ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
മാഡ്രിഡ്: സ്പെയിനിലെ പ്രധാന നഗരങ്ങളായ മാഡ്രിഡിനെയും ബാഴ്സലോണയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പാതയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ട്രെയിൻ ഗതാഗതം പൂർണമായി തടസപ്പെട്ടു.
തീപിടിത്തത്തെ തുടർന്ന് സർവീസുകൾ നിർത്തിവച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ സ്റ്റേഷനുകളിലും വഴികളിലുമായി മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും തിരക്കേറിയ അതിവേഗ ട്രെയിൻ റൂട്ടുകളിലൊന്നിലാണ് അപ്രതീക്ഷിതമായി ഈ അപകടം ഉണ്ടായത്.
റെയിൽവേ പാതയിലുണ്ടായ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ സുരക്ഷ മുൻനിർത്തി അധികൃതർ ഈ റൂട്ടിലൂടെയുള്ള എല്ലാ അതിവേഗ സർവീസുകളും അടിയന്തരമായി റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുകയായിരുന്നു.
സംഭവത്തെ തുടർന്ന് അഗ്നിശമന സേനയും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനും പാതയിലെ തകരാറുകൾ പരിഹരിക്കാനുമുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. സർവീസുകൾ തടസപ്പെട്ടതോടെ വിവിധ സ്റ്റേഷനുകളിൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
തകരാറുകൾ പൂർണമായും പരിഹരിച്ച ശേഷം മാത്രമേ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വഴിയിൽ കുടുങ്ങിയ യാത്രക്കാർക്കായി ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
Tags : Madrid–Barcelona High-Speed Rail Fire PassengersStranded