ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തലായി അമേരിക്കയിൽ ഇന്ന് ഇടക്കാല തെരഞ്ഞെടുപ്പ്. ഭരണത്തിലിരിക്കുന്ന പ്രസിഡന്റിനുള്ള ജനവിധിയാണ് അമേരിക്കയിൽ സാധാരണയായി ഇടക്കാല തെരഞ്ഞെടുപ്പുകൾ.
എന്നാൽ ഇന്നു നടക്കുന്ന തെരഞ്ഞെടുപ്പ് ഒരു പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കംകുറിക്കുന്ന നിർണായക വഴിത്തിരിവായി മാറിയേക്കാം. ഇത് ട്രംപ് തരംഗത്തിന്റെ ഗതി നിർണയിക്കുകയോ അല്ലെങ്കിൽ അതിന്റെ തകർച്ചയ്ക്ക് തുടക്കമിടുകയോ ചെയ്യാം. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ഡെമോക്രാറ്റിക് പാർട്ടിക്ക് തിരിച്ചുവരവിനുള്ള അവസരംകൂടിയാണിത്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ട്രംപ് നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങൾ, ഫെഡറൽ ഏജൻസികളുടെ ഘടന മാറ്റൽ, രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള നടപടികൾ എന്നിവയ്ക്കുള്ള ജനവിധിയാകുമിത്. വിദേശനയത്തിൽ ‘അമേരിക്ക ഫസ്റ്റ്’ ദേശീയത ഉയർത്തിപ്പിടിച്ച ട്രംപ്, പുതിയ മധ്യപൂർവദേശ യുദ്ധത്തിന് വഴിവച്ചതും റഷ്യൻ-ചൈനീസ് ഭരണാധികാരികളുമായുള്ള അടുപ്പവും വോട്ടർമാർ വിലയിരുത്തും.
അതേസമയം, ജോ ബൈഡൻ ഭരണകൂടത്തിന്റെ കാലത്തെ ഉയർന്ന പണപ്പെരുപ്പവും അതിർത്തി സുരക്ഷയിലെ വീഴ്ചകളും കാരണം പ്രതിച്ഛായ മങ്ങിയ ഡെമോക്രാറ്റുകൾക്കും ഈ തെരഞ്ഞെടുപ്പ് പരീക്ഷണമാണ്.
2028 തെരഞ്ഞെടുപ്പിലേക്കുള്ള ദിശാസൂചിക
ഇടക്കാല തെരഞ്ഞെടുപ്പ് ഫലം യുഎസ് സാമ്പത്തിക വിപണിയെയും 2028ൽ നടക്കാനിരിക്കുന്ന അടുത്ത യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയതന്ത്രങ്ങളെയും ഒരുപോലെ സ്വാധീനിക്കും. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ദിശാസൂചികയായും ഇതു മാറും.
ഒരു അമേരിക്കൻ പ്രസിഡന്റിന്റെ നാലു വർഷത്തെ ഭരണകാലയളവിന്റെ കൃത്യം പകുതിയിലാണ് (രണ്ടാം വർഷത്തിൽ) ഇടക്കാല തെരഞ്ഞെടുപ്പു നടക്കുന്നത്. ഇതിൽ ജനപ്രതിനിധി സഭയിലെ മുഴുവൻ 435 സീറ്റുകളിലേക്കും സെനറ്റിലെ ഏകദേശം മൂന്നിലൊന്ന് ( 34) സീറ്റുകളിലേക്കും മത്സരം നടക്കുന്നു.
സഭകൾക്കു പുറമെ 36 സംസ്ഥാനങ്ങളിലെ 39 ഗവർണർ പദവികളിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കുന്നുണ്ട്.
തെരഞ്ഞെടുപ്പുഫലം ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും ഭൂരിപക്ഷം നിർണയിക്കുന്നതിനൊപ്പം, വിവിധ സംസ്ഥാന ഗവർണർ പദവികളിലും പ്രാദേശിക ഭരണകേന്ദ്രങ്ങളിലും ആര് അധികാരത്തിലേറണമെന്നതും നിശ്ചയിക്കും. ഇന്ത്യയിലെ പാർലമെന്ററി സമ്പ്രദായത്തിൽനിന്ന് വേറിട്ടുനിൽക്കുന്ന അമേരിക്കൻ പ്രസിഡൻഷ്യൽ ഭരണക്രമത്തിൽ, ഭരണത്തലവന്റെ കാലാവധിയുടെ പകുതിയിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പ് സർക്കാരിന്റെ ആഭ്യന്തര-വിദേശ നയങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോന്നതാണ്.
വോട്ടെടുപ്പു കഴിയുന്നതോടെ വോട്ടെണ്ണൽ ആരംഭിക്കും. അതിനാൽത്തന്നെ ഇന്നു രാത്രിയോടെ ഫലസൂചനകൾ വ്യക്തമാകും. നാളെ രാത്രിയോടെ അന്തിമഫലം ലഭ്യമാകും.
ട്രംപിന്റെ ജനപ്രീതിയും വോട്ടർമാരുടെ ഉത്കണ്ഠയും
ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങൾക്കും ഭാവി രാഷ്ട്രീയനീക്കങ്ങൾക്കും വഴിത്തിരിവാകുന്നതാണ് ഈ തെരഞ്ഞെടുപ്പ്. ജനപ്രതിനിധിസഭയിലും സെനറ്റിലും നിലവിലുള്ള നേരിയ ഭൂരിപക്ഷം നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടി കടുത്ത പോരാട്ടം നേരിടുമ്പോൾ, ഇരുസഭകളുടെയും ഭരണം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് എതിരാളികളായ ഡെമോക്രാറ്റുകൾ.
നിലവിൽ 435 അംഗ ജനപ്രതിനിധി സഭയിൽ 218-214 എന്ന നേരിയ ഭൂരിപക്ഷവും 100 അംഗ സെനറ്റിൽ 53-47 എന്ന ഭൂരിപക്ഷവുമാണ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. ഇരുസഭകളുടെയും ഭരണം പിടിച്ചെടുക്കാൻ ഡെമോക്രാറ്റിക് പാർട്ടിക്ക് ഇനി നാല് സീറ്റുകൾ വീതം അധികമായി വിജയിക്കേണ്ടതുണ്ട്.
സെപ്റ്റംബറിലെ സർവേകൾ പ്രകാരം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതി 32 ശതമാനത്തിലേക്കു താഴ്ന്നത് റിപ്പബ്ലിക്കൻ പാർട്ടിക്കു തിരിച്ചടിയാണ്.
പ്രതീക്ഷയോടെ ഡെമോക്രാറ്റുകൾ
ജനപ്രീതി കുറഞ്ഞ റിപ്പബ്ലിക്കൻ പ്രസിഡന്റ്, വർധിച്ചുവരുന്ന ജീവിതച്ചെലവിൽ അസംതൃപ്തരായ ജനത, മാസങ്ങളായി തങ്ങൾക്ക് അനുകൂലമായി നിലകൊള്ളുന്ന അഭിപ്രായസർവേകൾ എന്നിവയെല്ലാം വോട്ടെടുപ്പിൽ തങ്ങൾക്കു നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റിക് പാർട്ടി.
ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റിക് പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത്. കൂടാതെ, നിർണായകമായ സെനറ്റ് തെരഞ്ഞെടുപ്പിൽ ഒപ്പത്തിനൊപ്പമോ നേരിയ വ്യത്യാസത്തിൽ മുന്നിലോ ആണ്.
ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയാൽ ഡെമോക്രാറ്റിക് നേതാവ് ഹകീം ജെഫ്രീസ് ജനപ്രതിനിധി സഭാ സ്പീക്കറാകും. ഈ പദവിയിലെത്തുന്ന ആദ്യ കറുത്ത വർഗക്കാരനായി അദ്ദേഹം മാറും. മാത്രമല്ല, ട്രംപ് ഭരണകൂടത്തിനെതിരേയുള്ള അന്വേഷണങ്ങൾ ശക്തമാക്കാനും നികുതി, ആഭ്യന്തര നയങ്ങളിൽ തടസങ്ങൾ സൃഷ്ടിക്കാനും ഡെമോക്രാറ്റുകൾക്കു സാധിക്കും.
സെനറ്റിൽ കടുത്ത മത്സരമാണു നടക്കുന്നത്. മെയ്ൻ, ഒഹായോ, നോർത്ത് കരോലിന, ഐവ, ജോർജിയ, ടെക്സസ്, മിഷിഗൺ എന്നീ സംസ്ഥാനങ്ങളിലെ മത്സരഫലങ്ങൾ നിർണായകമാകും.
57 ഇന്ത്യൻ വംശജരും മത്സരരംഗത്ത്
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ 57 ഇന്ത്യൻ വംശജരായ സ്ഥാനാർഥികളുമുണ്ട്. യുഎസ് കോൺഗ്രസ്, സംസ്ഥാന ഗവർണർ, അറ്റോർണി ജനറൽ പദവികൾ മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വരെ നീളുന്നതാണ് ഇവരുടെ പോരാട്ടം. യുഎസ് പ്രതിനിധിസഭയിലേക്ക് 11 പേരും വിവിധ സംസ്ഥാന നിയമസഭകളിലേക്ക് 36 പേരും ജനവിധി തേടുന്നു. അമേരിക്കൻ രാഷ്ട്രീയത്തിലും നയരൂപീകരണത്തിലും ഇന്ത്യൻ സമൂഹത്തിന്റെ വർധിച്ചുവരുന്ന സ്വാധീനമാണ്ഇതു വ്യക്തമാക്കുന്നത്.
ഒഹായോ ഗവർണർ പദവിയിലേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ നേതാവ് വിവേക് രാമസ്വാമി, ലോസ് ആഞ്ചലസ് മേയർ സ്ഥാനത്തേക്കു പോരാടുന്ന നിത്യ രാമൻ എന്നിവരുടെ മത്സരങ്ങൾ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നുണ്ട്.
റോ ഖന്ന, പ്രമിള ജയപാൽ, ഡോ. അമി ബെറ, സുഹാസ് സുബ്രഹ്മണ്യം എന്നീ നിലവിലെ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗങ്ങളും വീണ്ടും സഭയിലേക്ക് മത്സരിക്കുന്നുണ്ട്. രണ്ടു പ്രധാന മണ്ഡലങ്ങളിൽ ഇന്ത്യൻ വംശജർ തമ്മിലാണ് നേരിട്ടുള്ള പോരാട്ടം.
വാഷിംഗ്ടൺ സംസ്ഥാനത്തെ ഏഴാം കോൺഗ്രഷണൽ മണ്ഡലത്തിൽ സിറ്റിംഗ് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം പ്രമീള ജയപാലിനെ നേരിടുന്നത് റിപ്പബ്ലിക്കൻ സ്ഥാനാർഥി നീരവ് സേത്താണ്. ജനപ്രതിനിധി സഭയിലേക്ക് രണ്ട് ഇന്ത്യൻ വംശജർ പരസ്പരം ഏറ്റുമുട്ടുന്ന അപൂർവ മത്സരങ്ങളിലൊന്നാണിത്.
ഡെമോക്രാറ്റിക് പാർട്ടിക്ക് പ്രബലമായ സ്വാധീനമുള്ള മണ്ഡലത്തിൽ ആറാം തവണയും വിജയം തേടിയാണ് 60കാരിയായ പ്രമീള ജയപാൽ മത്സരരംഗത്തുള്ളത്.
വാഷിംഗ്ടണിനു പുറമെ കലിഫോർണിയയിലെ 17-ാം കോൺഗ്രഷണൽ മണ്ഡലത്തിൽ (സിലിക്കൺ വാലി ഉൾപ്പെടുന്ന പ്രദേശം) സിറ്റിംഗ് ഡെമോക്രാറ്റിക് അംഗം റോ ഖന്ന ആറാം തവണയും ജനവിധി തേടുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഇന്ത്യൻ വംശജൻ റിതേഷ് ടണ്ടനാണ് ഇവിടെ റോ ഖന്നയുടെ പ്രധാന എതിരാളി.