അഭിരാമിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ.
കഴക്കൂട്ടം: ഹൃദയം നുറുങ്ങുന്ന നൊമ്പരം ബാക്കിയാക്കി അഭിരാം മടങ്ങി. പ്രണയപ്പക നിറഞ്ഞവരുടെ കൊലക്കെണിയിൽ ജീവൻ നഷ്ടപ്പെട്ട അഭിരാമിന്റെ (17) മൃതദേഹം ഇന്നലെ വൻ ജവാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
മൃതദേഹം പാങ്ങപ്പാറ സംഗീത നഗറിലെ വാടക വീട്ടിൽ എത്തിച്ചപ്പോൾ അമ്മയുടെയും സഹോദരിയുടെയും നിലവിളി കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.
“നിന്റെ അച്ഛനും അമ്മയും അടുത്തുണ്ട്, കണ്ണു തുറക്കെടാ മോനേ... എന്നു പറഞ്ഞ് വാവിട്ട് നിലവിളിച്ച അമ്മ ധർമജയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും നാട്ടുകാരും പ്രയാസപ്പെട്ടു. ദുബായിൽ ഹോസ്റ്റൽ വാർഡനായി ജോലിനോക്കുന്ന ധർമജ മകന്റെ മരണം വിവരമറിഞ്ഞ് തിങ്കളാഴ്ചയാണ് നാട്ടിലെത്തിയത്.
അഭിരാമിന്റെ സഹോദരി ഗൾഫിൽ നഴ്സായി ജോലി ചെയ്യുന്ന ആര്യ നാട്ടിൽ എത്താൻ വൈകിയതിനെത്തുടർന്നാണ് സംസ്കാരം നീട്ടിവച്ചത്. മൃതദേഹം ഇന്നലെ 10.30ഓടെ വീട്ടിൽ എത്തിക്കുമ്പേഴേക്കും വാടകവീടും പരിസരവും നാട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹപാഠികളെയുംകൊണ്ട് നിറഞ്ഞിരുന്നു.
മർദനമേറ്റ് കരുവാളിച്ച മകന്റെ മൃതദേഹം കണ്ടശേഷം നിലവിളിയോടെ ബോധരഹിതയായ ധർമജയെ ബന്ധുക്കൾ താങ്ങിയെടുത്തു. മകന്റെ മൃതദേഹം കണ്ട പിതാവ് മധുകുമാറും ദുഃഖം താങ്ങാനാവാതെ തളർന്നു.
Tags : Abhiram Farewell Tearful Bids community Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash VengefulLove