പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ ഡിസി: പേപ്പർ ബാലറ്റ് ഉപയോഗിച്ചുള്ള വോട്ടെടുപ്പ് എന്നു കേൾക്കുമ്പോൾ വോട്ടെണ്ണാനും ഫലമറിയാനും ദിവസങ്ങൾ കാത്തിരിക്കണമെന്ന് കരുതുന്നവർക്കു മുന്നിൽ അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ എപ്പോഴും അദ്ഭുതമാണ്.
ജനപ്രതിനിധി സഭ, സെനറ്റ്, ഗവർണർ പദവികളിലേക്ക് കോടിക്കണക്കിന് ആളുകൾ വോട്ട് രേഖപ്പെടുത്തിയിട്ടും മണിക്കൂറുകൾക്കകം ഫലം പുറത്തുവരുന്നതിനു പിന്നിൽ അത്യന്തം കൃത്യതയാർന്ന സാങ്കേതികവിദ്യയും ആസൂത്രണവുമാണ്. പേപ്പർ ബാലറ്റിൽ വോട്ടർമാർ രേഖപ്പെടുത്തുന്ന അടയാളങ്ങൾ എണ്ണുന്നത് മനുഷ്യരല്ല.
പോളിംഗ് ബൂത്തുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുള്ള അൾട്രാ ഹൈ സ്പീഡ് ഓപ്റ്റിക്കൽ സ്കാനറുകളിലൂടെ ബാലറ്റ് പേപ്പറുകൾ കടത്തിവിട്ടാണ് വോട്ടുകൾ നിമിഷങ്ങൾക്കകം മെഷീനുകൾ തനിയെ കൂട്ടിയെടുക്കുന്നത്. തർക്കങ്ങളോ പുനഃപരിശോധനയോ വേണ്ടിവന്നാൽ ഒറിജിനൽ ബാലറ്റ് പേപ്പറുകൾ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യും.
മുൻകൂട്ടിയുള്ള വോട്ടിംഗും പരിശോധനയും
തെരഞ്ഞെടുപ്പ് ദിനത്തിന് ആഴ്ചകൾക്കു മുമ്പുതന്നെ കോടിക്കണക്കിന് ആളുകൾ പോസ്റ്റൽ ബാലറ്റുകൾ വഴിയോ നേരിട്ടോ വോട്ട് രേഖപ്പെടുത്താറുണ്ട്.
പോളിംഗ് ദിനത്തിന് മുമ്പുതന്നെ ഇത്തരം ബാലറ്റുകളുടെ കവറുകൾ പൊളിച്ച്, വോട്ടറുടെ വിവരങ്ങളും ഒപ്പും പരിശോധിച്ച് സ്കാൻ ചെയ്യാൻ പാകത്തിൽ തയാറാക്കി വയ്ക്കാൻ നിയമപരമായി അനുവാദമുണ്ട്. അതിനാൽ വോട്ടെടുപ്പ് കഴിയുമ്പോഴേക്കും വലിയൊരു ഭാഗം ജോലികളും പൂർത്തിയായിട്ടുണ്ടാകും.
രാജ്യത്തുടനീളമുള്ള 10,000ത്തോളം പ്രാദേശിക കൗണ്ടികളിൽ ഒരേസമയം വോട്ടെണ്ണൽ നടക്കുകയും ഈ വിവരങ്ങൾ തത്സമയം കേന്ദ്രങ്ങളിലേക്ക് കൈമാറുകയും ചെയ്യുന്നു.
ഔദ്യോഗിക ഫലം പ്രഖ്യാപിക്കുന്നതിന് മുന്പുതന്നെ പ്രമുഖ മാധ്യമങ്ങൾ കൃത്യമായ ഗണിതശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ വിജയികളെ പ്രഖ്യാപിക്കാറുണ്ട്.
ഉദാഹരണത്തിന്, ഒരു സ്ഥാനാർഥി ഒരു ലക്ഷം വോട്ടിന് മുന്നിൽ നിൽക്കെ ഇനി എണ്ണാനുള്ളത് 20,000 വോട്ടുകൾ മാത്രമാണെങ്കിൽ എതിരാളിക്ക് ബാക്കി എല്ലാ വോട്ട് ലഭിച്ചാലും ജയിക്കില്ലെന്ന് ഉറപ്പാണ്. ഇത്തരം സാഹചര്യങ്ങളിൽ മാധ്യമങ്ങൾ മുൻകൂട്ടി വിജയിയെ പ്രഖ്യാപിക്കുന്നു.
Tags : Ballots Lightning Fast PaperBallots Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash