പ്രതീകാത്മക ചിത്രം
ചെറുപ്പത്തിൽ ഈ നാടൻ ശീല് കേൾക്കാത്തവർ ചുരുക്കമായിരിക്കും. ചങ്ങനാശേരിയുടെ ആധുനിക ചരിത്രത്തോടൊപ്പം വളർന്ന പാറേൽ പള്ളിയിലെ തിരുനാളിന് ജനങ്ങൾക്കിടയിൽ എത്രത്തോളം പ്രചാരമുണ്ടായിരുന്നു എന്നു സൂചിപ്പിക്കുന്നതാണ് ഈ ഈരടികൾ.
1904 മുതലുള്ള സമ്പന്നമായ പാരമ്പര്യമുണ്ട് ഈ തിരുനാൾ ആഘോഷത്തിന്. 1906 ഡിസംബർ എട്ടിനാണ് പള്ളിക്കൂദാശയ്ക്കു ശേഷമുള്ള ആദ്യ തിരുനാൾ ആഘോഷിച്ചത്. മാർ മാത്യു മാക്കീൽ പൊന്തിഫിക്കൽ കുർബാന ചൊല്ലി ആരംഭിച്ച ഈ തിരുനാളിന്, മാർപാപ്പയുടെ പ്രത്യേക ദണ്ഡവിമോചന അനുവാദവും ലഭിച്ചിരുന്നു.
തുടർന്നുള്ള വർഷങ്ങളിലും മാർ തോമസ് കുര്യാളശേരി, മാർ ജെയിംസ് കാളാശേരി, മാർ മാത്യു കാവുകാട്ട് തുടങ്ങിയ അഭിവന്ദ്യ പിതാക്കന്മാരുടെയെല്ലാം സാന്നിധ്യത്താലും കാർമികത്വത്താലും ഈ തിരുനാൾ ധന്യമായി.
വിദേശയാത്രാ സാഹചര്യങ്ങൾ ഒഴിച്ചാൽ ഡിസംബർ എട്ടിലെ വിശുദ്ധ കുർബാനയ്ക്കു ചങ്ങനാശേരി മെത്രാപ്പോലീത്താ എത്തുന്ന ഈ പാരമ്പര്യം ഇന്നും തുടരുന്നു. ചങ്ങനാശേരി രൂപതയിലെ പ്രശസ്തരും വാഗ്മികളുമായ വൈദികരുടെ പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള പ്രഭാഷണം തിരുനാൾ ദിനത്തിലെ പ്രത്യേകതയായിരുന്നു
മതാത്മകതയും ആത്മീയതയും ഭൗതികതയും ഒരേപോലെ സംഗമിക്കുന്നതാണ് ഈ പാറേൽ തിരുനാൾ.
പാറേൽ മാതാവിനോടുള്ള അഗാധമായ ഭക്തി ഈ നാടിന്റെതന്നെ പ്രത്യേകതയാണ്. ഒരുനൂറ്റാണ്ടിലേറെയായി ചങ്ങനാശേരിയുടെ സ്പന്ദനമായി നിലകൊള്ളുന്ന ഈ തിരുനാൾ, എല്ലാ മനുഷ്യരെയും ഒരുമിച്ചു കൂട്ടുന്ന സ്നേഹത്തിന്റെയും മൈത്രിയുടെയും കാർണിവൽ കൂടിയാണ്. ഈ ബഹളസന്തോഷമാണ് പാറേൽ തിരുനാളിന്റെ പ്രത്യേകത.
പഴയ കാലങ്ങളിൽ ആളുകൾ വീട്ടിലേക്ക് ആവശ്യമായ കൊട്ടയും മുറവും പായയും കത്തിയും പിച്ചാത്തിയും അടക്കമുള്ള വീട്ടുപകരണങ്ങൾ വാങ്ങുന്നതു തിരുനാൾ സ്ഥലത്തെ താത്കാലിക ചന്തകളിൽനിന്നായിരുന്നു. ക്രിസ്മസ് അടുത്തവരുന്ന നാളുകൾ ആയതിനാൽ പുൽക്കൂടിനാവശ്യമായ വസ്തുക്കളും ഇവിടെനിന്നു സംഭരിച്ചിരുന്നു.
തിരുനാൾ കഴിഞ്ഞു വരുന്ന കുടുംബങ്ങളുടെ കൈയിൽ ഉഴുന്നാടയും ഈന്തപ്പഴവും ചോളപ്പൊരിയും അടങ്ങിയ ഒരു കവർ..... ബലൂണും പീപ്പിയും പിടിച്ച കുട്ടികൾ... മാലയും വളയും മറ്റുമായി ബാലികമാരും യുവതികളും .... മൊത്തത്തിൽ ഒരു വർണപ്പകിട്ടാണ് എക്കാലവും പാറേലെ പെരുന്നാൾ.
Tags : Parelpally Feast Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Cathedral