പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിൽ നിർണായക മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. സൈന്യത്തിലെ അഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടുമെന്ന് സംയുക്ത സൈനിക മേധാവി (സിഡിഎസ്) ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി പ്രഖ്യാപിച്ചു.
പദ്ധതിപ്രകാരം നാല് വർഷത്തിനുശേഷം വിരമിക്കേണ്ടിവരുന്ന 75 ശതമാനം അഗ്നിവീറുകൾക്കും രണ്ടു വർഷത്തെ അധിക കാലാവധി നൽകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മികവിന്റെ അടിസ്ഥാനത്തിൽ ബാക്കിയുള്ള 25 ശതമാനം പേരെ മുന്പ് അറിയിച്ചതുപോലെതന്നെ സൈന്യത്തിൽ സ്ഥിരപ്പെടുത്തും.
അഗ്നിവീറുകളുടെ കാലാവധി പൂർത്തിയാകുമ്പോൾ എല്ലാ സേനാവിഭാഗങ്ങളിൽനിന്നുമായി 18,000ത്തിലധികം സൈനികർ ഒരുമിച്ച് വിരമിക്കുന്നത് സേനയിൽ വലിയ പ്രതിസന്ധിക്കിടയാക്കുമെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം.
ആദ്യബാച്ചിൽ കരസേനയിൽ ഏകദേശം 19,000, വ്യോമസേനയിൽ 2,850, നാവികസേനയിൽ 3,000 എന്നിങ്ങനെ അഗ്നിവീറുകളാണ് സേവനത്തിലുള്ളത്. അധിക കാലാവധിയിൽ സൈന്യത്തിൽ തുടരണമോ എന്നത് പൂർണമായും അതത് സൈനികരുടെ താത്പര്യത്തിനു വിധേയമായിരിക്കും.
ഡിസംബറിൽ കാലാവധി പൂർത്തിയാകും
2022 ജൂൺ 14നാണ് കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി ആരംഭിച്ചത്. നാവികസേനയിലെ ആദ്യബാച്ച് ഈ മാസം 21നും വ്യോമസേനയിലേത് ഡിസംബർ 21നും കരസേനയിലേതു ഡിസംബർ 31നും നാലുവർഷത്തെ കാലാവധി പൂർത്തിയാകാനിരിക്കെയാണ് പുതിയ പ്രഖ്യാപനം.
Tags : Agniveers Tenure Extended Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash