നീരജ്
കാസർഗോഡ്: നീലേശ്വരം അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർഥി നീരജ് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. നീരജിന്റെ ആത്മഹത്യയിൽ ബാഹ്യസമ്മർദം ഉണ്ടായിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
സംഭവ ദിവസം നീരജിനെ ആരോ ഫോൺ വിളിച്ച് വീട്ടിൽ നിന്ന് ഇറക്കിയിരുന്നെന്നും പിന്നീട് മടങ്ങി എത്തുമ്പോൾ വലിയ മാനസിക സമ്മർദത്തിലായിരുന്നെന്നും സുഹൃത്ത് പറഞ്ഞതായി ബന്ധുക്കൾ വെളിപ്പെടുത്തി. നടന്നുവരുന്നത് കണ്ട് സുഹൃത്ത് വണ്ടിയിൽ കയറുന്നോ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നടന്നു പോയെന്നും സുഹൃത്ത് ബന്ധുക്കളോട് പറഞ്ഞു.
വീട്ടിൽ മടങ്ങിയെത്തിയതിന് ശേഷമാണ് ജീവനൊടുക്കിയത്. ഒരു പെൺകുട്ടിയുമായി അടുപ്പമുള്ളതിന്റെ പേരിൽ സ്കൂളിൽ നിന്നും സമ്മർദമുണ്ടായിരുന്നതായും, ഒരു അധ്യാപകൻ മണിക്കൂറുകളോളം സ്റ്റോർ റൂമിൽ പൂട്ടിയിട്ടതായും സഹോദരനോട് നീരജ് പറഞ്ഞിരുന്നു.
നീരജ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവംബർ ഒന്നിന് ആയിരുന്നു നീരജിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Tags : Kasargodu Neeleshwaram Police Investigation CaseFile FIR