കടവുംഭാഗം സിനഗോഗിന് നേരെ ആക്രമണമുണ്ടായപ്പോൾ, പ്രതി എബിൻ
കൊച്ചി: എറണാകുളം മാര്ക്കറ്റിലെ കടവുംഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില് കൂടുതല് അന്വേഷണം നടക്കുകയാണെന്ന് കൊച്ചി ഡിസിപി അരുണ് കെ. പവിത്രന്. പ്രതി എബിന് പോളിന്റെ ഫോണ് പരിശോധിച്ചപ്പോള് ദുരൂഹ സന്ദേശങ്ങള് കണ്ടെത്തിയതായും ഫോറന്സിക് പരിശോധനങ്ങള് നടക്കുന്നതായും ഡിസിപി മാധ്യമങ്ങളോട് പ്രതികരിച്ചു.
സിസിടിവി ഫൂട്ടേജുകള് പരിശോധിച്ചപ്പോഴാണ് തീകൊളുത്തി വീഡിയോ ചിത്രീകരിക്കുന്നത് കണ്ടെത്തിയത്. ഉച്ചയോടെ തന്നെ പ്രതിയെ കണ്ടെത്തുകയും പിടികൂടുകയും ചെയ്തു. ഫോണ് പരിശോധിച്ചപ്പോള്, പ്രതി ഒരുപാട് ടെലിഗ്രാം ഗ്രൂപ്പുകളില് അംഗമാണ്. ചില ഗ്രൂപ്പുകളില് തീയിട്ട സംഭവുമായി ബന്ധപ്പെട്ട മെസേജുകള് കണ്ടു.
അത് സംശയകരമായ കാര്യമാണ് അതില് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. സെന്ട്രല് ഏജന്സികളും അന്വേഷിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരാളുമായി ആശയവിനിമയം നടത്തിയത് കണ്ടെത്തിയിട്ടുണ്ട്. ഫോറന്സിക് പരിശോധനകളടക്കം നടത്തിയ ശേഷമേ കൂടുതല് വിവരങ്ങള് അറിയാന് പറ്റുകയുള്ളു.
ബോസ് എന്ന വ്യക്തിയെ കുറിച്ച് പ്രതി ചോദ്യം ചെയ്യലില് സൂചിപ്പിച്ച കാര്യമാണ്. ഏത് സ്ഥലത്തുള്ള വ്യക്തിയാണെന്ന് മനസിലായിട്ടില്ല. നിലവില് കൂടുതല് അന്വേഷണം നടക്കുകയാണെന്നും ഡിസിപി വ്യക്തമാക്കി. പ്രതിയുടെ വീട് പരിശോധിച്ചപ്പോള് ലഹരി മരുന്നുകള് കിട്ടിയതായും എന്ഡിപിഎസ് കേസ് രജിസ്റ്റര് ചെയ്തതായും പൊലിസ് പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച പുലര്ച്ചെ 2.30 ഓടെയായിരുന്നു കടവുഭാഗം സിനഗോഗിന് മുന്വശത്തുള്ള ബ്ലോസം നഴ്സറിയില് തീപിടിത്തം ഉണ്ടായത്. നീല നിറത്തിലുള്ള ഇഗ്നിസ് കാറിലെത്തിയ പ്രതി, വാഹനത്തില് നിന്ന് ഇറങ്ങി കൈവശമുണ്ടായിരുന്ന പെട്രോള് ഒഴിച്ച് തീയിടുകയും സംഭവത്തിന്റെ ദൃശ്യങ്ങള് സ്വന്തം മൊബൈല് ഫോണില് പകര്ത്തിയ ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
Tags : Fire Synagogue Suspect Accused DrugCase