Kerala
കോഴിക്കോട്: കുന്ദമംഗലത്ത് ശക്തമായ ഇടിമിന്നലില് വ്യാപക നാശനഷ്ടം. കളരിക്കണ്ടിയില് വീട്ടമ്മയ്ക്ക് മുഖത്ത് പരിക്കേല്ക്കുകയും വീടുകള്ക്ക് കേടുപാടുകള് സംഭവിക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. അടുക്കളയില് പാല്പാത്രം എടുക്കാനായി പോയപ്പോഴാണ് ചെറുപൈക്കാട്ട് ഗീത (60) യ്ക്ക് പരിക്കേറ്റത്. വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ബോര്ഡ് പൊട്ടിത്തെറിച്ച് മുഖത്തേക്ക് തെറിക്കുകയായിരുന്നു.
കളരിക്കണ്ടി ഒഴിയില് ഭാഗത്ത് ചേനോത്ത് സജീവന്റെ വീട് ഉള്പ്പെടെ നാലോളം വീടുകള്ക്ക് കേടുപാടുകള് സംഭവിച്ചു. വീടിന്റെ ചുമര് തകര്ന്നിട്ടുണ്ട്. ഇടിമിന്നലിന്റെ ആഘാതത്തില് ഭൂമി കുഴിഞ്ഞ് ഗര്ത്തം ഉണ്ടായതായി പ്രദേശവാസികള് പറഞ്ഞു.
വീടുകളിലെ വയറിംഗ് കത്തിനശിക്കുകയും മോട്ടോര് കത്തിപ്പോകുകയും ചെയ്തു. മെയിന് സ്വിച്ച് ബോര്ഡുകളും കത്തിനശിച്ചു. ഫാന്, ലൈറ്റുകള് തുടങ്ങിയവ കേടായി. കെഎസ്ഇബി അധികൃതര് എത്തി വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്നും ശനിയാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരുംമണിക്കൂറിൽ കണ്ണൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശനിയാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
കൂടാതെ, ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരുംമണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
National
ലക്നോ: ഇടിമിന്നലേറ്റതിനെത്തുടർന്ന് പാറ്റ്നയിൽ നിന്ന് ലക്നോവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനം ലക്നോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ബുധനാഴ്ച രാത്രി 17,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് വിമാനത്തിന് മിന്നലേറ്റത്.
മിന്നലേറ്റ് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് നിശ്ചയിച്ച സമയത്തിന് എട്ടുമിനിറ്റ് മുൻപേ വിമാനം സുരക്ഷിതമായി താഴെയിറക്കുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 104 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക പരിശോധനകളും ഡിജിസിഎയുടെ അനുമതിയും ലഭിച്ചതിന് ശേഷം മാത്രമേ ഈ വിമാനം വീണ്ടും സർവീസുകൾക്കായി ഉപയോഗിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
Kerala
കൊച്ചി: പെരുമ്പാവൂരില് ഇടിമിന്നലേറ്റ് കുട്ടിക്ക് പൊള്ളലേറ്റു. ഇന്നലെയുണ്ടായ മിന്നലില് പത്തോളം വീടുകള്ക്കും കേടുപാടുകള് സംഭവിച്ചു.
രാത്രി 11.30 ഓടെയുണ്ടായ ഇടി മിന്നലില് വെങ്ങോല പാലയ്ക്കുന്ന് സാറമ്മയുടെ വീട്ടിലെ ഫാനും സ്വിച്ചും പൊട്ടിത്തെറിക്കുകയും കട്ടിലില് കിടന്ന കുട്ടിയുടെ മേലേക്ക് തീപ്പൊരി വീഴുകയുമായിരുന്നു.
ഈ വീടിന് മുന്നില് മിന്നലില് ഒരു ഗര്ത്തവും രൂപപ്പെട്ടു. വീടിന്റെ ഭിത്തിയുടെ ഒരു ഭാഗവും തകര്ന്നു പോയിട്ടുണ്ട്. കൂടാതെ പത്തോളം വീടുകളിലെ ഇലക്ട്രിക്് ഉപകരണങ്ങള് നശിച്ചു. മേല്ക്കൂരയുടെ ഒരു ഭാഗവും തകര്ന്നിട്ടുണ്ട്.
Kerala
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആനയാണ് ഇടിമിന്നലേറ്റ് ചരിഞ്ഞത്. ഇന്ന് വൈകിട്ടാണ് മിന്നലേറ്റ് ആനയ്ക്ക് ഗുരുതര പരിക്കേറ്റത്.
രാജേഷ് പല്ലാട്ടിന്റെ വീട്ടുപരിസരത്തായിരുന്നു ആനയെ തളച്ചിരുന്നത്. അപകടത്തിന് പിന്നാലെ മൃഗഡോക്ടറെത്തി മരണം സ്ഥീരികരിക്കുകയായിരുന്നു. അരുണാചൽ വനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതാണ് പല്ലാട്ട് ബ്രഹ്മദത്തനെ. ഏകദേശം 45 വയസാണ് പ്രായം.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലിലും പൊന്മുടിയിലുമുണ്ടായ ഇടിമിന്നലിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുന്നത്തുകാൽ സ്വദേശി വിൻസെന്റാണ് മരിച്ചത്.
വീട്ടുപണിയിൽ ഏർപ്പെട്ടിരുന്നതിനിടയിലാണ് വിൻസെന്റിനും മറ്റ് രണ്ട് പേർക്കും മിന്നലേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊന്മുടിയിലെ പാർക്കിംഗ് സ്ഥലത്തുണ്ടായിരുന്ന വനം വകുപ്പ് താൽക്കാലിക ജീവനക്കാരനായ കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർക്കും (മണിയൻ - 67) ഇടിമിന്നലേറ്റു. അദ്ദേഹത്തെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
പാറ്റ്ന: ബിഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഇടിമിന്നലിൽ ഒമ്പത് പേർ മരിച്ചു. ബങ്ക, ലഖിസരായി, പാറ്റ്ന എന്നീ മൂന്ന് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബങ്ക ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളും ഉൾപ്പെടെ അഞ്ച് പേർ ഇടിമിന്നലേറ്റു മരിച്ചു. പൊറായി ഗ്രാമത്തിൽ വീടിന് പുറത്തുനിന്നിരുന്ന കുശ്മി ദേവി (45), റിങ്കു ദേവി (35), രേണു ദേവി (38) എന്നിവരാണ് മിന്നലേറ്റു മരിച്ചത്. സിരായി ഗ്രാമവാസിയായ സുരേഷ് യാദവ് പാടത്തേക്ക് പോകുംവഴി കുളത്തിനരികിൽ വച്ചും, കാസി കൈരി ഗ്രാമത്തിലെ സുഫിയാന ഖാത്തൂൻ (50) പാടത്തുണ്ടായിരുന്ന തൊഴിലാളികൾക്ക് പ്രഭാതഭക്ഷണം നൽകി മടങ്ങിവേയും ഇടിമിന്നലേറ്റ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. ലഖിസരായിയിൽ മൂന്ന് പേരും പാറ്റ്നയിൽ ഒരാളുമാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ച് വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി സമ്രാട്ട് ചൗധരി അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്.
അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കൂടാതെ, ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മൂന്നു മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ശനിയാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും ശനിയാഴ്ചയും കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Sports
ബാങ്കോക്ക്: തെക്കൻ തായ്ലൻഡിൽ ഫുട്ബോൾ മത്സരത്തിനിടെ മൈതാനത്തുണ്ടായ ഇടിമിന്നലേറ്റ് ഫുട്ബോൾ താരം മരിച്ചു. മത്സരത്തിൽ പങ്കെടുത്ത 12 കളിക്കാർക്ക് പരിക്കേറ്റു.
തായ്ലൻഡിലെ മൂന്നാം ഡിവിഷൻ ക്ലബ്ബായ യാല എഫ്സിയുടെ വിംഗറും സാംകോൾട്സ് ടീം അംഗവുമായ സോഫ്വാൻ അവേ(24) ആണ് ദാരുണമായി മരിച്ചത്.
ചൊവ്വാഴ്ച സുംഗായ് ഗോലോക്കിലെ ശാന്തിപാപ് സ്റ്റേഡിയത്തിൽ പ്രാദേശിക ടൂർണമെന്റായ ‘ഗോലോക് എഫ്എ കപ്പ്’മത്സരത്തിനിടെയായിരുന്നു സംഭവം.
വൻ ശബ്ദത്തോടെ മൈതാനത്ത് മിന്നലടിക്കുന്നതിന്റെയും താരം നിലത്തുവീഴുന്നതിന്റെയും ഭയാനകമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഉടൻതന്നെ സഹകളിക്കാർ ഓടിയെത്തി പ്രഥമശുശ്രൂഷ നൽകുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും തിങ്കളാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരുംമണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും തിങ്കളാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ - വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിലായി രൂപപ്പെട്ട പുതിയ ന്യൂനമർദം അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറൻ രാജസ്ഥാനും സമീപപ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ന്യൂനമർദം അതേ മേഖലയിൽ തന്നെ തുടരുന്നു. ഇവയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നത്.
ബുധനാഴ്ച വരെ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
കൊച്ചി: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രണ്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കൂടാതെ, വരുംമണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഞായറാഴ്ച വരെ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഇന്ന് കർണാടക തീരം അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരുംമണിക്കൂറിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ്നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു.
പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങൾക്കും അതിനോട് ചേർന്നുള്ള ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നു. വരുംമണിക്കൂറുകളിൽ ഇത് ക്രമേണ ദുർബലമാകാനാണ് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇന്നും ഞായറാഴ്ചയും മധ്യ അറബിക്കടൽ, അതിനോട് ചേർന്ന വടക്കൻ & തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ തീരങ്ങൾ, തെക്കൻ ഗുജറാത്ത് തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
ഇന്ന് വടക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ & മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ബുധനാഴ്ചയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗ്ലാദേശ് തീരങ്ങൾക്കും മുകളിലായി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴയെത്തുന്നത്.
അതേസമയം, കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരങ്ങൾ, വടക്കൻ ഗുജറാത്ത് തീരം അതിനോട് ചേർന്ന തെക്കൻ ഗുജറാത്ത് തീരം, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
District News
കല്ലൂര്: പാറക്കാട് ഉന്നതിയില് ഇന്നലെ രാവിലെയുണ്ടായ ഇടിമിന്നലില് രണ്ടു വീടുകള്ക്കു നാശം സംഭവിച്ചു.
മുളങ്ങാട്ടുകര കുട്ടപ്പന്, പുതിയേടത്ത് സദന് എന്നിവരുടെ വീടുകള്ക്കാണ് ഇടിമിന്നലേറ്റത്. ഇന്നലെ രാവിലെ പതിനൊന്നോടെയുണ്ടായ ശക്തമായ മഴയ്ക്കിടെയായിരുന്നു സംഭവം. വലിയ മുഴക്കത്തോടെയാണ് ഇടിമിന്നല് വീടുകളില് പതിച്ചതെന്ന് വീട്ടുകാര് പറഞ്ഞു. വീട്ടുകാര് പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.
വൈദ്യുതോപകരണങ്ങളും വൈദ്യുത സാമഗ്രികളും നശിച്ചു. മതിലിന്റെ ഒരു ഭാഗം തകര്ന്നു. ഇടിമിന്നലില് ഇരുവീടുകളിലെയും വൈദ്യുതി സര്വീസ് വയറുകള്, വീടിനുള്ളിലെ വയറിംഗ്, സ്വിച്ച് ബോര്ഡുകള് എന്നിവ കത്തിനശിച്ചു. കൂടാതെ ടൈലുകള് തകര്ന്നതോടൊപ്പം കുട്ടപ്പന്റെ വീട്ടിലെ മതിലിന്റെ ഒരു ഭാഗവും ഇടിഞ്ഞു. കെഎസ്ഇബി അധികൃതര് സ്ഥലത്തെ ത്തി.
തൃക്കൂര് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പോള്സണ് തെക്കുംപീടിക, പഞ്ചായത്ത് അംഗം സന്ദീപ് കണിയത്ത് എന്നിവര് സ്ഥലത്തെത്തി നാശനഷ്ടങ്ങള് വിലയിരുത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. വടക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദമേഖലയും സ്ഥിതിചെയ്യുന്നു.
ഇത് കുറച്ചു സമയത്തേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും, അതിനുശേഷം ദിശ മാറി വടക്ക്-കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്നും വ്യാഴാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്നും വ്യാഴാഴ്ചയും കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.
അതേസമയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കൂടാതെ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്നുമുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നുമുതൽ വ്യാഴാഴ്ച വരെ കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
International
ഹൂസ്റ്റൺ: കൻസാസ് സ്റ്റേറ്റിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ഇന്ത്യൻ പൗരൻ മുങ്ങിമരിച്ചു. സോഫ്റ്റ്വേർ എൻജിനിയറായ വെങ്കടേഷ് ദൊപ്പലാപുഡി (31) ആണ് മരിച്ചത്. എച്ച്1ബി വീസയുള്ള വെങ്കടേഷ് നെബ്രാസ്കയിലെ ഒമാഹയിലാണ് താമസിച്ചുവന്നിരുന്നത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഹൂസ്റ്റണിൽനിന്ന് വീട്ടിലേക്കുള്ള വഴിമധ്യേ ശക്തമായ കാറ്റും മഴയും അവഗണിച്ച് വാഹനമോടിച്ച വെങ്കിടേഷിന്റെ വാഹനം ഒഴുക്കിൽപെടുകയായിരുന്നു.
പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ ഹൈവേ പട്രോൾ യൂണിറ്റാണ് വെങ്കടേഷിന്റെ മൃതദേഹം കണ്ടെടുത്തത്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകിട്ടാനുള്ള ശ്രമം തുടരുകയാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
District News
കോടഞ്ചേരി: ശക്തമായ ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. കോടഞ്ചേരി തെയ്യപ്പാറ വടക്കേക്കര ഹരിയുടെ വീടിനാണ് ഇടിമിനന്നലില് നാശം സംഭവിച്ചത്.
ശക്തമായ മിന്നലിൽ വീടിന്റെ തറയും കട്ടിളയും മെയിൻ സ്വിച്ചും വയറിംഗും ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചു. വീടിന് സമീപത്തെ മതിലിന്റെ ഒരു ഭാഗം മിന്നലേറ്റ് തകർന്നു വീണ നിലയിലാണ്. ഈ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലി അപകടം ഒഴിവായി.
National
റാഞ്ചി: ജാർഖണ്ഡിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത് 11 പേർക്ക്. മൂന്ന് സ്ത്രീകളും പത്ത് വയസുള്ള കുട്ടിയും അടക്കം 11 പേരാണ് മരിച്ചത്.
ഖുന്തി ജില്ലയില് നാല്, രാംഗാഡ് ജില്ലയില് രണ്ട്, ലോഹോര്ദാഗ, ദേവ്ഘര്, ജംതാര, സാഹിബ്ഗഞ്ച്, ഗിരിദിഹ് എന്നീ ജില്ലകളില് ഓരോ ആളുകൾ വീതവുമാണ് മരിച്ചത്.
ഖുന്തി ജില്ലയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിൽ നാല് പേരാണ് മരിച്ചത്. സമീപത്തുള്ള വനത്തിലേക്ക് പോകുന്നതിനിടെയായിരുന്നു രണ്ട് പേർ ഇടിമിന്നലേറ്റ് മരിച്ചത്. മരിച്ചവരിൽ 16 വയസുള്ള ഒരു ആൺകുട്ടിയും സുഖ്റാം മുണ്ട എന്ന 44 വയസുകാരനുമുണ്ട്.
മറ്റൊരു സംഭവത്തിൽ പത്രതോളി ഗ്രാമത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 22 വയസ്സുള്ള പ്രേം ബഖാല മരിക്കുകയും മറ്റ് മൂന്ന് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ റാഞ്ചിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
റോൺഹെ ഗ്രാമത്തിൽ വയലിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് 52 വയസുകാരനായ നിസ്ട്രാർ ടോപ്നോ എന്ന കർഷകനും മരിച്ചിരുന്നു.
Kerala
കണ്ണൂർ: ജില്ലയിൽ കനത്ത ഇടിമിന്നലേറ്റ് യുവതി മരിച്ചു. ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു (31) ആണ് മരിച്ചത്. ആലക്കോട് കാപ്പിമല മഞ്ഞപ്പുല്ലിൽ വെച്ചാണ് അപകടം സംഭവിച്ചത്. പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയാണ് മരിച്ച അഞ്ജു.
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചറായ സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പരിക്കേറ്റ ഇരുവരെയും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിമല മഞ്ഞപ്പുൽ മേഖലയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് ഇവർക്ക് അപകടം സംഭവിച്ചത്.
National
കോൽക്കത്ത: ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റത് പരിഭ്രാന്തി പരത്തി. കോൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ വിമാനത്തിന്റെ പവർ സിസ്റ്റം തകർന്നു. അഗർത്തലയിലേക്ക് പുറപ്പെടാൻ തയാറെടുക്കുന്നതിനിടെയായിരുന്നു അപകടം.
വെള്ളിയാഴ്ച രാവിലെ 9.25ന് വിമാനത്താവളത്തിലെ 56എൽ എന്ന ഏയറോബ്രിഡ്ജിന് സമീപമായിരുന്നു സംഭവം. 6ഇ6068 എയർബസ് എ320 വിമാനത്തിൽ ആ സമയത്ത് 141 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 147 പേർ ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് മുൻകരുതലുകളുടെ ഭാഗമായി വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.
പവർ സിസ്റ്റം തകരാറിലായ വിമാനം സാങ്കേതിക പരിശോധനകൾക്കായി മാറ്റിയതായും യാത്രക്കാർക്കായി ബദൽ സൗകര്യം ഒരുക്കിയതായും അധികൃതർ അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും റൺവേയിൽ ജോലി ചെയ്തിരുന്ന രണ്ട് ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങൾക്ക് പൊള്ളലേറ്റെന്നും അധികൃതർ വ്യക്തമാക്കി.
District News
വഴിയമ്പലം: കയ് പമംഗലത്ത് ഇടിമിന്നലിൽ വീടിനുനാശം. വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സ്വദേശി പള്ളായിപീടികയിൽ മുഹമ്മദ് റഷീദിന്റെ വീട്ടിലാണു നാശ നഷ്ടമുണ്ടായത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
ഇടിമിന്നലിൽ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. എസി, ടിവി, ഫാനുകൾ, എൽഇഡി ലൈറ്റുകൾ, സ്വിച്ച്, വൈദ്യുതി മീറ്റർ തുടങ്ങിയവയാണ് കത്തിനശിച്ചത്. വീടിന്റെ ടെറസിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
District News
എരുവാട്ടി: ഇന്നലെ ഉച്ചയ്ക്കുശേഷം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ എരുവാട്ടിയിൽ ഇളംന്തോട്ടത്തിൽ ജോസിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചു.
വീട്ടിലെ ഇലക്ട്രിക് മീറ്ററും ഇലക്ട്രിക് ഉപകരണങ്ങളും വയറിംഗും കത്തി നശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചു. വീട്ടുകാർ ഈ സമയത്ത് വീട്ടിനുള്ളിൽ കട്ടിലിൽ കിടക്കുകയായിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി.
Kerala
കൊച്ചി: എറണാകുളത്ത് ഇടിമിന്നലേറ്റ് വിദ്യാർഥിക്ക് പരിക്ക്. എറണാകുളം കുന്നത്തുനാട്ടിൽ ആണ് സംഭവം. കടയിരുപ്പ് കിഴക്കേ പുതിയ മഠത്തിൽ ബാബുവിന്റെ മകൻ വാസുദേവനാണ് പരിക്കേറ്റത്. മിന്നലിനെ തുടർന്ന് വീടിന്റെ ഭിത്തി അടർന്നുവീണ് ആണ് കുട്ടിക്ക് പരിക്കേറ്റത്.
പ്രദേശത്തെ മൂന്നോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മംഗലത്തുനട മാങ്ങാട്ടൂര് എന്നിവിടങ്ങളിലും വീടുകൾക്ക് കേടുപറ്റി. പല വീടുകളിലും ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്.
District News
കാറ്റിൽ മലേശമംഗലത്ത്
വ്യാപകനാശം
തിരുവില്വാമല: ഇന്നലെ വൈകിട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ മലേശമംഗലം ഭാഗത്ത് വ്യാപക നാശഷ്ടം. മലേശമംഗലം തോട്ടത്തിൽ സെയ്തുമുഹമ്മദിന്റെ വീടിനു മുകളിലേക്ക് തെങ്ങ് ഒടിഞ്ഞു വീണു.
മലേശമംഗലം എച്ച്എൽപി സ്കൂളിനു സമീപവും മരങ്ങൾ കടപുഴകിയും വൈദ്യുതി ലൈനുകൾ പൊട്ടിവീണും വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പനാരിയിൽ രാജന്റെ ശുചിമുറിയുടെ ഷീറ്റ് മേഞ്ഞ ഭാഗം കാറ്റിൽപറന്നു പോയി.
മേഖലയിൽ വൈദ്യുതി വിതരണവും തകരാറിലാണ്. മലേശമംഗലം പോസ്റ്റ് ഓഫീസിന് സമീപവും അംബേദ്കർ ഗ്രാമത്തിലും മരങ്ങൾ കടപുഴകി വീണ് വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സുലൈമാൻ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് കമ്പനിയുടെ ഷെഡ് ഭാഗികമായി തകർന്നു. ക്രഷർ യൂണിറ്റിനും നാശം സംഭവിച്ചിട്ടുണ്ട്.
ചാവക്കാട് കടകളിൽ വെള്ളംകയറി
ചാവക്കാട്: ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ ചാവക്കാട്ടെ പലയിടത്തും കടകളിൽ വെള്ളം കയറി.
ദേശീയപാത 66 ന്റെ സർവീസ് റോഡ് വെള്ളക്കെട്ടിൽ മുങ്ങിയതോടെ കനാലിന് സമാന്തരമായി ചെറുതും വലുതുമായ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി.
കാറ്റിൽ പലയിടത്തും ഫലവൃക്ഷങ്ങൾ നിലംപതിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡ്, സെന്റർ, മണത്തല, മുല്ലത്തറ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. കാനകൾ ശുചീകരിക്കാത്തതും ദേശീയപാത സർവീസ് റോഡിലെ കാനകൾ അടഞ്ഞതുമാണ് വെളളം കയറാൻ കാരണമായത്.
District News
കാറ്റിൽ മലേശമംഗലത്ത്
വ്യാപകനാശം
തിരുവില്വാമല: ഇന്നലെ വൈകിട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ മലേശമംഗലം ഭാഗത്ത് വ്യാപക നാശഷ്ടം. മലേശമംഗലം തോട്ടത്തിൽ സെയ്തുമുഹമ്മദിന്റെ വീടിനു മുകളിലേക്ക് തെങ്ങ് ഒടിഞ്ഞു വീണു.
മലേശമംഗലം എച്ച്എൽപി സ്കൂളിനു സമീപവും മരങ്ങൾ കടപുഴകിയും വൈദ്യുതി ലൈനുകൾ പൊട്ടിവീണും വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പനാരിയിൽ രാജന്റെ ശുചിമുറിയുടെ ഷീറ്റ് മേഞ്ഞ ഭാഗം കാറ്റിൽപറന്നു പോയി.
മേഖലയിൽ വൈദ്യുതി വിതരണവും തകരാറിലാണ്. മലേശമംഗലം പോസ്റ്റ് ഓഫീസിന് സമീപവും അംബേദ്കർ ഗ്രാമത്തിലും മരങ്ങൾ കടപുഴകി വീണ് വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സുലൈമാൻ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് കമ്പനിയുടെ ഷെഡ് ഭാഗികമായി തകർന്നു. ക്രഷർ യൂണിറ്റിനും നാശം സംഭവിച്ചിട്ടുണ്ട്.
ചാവക്കാട് കടകളിൽ വെള്ളംകയറി
ചാവക്കാട്: ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ ചാവക്കാട്ടെ പലയിടത്തും കടകളിൽ വെള്ളം കയറി.
ദേശീയപാത 66 ന്റെ സർവീസ് റോഡ് വെള്ളക്കെട്ടിൽ മുങ്ങിയതോടെ കനാലിന് സമാന്തരമായി ചെറുതും വലുതുമായ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി.
കാറ്റിൽ പലയിടത്തും ഫലവൃക്ഷങ്ങൾ നിലംപതിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡ്, സെന്റർ, മണത്തല, മുല്ലത്തറ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. കാനകൾ ശുചീകരിക്കാത്തതും ദേശീയപാത സർവീസ് റോഡിലെ കാനകൾ അടഞ്ഞതുമാണ് വെളളം കയറാൻ കാരണമായത്.
Kerala
മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു. പന്തല്ലൂർ മല വ്യൂപോയിന്റിൽ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ റഹീസ് (20), ഫഹദ് (19), ബഹാസ് (18), സിയാദ് (18) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഏഴ് വിദ്യാര്ഥികള്ക്കാണ് മിന്നലേറ്റത്. പാറപ്പുറത്ത് ഇരിക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്.
മരിച്ചവരെല്ലാം മങ്കട സ്വദേശികളാണെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെയും തുടർനടപടികളെയും ബാധിച്ചിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് -കരകുളം മുല്ലശേരിയിൽ ഇടിമിന്നലേറ്റ് വീടുകൾക്ക് നാശം. മുല്ലശേരി സ്വദേശികളായ രാധാകൃഷ്ണൻ നായർ , ഗിരിജ കുമാരി , കൃഷ്ണകുമാർ , മധുസൂദനൻ നായർ , രവീന്ദ്രൻ നായർ എന്നിവരുടെ വീടുകളിലെ വൈദ്യുതോപകരണങ്ങൾക്ക് നാശം ഉണ്ടായി.
ഗിരിജ കുമാരിയുടെയും രാധാകൃഷ്ണൻ നായരുടെയും വീടുകളിലെ ഭിത്തികൾക്ക് വിള്ളൽ ഉണ്ടാകുകയും ജന്നൽ ചില്ലുകൾ തകരുകയും ചെയ്തു. ഗിരിജ കുമാരിയുടെ മകൻ അനീഷിന് പൊള്ളലേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം നടന്നത്.
Kerala
കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് മൂന്നു വീടുകള്ക്ക് ഭാഗികനാശം. രണ്ട് സ്ത്രീകള്ക്കു പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മാമലക്കണ്ടം മാവിന്ചുവട് ഭാഗത്ത് താമസിക്കുന്ന മേട്നാപ്പാറ ഉന്നതിയിലെ ചന്ദ്രിക എല്ദോസ്, കളരിക്കില് വിജുവിന്റെ ഭാര്യ ജിഷ എന്നിവര്ക്കാണു മിന്നലേറ്റത്. ഇന്നലെ വൈകുന്നേരം 5.30നാണ് സംഭവം.
കട്ടിലില് ഇരിക്കവേയാണ് ജിഷയ്ക്കു മിന്നലേറ്റത്. ഇവർ മോഹാലസ്യപ്പെട്ടു വീണു. ചന്ദ്രികയുടെ കൈയ്ക്ക് മുക്കാല് മണിക്കൂറോളം മരവിപ്പ് സംഭവിച്ചു. ചന്ദ്രികയുടെ വീടിനും ഭര്ത്തൃസഹോദരന് കളരിക്കല് വിജു, ചുണ്ടാട്ട് എല്ദോസ് എന്നിവരുടെ വീടുകള്ക്കും മിന്നലേറ്റു.
ഇവരുടെ വീടുകളിലെ വയറിംഗ് മുഴുവന് കത്തിനശിച്ചു. ചന്ദ്രികയുടെ വീട്ടിലാണ് കൂടുതല് നാശനഷ്ടം ഉണ്ടായത്. വൈദ്യുതി മീറ്ററും ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങളും പൊട്ടിത്തെറിച്ച് ചിന്നിചിതറി.
ഫ്രിഡ്ജ്, മിക്സി, വാഷിംഗ് മെഷീന്, മോട്ടോര് പമ്പ് സെറ്റ്, ടിവി, സ്വിച്ച് ബോര്ഡുകള് തുടങ്ങിയവയെല്ലാം ഉപയോഗശൂന്യമായതായി എല്ദോസ് പറഞ്ഞു. ഉദ്ദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം നേരിട്ടതായി എല്ദോസ് പറഞ്ഞു.
Kerala
തൃശൂർ: കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് ആണ് സംഭവം.
ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവേ ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു.
പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിലവിൽ ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
District News
തൊടുപുഴ: ഉറവപ്പാറമല സന്ദര്ശിക്കാനെത്തിയ പെണ്കുട്ടി ഇടിമിന്നലേറ്റ് മരിച്ചു. പിതാവ് ഉള്പ്പെടെ രണ്ടു പേര്ക്ക് പരിക്കേറ്റു. പെരുമ്പാവൂരില്നിന്നെത്തിയ കുടുംബവും ഇവരെ രക്ഷിക്കാന് ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തില്പ്പെട്ടത്. പെരുമ്പാവൂര് മുടിക്കല് വടക്കനേതില് നഫീസത്തുള് മിസ്റിയ (12) ആണ് മരിച്ചത്.
പിതാവ് വി.എം.അഫ്സല് (39), തൊടുപുഴ മങ്ങാട്ടുകവല കളത്തില് ഗോകുല് എസ്. രാജ് (26) എന്നിവര്ക്കാണ് പരിക്കേറ്റത്. അപകടത്തില്പ്പെട്ട എല്ലാവരെയും ഉടന്തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചു. എന്നാല് നഫീസത്തുള് മിസ്റിയയുടെ ജീവന് രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കറ്റ അഫ്സലിനെ തൊടുപുഴയിലെ ആശുപത്രിയില് പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെയോടെയായിരുന്നു സംഭവം. അവധി ആഘോഷിക്കാന് തൊടുപുഴയില് എത്തിയതായിരുന്നു കുടുംബം. തൊടുപുഴയില് നടക്കുന്ന സമ്മര്ഫെസ്റ്റ് കാണാനെത്തിയ ഇവര് പിന്നീട് ഉറവപ്പാറ വ്യൂ പോയിന്റ് സന്ദര്ശിക്കാന് പോയപ്പോഴായിരുന്നു അപകടം.
ഉറവപ്പാറ മലയുടെ മുകളില് നിന്നപ്പോള് അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായി. ഇതോടെ വേഗത്തില് ഇറങ്ങാന് ശ്രമിക്കുന്നതിനിടെ ശക്തമായ ഇടിമിന്നലേല്ക്കുകയായിരുന്നു. അഫ്സലും മകളും മിന്നലേറ്റ് വീണു. പരിക്കേറ്റ് വീണ ഇവരെ രക്ഷിക്കാന് ശ്രമിക്കുന്നതിനിടെയാണ് ഗോകുലിന് മിന്നലേറ്റത്.
തൊടുപുഴ ജില്ലാ ആശുപത്രിയില് സൂക്ഷിച്ചിരുന്ന നഫീസത്തുള് മിസ്റിയയുടെ മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റ്മോര്ട്ടത്തിനു ശേഷം ബന്ധുക്കള്ക്ക് വിട്ടു നല്കി. കബറടക്കം നടത്തി.
തണ്ടേക്കാട്ട് ജമാ അത്ത് ഹയര്സെക്കന്ഡറി സ്കൂള് ഏഴാം ക്ലാസ് വിദ്യാര്ഥിനിയാണ്. മൊബൈല് ഷോപ്പ് ഉടമയാണ് പിതാവ് അഫ്സല്. മാതാവ് റുക്സാന. സഹോദരങ്ങള്: ഉമ്മു ഹസീബ്, മുഹയുദ്ദീന്.
ഉറവപ്പാറ വ്യൂ പോയിന്റില് നിന്നുള്ള പ്രകൃതിദൃശ്യം ആസ്വദിക്കാന് ഇപ്പോള് ഒട്ടേറെ പേര് ഇവിടേക്ക് എത്തുന്നുണ്ട്. മലമുകളില് എത്തിയാല് തൊടുപുഴ നഗരവും തൊടുപുഴയാറും വീക്ഷിക്കാന് കഴിയും. കൂടാതെ ഇലവീഴാപൂഞ്ചിറയും നാടുകാണിയും ഉള്പ്പെടെയുള്ള മലനിരകള് ആരെയും ആകര്ഷിക്കും. കൂടാതെ മലമുകളിലെ ക്ഷേത്രവും ഇവിടുത്തെ പ്രത്യേകതയാണ്. വിനോദസഞ്ചാര മേഖലയെന്ന് അറിയപ്പെട്ടുവരുന്ന സ്ഥലമാണ് ഉറവപ്പാറ.
Kerala
തൊടുപുഴ: നഗരത്തിനു സമീപം ഉറവപ്പാറ മലമുകളില് പ്രകൃതിദൃശ്യം ആസ്വദിക്കാനെത്തിയ സംഘത്തിലുള്പ്പെട്ട പെണ്കുട്ടി ഇടിമിന്നലേറ്റ് മരിച്ചു. പിതാവ് ഉള്പ്പെടെ രണ്ടു പേര്ക്ക് പരിക്കേറ്റു. പെരുമ്പാവൂരില് നിന്നെത്തിയ കുടുംബവും ഇവരെ രക്ഷിക്കാന് ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തില്പ്പെട്ടത്.
പെരുമ്പാവൂര് മുടിക്കല് വടക്കനേതില് നഫീസത്തുള് മിസ്റിയ (12) ആണ് മരിച്ചത്. പിതാവ് വി.എം.അഫ്സല് (39), തൊടുപുഴ മങ്ങാട്ടുകവല കളത്തില് ഗോകുല് എസ്. രാജ് (26) എന്നിവര്ക്കാണ് പരിക്കേറ്റത്. അപകടത്തില്പ്പെട്ട എല്ലാവരെയും ഉടന് തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. എന്നാല് നഫീസത്തുള് മിസ്റിയയുടെ ജീവന് രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കറ്റ അഫ്സല് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലാണ്. മറ്റ് രണ്ട് പേരുടെയും പരിക്ക് സാരമുള്ളതല്ല.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെയോടെയാണ് സംഭവം. തൊടുപുഴയില് നടക്കുന്ന സമ്മര്ഫെസ്റ്റ് സന്ദര്ശിക്കാനെത്തിയതായിരുന്നു കുടുംബം. ഇതിനിടെയാണ് ഉറവപ്പാറ സന്ദര്ശിക്കാന് പോയത്. ഉറവപ്പാറ മലയുടെ മുകളില് ആയിരുന്ന അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായതോടെ ഇവര് വേഗത്തില് ഇറങ്ങാന് ശ്രമിക്കുന്നതിനിടെ ശക്തമായ ഇടിമിന്നലേല്ക്കുകയായിരുന്നു. പരിക്കേറ്റ് വീണ ഇവരെ രക്ഷിക്കാന് ശ്രമിക്കുന്നതിനിടെയാണ് ഗോകുലിന് മിന്നലേറ്റത്.
സംഭവമറിഞ്ഞ് തൊടുപുഴ പോലീസ് സ്ഥലത്തെത്തി. തൊടുപുഴ ജില്ലാ ആശുപത്രിയില് സൂക്ഷിച്ചിരുന്ന നഫീസത്തുള് മിസ്റിയയുടെ മൃതദേഹം ഇന്നു രാവിലെ പോസ്റ്റ്മോര്ട്ടത്തിനു ശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കി. മലമുകളില് നിന്നുള്ള മനോഹരമായ ദൃശ്യഭംഗി സമ്മാനിക്കുന്നതിനാല് ഒട്ടേറെ പേര് ഇപ്പോള് ഉറവപ്പാറ സന്ദര്ശിക്കാനെത്തുന്നുണ്ട്.
Kerala
പത്തനംതിട്ട: ശബരിമല തീർഥാടക സംഘത്തിന്റെ വാഹനം ഇടിമിന്നലേറ്റ് തീപിടിച്ചു. നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം 6.20ഓടെയാണ് അപകടമുണ്ടായത്. മലപ്പുറത്ത് നിന്നുള്ള തീർഥാടകരെത്തിയ വാഹനമാണ് തീപിടിച്ചത്.
പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മിന്നലേറ്റതിന് പിന്നാലെ വാഹനത്തിൽ നിന്ന് പുക ഉയർന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ റാസി, നൗഷാദ് ഉടൻ തന്നെ പുറത്തിറങ്ങി.
നിമിഷങ്ങൾക്കുള്ളിൽ വാഹനത്തിൽ തീപടരുകയായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവരും പോലീസും ചേർന്ന് തീ കെടുത്താൻ ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഇടപെട്ട് തീ പൂർണമായും കെടുത്തി.
അപകടത്തിൽ കാറിന് സാരമായ നാശനഷ്ടങ്ങളുണ്ടായി. ശബരിമലയിലേക്ക് തീർഥാടകരുമായി വന്ന ടാക്സി കാറായിരുന്നു അപകടത്തിൽപ്പെട്ടത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് മുതൽ 19-ാം തീയതി വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
District News
മാന്നാർ: ഇടിമിന്നലിൽ എണ്ണയ്ക്കാട് വ്യാപക നാശനഷ്ടം. വൃക്ഷങ്ങളും വൈദ്യുത മീറ്ററും വൈദ്യുത ഉപകരണങ്ങളും കത്തി നശിച്ചു. എണ്ണക്കാട് ഉണ്ണികൃഷ്ണൻ നായരുടെ വീടിനു പിന്നിൽനിന്ന തെങ്ങിനു മിന്നലേറ്റു.
30 അടി നീളത്തിൽ തെങ്ങ് കത്തുകയും പൊട്ടിക്കീറുകയും ചെയ്തു. വൈദ്യുതി മീറ്റർ, മൂന്ന് ഫാൻ, ടിവി, ട്യൂബ്ലൈറ്റുകൾ, മറ്റുപകരണങ്ങൾഇവയ്ക്കും കേടുപാടുകൾ സംഭവിച്ചു. ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ സീമാകുമാരി ഈ സമയത്ത് വീടിനു പുറത്തു നിൽക്കുകയായിരുന്നു. ഓടി വീട്ടിൽ കയറിയതിനാൽ അപകടത്തിൽ പെട്ടില്ല. സർവീസ് വയറും തീകത്തി നശിച്ചു. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Kerala
അങ്കമാലി: മൂക്കന്നൂരിൽ ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി കോക്കൻ മിസ്ത്രി (36) ആണ് മരിച്ചത്.
മ്യതദേഹം മൂക്കന്നൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മുക്കന്നൂരിലെ വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.
Kerala
കണ്ണൂര്: ആറളത്ത് ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പന്ത്രണ്ടാം ബ്ലോക്കിലെ രാജീവന് ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. തെങ്ങില് കയറി കള്ള് ചെത്തിയ ശേഷം താഴത്തെ ഷെഡില് വിശ്രമിക്കുന്നതിനിടെ ഇടിമിന്നല് ഏല്ക്കുകയായിരുന്നു. ഉടനെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.