര്ത്തി സംസ്ഥാന ടൂറിസം വകുപ്പ് ഈ മാസം ആദ്യം ബ്രാന്ഡ് വയനാട് എന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു.
സമാന സവിശേഷതകളുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സംയുക്ത ടൂറിസം സര്ക്യൂട്ടുകള് സംബന്ധിച്ചുള്ള ആസൂത്രണങ്ങള് പുരോഗമിക്കുകയാണ്. കര്ണാടകയിലെ കൂര്ഗ്, മൈസൂരു, തമിഴ്നാട്ടിലെ നീലഗിരി ജില്ല, ശ്രീലങ്ക തുടങ്ങിയ പ്രദേശങ്ങളെ ഇതില് ഉള്പ്പെടുത്തുന്നത് പരിഗണനയിലുണ്ട്.
എ വണ്ടര്ഫുള് വേള്ഡ്
എ വണ്ടര്ഫുള് വേള്ഡ് എന്ന പ്രമേയത്തില് ഡല്ഹിയിലെ ദി ലളിത് ഹോട്ടലില് നടന്ന ബി2ബി നെറ്റ്വര്ക്കിംഗ് പരിപാടി കേരളം സന്ദര്ശിക്കേണ്ട അനുഭവവേദ്യ വിനോദസഞ്ചാര കന്ദ്രമായി മാറ്റുന്ന സവിശേഷതകളെ എടുത്തുകാട്ടി. കേരള ടൂറിസം അഡീഷണല് ഡയറക്ടര് (ജനറല്) സുമിത് കുമാര് ഠാക്കൂര് ഐഎഎസ് ആണ് ഇത്സംബന്ധിച്ച അവതരണം നടത്തിയത്.
സന്ദര്ശകരെ ആകര്ഷകമായ ഒട്ടേറെ സ്ഥലങ്ങളിലേക്കും അനുഭവങ്ങളിലേക്കും നയിക്കുന്ന പുതിയ പാക്കേജുകള് ഒരുക്കിയതിലൂടെ ഈ സീസണില് കൂടുതല് വിനോദസഞ്ചാരികളെ സ്വീകരിക്കാന് സംസ്ഥാനം സജ്ജമാണെന്ന് കേരള ടൂറിസം സെക്രട്ടറി ബിജു കെ പറഞ്ഞു.
രാജ്യത്തുടനീളം നടത്തിയ പ്രചാരണ പരിപാടികള്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും വരാനിരിക്കുന്ന ടൂറിസം സീസണില് അതിന്റെ ഗുണഫലങ്ങള് പ്രതിഫലിക്കുമെന്നും കേരള ടൂറിസം ഡയറക്ടര് എം. അഞ്ജന വ്യക്തമാക്കി.
Tags : KeralaTourism Tourists NewDelhi Domestic