കേരള ഹൈക്കോടതി
കൊച്ചി: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന് ഭരണസമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പിരിച്ചുവിട്ട ഭരണസമിതി ഉടന്‍ പുനഃസ്ഥാപിക്കാനും ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
ജൂലൈ 25ന് ഭരണസമിതി പിരിച്ചുവിട്ട ഡയറി സഹകരണ രജിസ്ട്രാറുടെ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഭരണസമിതി അംഗങ്ങളായിരുന്ന കെ. കൃഷ്ണന് പോറ്റി, മണി വിശ്വനാഥ് തുടങ്ങിയവര്‍ നല്കിയ അപ്പീലാണു ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ശബരിമല നെയ് വിതരണത്തിലെ ക്രമക്കേട് ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണു സര്‍ക്കാര്‍ ഭരണസമിതി പിരിച്ചുവിട്ടത്. തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണു മുന്‍കൂര്‍ നോട്ടീസ് നല്‍കാതിരുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
നെയ് ക്രമക്കേടിലെ അന്വേഷണവുമായി ഭരണസമിതി സഹകരിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ആവശ്യമായ രേഖകള്‍ ലഭ്യമാക്കുകയും ചെയ്തുവെന്ന് നടപടികളില്‍നിന്നു വ്യക്തമാണ്. അതിനാല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുമെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. സിംഗിള്‍ബെഞ്ച് ഇതു കണക്കിലേടുക്കേണ്ടിയിരുന്നു. സര്‍ക്കിള്‍ സഹകരണ യൂണിയനിലടക്കം ആലോചിക്കാതെ നടപടിയെടുത്ത ഡയറി വകുപ്പ് ഡയറക്ടര്‍കൂടിയായ രജിസ്ട്രാറുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ നോട്ടീസ് നല്‍കാതെ പുറത്താക്കാനുള്ള അസാധാരണ സാഹചര്യം ഈ വിഷയത്തില്‍ ഇല്ലായിരുന്നുവെന്നും കോടതി വിലയിരുത്തി. ഹര്‍ജിക്കാരെക്കൂടി കേട്ട് നിയയമപരമായ ഉത്തരവ് അധികൃതര്‍ക്ക് പുറപ്പെടുവിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
Tags : Milma Thiruvananthapuram RegionalAdministrativeCommittee dissolve KeralaHighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash