ബാര്ബല് ബാസ്
ബെര്ലിന്: ജര്മനിയിലെ രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ഫെഡറല് ലേബര് മന്ത്രിയും എസ്പിഡിയുടെ സഹഅധ്യക്ഷയുമായ ബാര്ബല് ബാസ് തന്റെ പദവികളില് നിന്ന് അപ്രതീക്ഷിതമായി രാജിവച്ചു.
വ്യക്തിപരമായ കാരണങ്ങളും മകളുടെ വിയോഗത്തെ തുടര്ന്നുണ്ടായ മാനസിക പ്രയാസങ്ങളുമാണ് രാജിക്ക് കാരണമായി അവര് വ്യക്തമാക്കിയത്. കൂടാതെ, ഭരണമുന്നണിയിലെ ഘടകകക്ഷികളില് നിന്നുള്ള നിരന്തരമായ രാഷ്ട്രീയ ആക്രമണങ്ങളും ഈ ഘട്ടത്തില് തന്നെ മാനസികമായി തളര്ത്തിയെന്നും അവര് തുറന്നുപറഞ്ഞു.
പാര്ലമെന്റിലെ തന്റെ എംപി സ്ഥാനം തുടര്ന്നും നിലനിര്ത്തുമെന്ന് അവര് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ലേബര് മന്ത്രിയായി അലക്സാണ്ടര് ഷൈവ്റ്റ്സര്
ബാര്ബല് ബാസിന്റെ രാജിക്ക് പിന്നാലെ, ഫെഡറല് ലേബര് മന്ത്രി സ്ഥാനത്തേക്ക് റൈന്ലാന്ഡ് - പാല്റ്റ്സ് മുന് മന്ത്രിപ്രധാനിയായ അലക്സാണ്ടര് ഷൈവ്റ്റ്സറെ നിയമിക്കാന് തീരുമാനമായിട്ടുണ്ട്. 53 വയസുകാരനായ ഷൈവ്റ്റ്സര് ചാന്സലര് ഫ്രീഡ്രിഷ് മെര്സിന്റെ മന്ത്രിസഭയിലേക്ക് ഔദ്യോഗികമായി ചുമതലയേല്ക്കും.
ചാന്സലറുടെയും നേതാക്കളുടെയും പ്രതികരണങ്ങള്
ബാര്ബല് ബാസിന്റെ തീരുമാനം വലിയൊരു ഞെട്ടലാണ് സര്ക്കാരിന് നല്കിയിരിക്കുന്നത്. സാക്സോണി - അന്ഹാള്ട്ട്, മെക്ലെന്ബുര്ഗ് - വെസ്റ്റ് പൊമേറേനിയ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തിരിച്ചടികള്ക്ക് പിന്നാലെയാണ് ഈ രാജി.
ചാന്സലര് ഫ്രീഡ്രിഷ് മെര്സ് ബാര്ബല് ബാസിന്റെ തീരുമാനത്തോട് ആദരവ് പ്രകടിപ്പിക്കുകയും സര്ക്കാരിനൊപ്പം അവര് നടത്തിയ വിശ്വസ്തമായ പ്രവര്ത്തനങ്ങള്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ഒരു പിതാവെന്ന നിലയില് ആ വേര്പാടിന്റെ നോവ് തനിക്ക് മനസിലാക്കാന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ബാസിന്റെ രാജിയില് എസ്പിഡി സഹഅധ്യക്ഷന് ലാര്സ് ക്ലിംഗ്ബെയിലും കടുത്ത വേദന രേഖപ്പെടുത്തുകയും അവര്ക്കെതിരേ ഉണ്ടായ രാഷ്ട്രീയ ആക്രമണങ്ങള് അനുചിതമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
Tags : BarbelBas GermanLabourMinister Resign Politics