Kerala
നിലമ്പൂർ: തിരുവനന്തപുരം ഷൊർണൂർ വേണാട് എക്സ്പ്രസ് വൈകാതെ നിലമ്പൂർ വരെ നീട്ടുമെന്ന് പാലക്കാട് ഡിആർഎം മധുകർ റോത്ത്. നിലമ്പൂർ നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ് ,നിലമ്പൂർ മൈസൂരു റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവരുമായി നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
മേലാറ്റൂർ സ്റ്റേഷനിൽ 24 കോച്ച് പ്ലാറ്റ്ഫോം നിർമാണം പൂർത്തിയായി. ക്രോസിംഗ് സ്റ്റേഷൻ അടുത്ത മാസം കമ്മിഷൻ ചെയ്യന്നതോടെ ട്രെയിൻ നീട്ടുന്നതിനുള്ള തടസങ്ങൾ മാറുമെന്ന് അദ്ദേഹം പറഞ്ഞു.
വേണാട് ഉച്ചയ്ക്ക് 12 ന് ഷൊർണൂരെത്തി ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് മടങ്ങുന്നത്. ഷൊർണൂരിൽ നിർത്തിയിടുന്ന മൂന്ന് മണിക്കൂർ ഉപയോഗപ്പെടുത്തി നിലമ്പൂർക്ക് നീട്ടാനാകും. ഇതോടെ രാവിലെ 10നും ഉച്ചയ്ക്ക് ശേഷം മൂന്നിനും ഇടയിൽ നിലമ്പൂർ പാതയിൽ ട്രെയിൻ സർവീസ് ഇല്ലാത്തതിന് പരിഹാരമാകും.
Kerala
തിരുവനന്തപുരം: ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി കാർഗോ സേവനങ്ങൾ ആരംഭിക്കുന്നു. നിലവിൽ വിജയകരമായി നടപ്പാക്കിവരുന്ന ലോജിസ്റ്റിക് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭം.
കാർഗോ സർവീസിന്റെ ഫ്ലാഗ് ഓഫ് ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ മന്ത്രി സി.പി.ജോൺ നിർവഹിക്കും. രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ വിജയകരമായി നടപ്പാക്കുന്ന കാർഗോ സേവനങ്ങളുടെ മാതൃക പഠിച്ചാണ് കെഎസ്ആർടിസി ഈ മേഖലയിലേക്ക് കടക്കുന്നത്.
ലോജിസ്റ്റിക് രംഗത്തെ പ്രവർത്തനം വിപുലീകരിക്കുന്നതിലൂടെ വരുമാന സ്രോതസുകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. ചടങ്ങിൽ വാർഡ് കൗൺസിലർ ഷീബ പാട്രിക് അധ്യക്ഷത വഹിക്കും. ഡോ.ശശി തരൂർ എംപി, ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ തുടങ്ങിയവർ പങ്കെടുക്കും.
Kerala
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് ആരോപണത്തിൽ പൊലിസ് ഇന്ന് കേസെടുക്കും. രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകുന്നതിനാണ് കേസ്. ആരെയും പ്രതി ചേർക്കാതെയാവും എഫ്ഐആർ ഇടുക.
കാപ്പാ കേസിൽ സുഗതൻ ഒളിവിൽ കഴിയുമ്പോൾ ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തിയ്യതികളിലെ കൗൺസിലിൽ പങ്കെടുത്തതായുള്ള രജിസ്റ്ററിലെ ഒപ്പ് വ്യാജമെന്നാണ് എൽഡിഎഫ് പരാതി. കോൺഗ്രസും ആരോപണം ഏറ്റെടുത്തു.
എന്നാൽ, വ്യാജ ഒപ്പ് ആക്ഷേപം തള്ളുകയാണ് ബിജെപി. പൊലീസിന് നൽകിയ പരാതിയിൽ ഫോറൻസിക് പരിശോധന നടത്താനാണ് നീക്കം. പരാതി ഉയർന്ന ദിവസങ്ങളിലെ കൗൺസിലിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പരാതി തെളിഞ്ഞാൽ സുഗതന് മാത്രമല്ല മേയർക്കും പ്രശ്നമാണ്. മേയറുടെ ഓഫിസിലാണ് ഹാജർ ബുക്ക് സൂക്ഷിക്കുന്നത്.
Business
പാലക്കാട്: ഐഐടി പാലക്കാട് ടെക്നോളജി ഇന്നൊവേഷൻ ഫൗണ്ടേഷൻ (ടെക്ഇൻ) സംഘടിപ്പിക്കുന്ന ‘സമഗ്ര 2.0 ഐഐടി പാലക്കാട് ഇന്നൊവേഷൻ സമ്മിറ്റ് 2026’ 29, 30 തീയതികളിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ജലവും ശുചിത്വവും, മെഡിക്കൽ ടെക്നോളജി, അഗ്രി ആൻഡ് ഫുഡ് ടെക്നോളജി തുടങ്ങിയ പ്രധാന മേഖലകളിലെ വളർന്നുവരുന്ന നൂതനാശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ടു ദിവസത്തെ സമ്മേളനത്തിൽ ഉപയോക്താക്കളും നിക്ഷേപകരുമായി ആശയവിനിമയത്തിനും വിപണി സാധ്യതകൾ കണ്ടെത്താനും സർക്കാർ ഇതര സാന്പത്തിക സഹായം ഉറപ്പാക്കാനും സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കും.
ഐഐടിയിൽനിന്നു തെരഞ്ഞെടുത്ത ഗവേഷണങ്ങളും സാങ്കേതികവിദ്യകളും ഇവയുടെ വ്യാവസായിക ഉപയോഗം, സാങ്കേതികവിദ്യാ കൈമാറ്റം, വാണിജ്യവത്കരണം എന്നിവയ്ക്കുള്ള സാധ്യതകൾ ഉൾപ്പെടുത്തി പ്രദർശിപ്പിക്കുന്ന ‘ഐഐടി പാലക്കാട് റിസർച്ച് ഷോക്കേസ്’ സമഗ്രയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.
500ലധികം പങ്കാളികൾ, തെരഞ്ഞെടുക്കപ്പെട്ട 40 സ്റ്റാർട്ടപ്പുകൾ, 30 പ്രമുഖ പ്രഭാഷകർ എന്നിവർ സമഗ്രയുടെ ഭാഗമാകും. സംരംഭകർ, നിക്ഷേപകർ, വ്യവസായ പ്രതിനിധികൾ, ഗവേഷകർ എന്നിവർക്കായി ബിസിനസ് കൂടിക്കാഴ്ചകൾക്കും അവസരമുണ്ടാകും.
തെരഞ്ഞെടുത്ത സംരംഭങ്ങളും നവീനാശയങ്ങളും ഉൾപ്പെടുത്തി സ്റ്റാർട്ടപ്പ് എക്സ്പോ, ഇൻവെസ്റ്റർ പിച്ചിംഗ് സെഷനുകൾ, ബിസിനസ് നിക്ഷേപങ്ങൾക്കു വഴിയൊരുക്കുന്ന കൂടിക്കാഴ്ചകൾ, വ്യവസായവിദ്യാഭ്യാസ സ്റ്റാർട്ടപ്പ് മേഖലകളിലെ വിദഗ്ധർ നയിക്കുന്ന സെഷനുകൾ, സ്റ്റാർട്ടപ്പുകളെ ഉപഭോക്താക്കളുമായും പങ്കാളികളുമായും ബന്ധിപ്പിക്കുന്ന ബിസിനസ് സഹകരണാവസരങ്ങൾ എന്നിവയാണ് സമഗ്ര 2.0 യുടെ പ്രധാന സവിശേഷതകൾ. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് samagra.techin-iitpkd.org ലൂടെ രജിസ്റ്റർ ചെയ്യാം.
Kerala
തിരുവനന്തപുരം: ആർ. ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും. രാജി പ്രഖ്യാപനം പിൻവലിച്ചതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി കൂടിക്കാഴ്ച നടത്തുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാജി പ്രഖ്യാപിച്ചതെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.
അതേസമയം രാജിസംബന്ധിച്ച് ശ്രീലേഖ വിശദീകരണം നൽകുമെന്നും സൂചനയുണ്ട്. ഫേസ്ബുക്ക് പേജിലൂടെയോ വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയോ വിശദീകരണം നൽകാനാണ് നീക്കം. രാജി പ്രഖ്യാപനം പിൻവലിച്ചതിൽ ആശ്വാസമുണ്ടെങ്കിലും സമാന സാഹചര്യം വീണ്ടും ആവർത്തിക്കുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
കൗൺസിലർ സ്ഥാനം രാജിവയ്ക്കുകയാണെന്ന് അറിയിച്ച് വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച സന്ദേശം കഴിഞ്ഞ ദിവസമാണ് ശ്രീലേഖ പിൻവലിച്ചത്. ശ്രീലേഖ രാജിവയ്ക്കില്ലെന്ന് ബിജെപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും അവർ ഇതുവരെ പ്രതികരിച്ചിരുന്നില്ല. പാർട്ടിയോടുള്ള അതൃപ്തിയല്ല ആരോഗ്യപ്രശ്നങ്ങളാണ് രാജി പ്രഖ്യാപനത്തിന് കാരണമെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.
അതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ശ്രീലേഖ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ബിജെപി നേതാക്കൾ അറിയിച്ചിരുന്നു. ബിജെപി ജനറൽ സെക്രട്ടറി എസ്. സുരേഷ് ആശുപത്രിയിലെത്തി ശ്രീലേഖയെ സന്ദർശിക്കുകയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്കൃത കോളജ് വിദ്യാർഥികളായ ആദർശ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ ഉൾപ്പെടെ 160 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദന്റെ വീട്ടിൽ കന്റോൺമെന്റ് പൊലിസ് പരിശോധന നടത്തി. പരിശോധനാ സമയത്ത് നന്ദൻ വീട്ടിലുണ്ടായിരുന്നില്ല. പൊലിസ് പരിശോധനയ്ക്കിടെ സിപിഎം പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. അതേസമയം സംഘർഷത്തിനിടെ പൊലിസ് ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ് നടത്തിയെന്നാരോപിച്ചുള്ള പ്രതിഷേധവും തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് എസ്ഐ ജി. ഗോകുൽ എസ്എഫ്ഐ നേതാവ് നന്ദനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിലും അന്വേഷണം ആരംഭിച്ചു. എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ട എസ്ഐയുടെ ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ആർ.ബി. കൃഷ്ണയാണ് അന്വേഷണം നടത്തുന്നത്.
Sports
തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായുള്ള നീന്തൽ ചാംപ്യൻഷിപ്പിൽ തിരുവനന്തപുരത്തിന്റെ കുതിപ്പ്. 51 ഇനങ്ങൾ പൂർത്തിയായപ്പോൾ 33 സ്വർണം, 30 വെള്ളി, 27 വെങ്കലം എന്നിവയുമായി 286 പോയിന്റോടെ കിരീടപ്പോരാട്ടത്തിൽ ബഹുദൂരം മുന്നിലാണു തിരുവനന്തപുരം.
ഏഴു സ്വർണം, ഒന്പതു വെള്ളി, ഏഴു വെങ്കലം എന്നിവയുമായി 71 പോയിന്റോടെ എറണാകുളമാണു രണ്ടാം സ്ഥാനത്ത്. ആദ്യ ദിനം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തൃശൂർ ജില്ല ആറു സ്വർണം, എട്ടു വെള്ളി, അഞ്ചു വെങ്കലം എന്നിവ നേടി 59 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്.
സബ് ജൂനിയർ പെണ്കുട്ടികളിൽ തിരുവനന്തപുരം വെങ്ങാനൂർ വിപിഎസ് മലങ്കര എച്ച്എസ്എസിലെ എസ്.ആർ. ശിഖ 200 മീറ്റർ ഫ്രീസ്റ്റൈലിൽ പുതിയ മീറ്റ് റിക്കാർഡ് സ്ഥാപിച്ചു. അശ്വിനി ജംഗ്ഷിലെ അക്വാട്ടിക് കോംപ്ലക്സിൽ നടക്കുന്ന നീന്തൽ മത്സരങ്ങൾ നാളെ സമാപിക്കും.
Kerala
തിരുവനന്തപുരം: യുണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിനു സമീപത്തെ സംഘർഷ സ്ഥലത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശനം നടത്തി. സംഭവം ആസൂത്രിതമായ മർദനമാണെന്ന് പിണറായി ആരോപിച്ചു. യുഡിഎഫ് ഭരണകാലത്ത് ഹോസ്റ്റലിനെയും യൂണിവേഴ്സിറ്റി കോളജിനെയും ലക്ഷ്യമിടുന്ന സാഹചര്യമുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസും പൊലിസും ചേർന്ന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിട്ടെന്നാണ് പിണറായിയുടെ ആരോപണം. യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത് കാടത്തമാണെന്നും ഒരു സംഘടനയും ചെയ്യാൻ പാടില്ലാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. സംഘർഷം രൂക്ഷമായതോടെ ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
എഡിജിപി പി. വിജയൻ ഉൾപ്പെടെയുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഹോസ്റ്റലിലേക്ക് പൊലിസ് കയറി ലാത്തിച്ചാർജ് നടത്തിയതായും റിപ്പോർട്ടുണ്ട്. സംഘർഷം രൂക്ഷമായതിനെ തുടർന്ന് പൊലിസ് ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയെ യുവമോർച്ച പ്രവർത്തകർ തടഞ്ഞു. തിരുവനന്തപുരം പാളയത്തിന് സമീപം വാൻറോസ് ജംഗ്ഷനിലായിരുന്നു സംഭവം. മന്ത്രിയുടെ വാഹനം പ്രവർത്തകർ തടഞ്ഞതോടെ അദ്ദേഹം ഓട്ടോയിൽ കയറി യാത്ര തുടരാൻ ശ്രമിച്ചു.
എന്നാൽ മന്ത്രിയുമായി പോയ ഓട്ടോയും പ്രവർത്തകർ തടഞ്ഞതോടെ മന്ത്രി വാഹനത്തിൽനിന്ന് ഇറങ്ങി നടന്നുപോകുകയായിരുന്നു. മന്ത്രിക്ക് പൈലറ്റും എസ്കോർട്ടും ഇല്ലാതിരുന്നത് സുരക്ഷാ വീഴ്ചയാണെന്ന ആരോപണം ഉയർന്നു. തലസ്ഥാനത്ത് കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് മന്ത്രിയെ തടഞ്ഞ സംഭവം.
കൊല്ലത്ത് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമായത്. തുടർന്ന് ബിജെപിയും പോഷക സംഘടനകളും വിവിധയിടങ്ങളിൽ മന്ത്രിമാർക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചു.
ഇതിനിടെ തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളിലും സംഘർഷാവസ്ഥ ഉടലെടുത്തു.
Kerala
തിരുവനന്തപുരം: ഡിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലിസ്. അഭിഭാഷകനായ പ്രദീപ്, ശ്രീലാൽ എന്നിവരാണ് കേസിലെ പ്രതികളെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലിസ് പറഞ്ഞു. പ്രദീപ് നെടുമങ്ങാട് ബാറിലെ അഭിഭാഷകനാണ്.
കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് തിരുവനന്തപുരത്ത് ഡിസിസി ഓഫീസിനും മറ്റ് കോൺഗ്രസ് ഓഫീസുകൾക്കും നേരെ ആക്രമണവും കല്ലേറും ഉണ്ടായത്. നെയ്യാറ്റിൻകര ആനാവൂരിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്.
ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് കല്ലേറ് നടത്തുകയും നെയ്യാറ്റിന്കര ആനാവൂര് മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിടുകയും ചെയ്ത ക്രിമിനലുകളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്ഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. അക്രമം നടത്തിയവര്ക്കെതിരെ കര്ശന നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
National
ബംഗളൂരു: ഗാന്ധിജയന്തി, ശനി, ഞായർ ദിവസങ്ങളിലെ അധിക യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് പ്രത്യേക സർവീസുകൾ.
എസ്എംവിബി-തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് (06585) വ്യാഴാഴ്ച വൈകുന്നേരം 4.50ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടും. തിരുവനന്തപുരത്ത് നിന്നുള്ള മടക്കയാത്ര ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആയിരിക്കും. പാലക്കാട്, കോട്ടയം വഴിയാണ് സർവീസ് നടത്തുക.
എസ്എംവിബി-കണ്ണൂർ സ്പെഷ്യൽ (06595) വ്യാഴാഴ്ച രാത്രി 9.45ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടും. കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്കുള്ള മടക്കയാത്ര വെള്ളിയാഴ്ച വൈകുന്നേരം 4.10ന് ആരംഭിക്കും.
Kerala
തിരുവനന്തപുരം: ഈഞ്ചക്കലിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ. പനവൂർ സ്വദേശി അരവിന്ദ്.എസ്(29 ), മണമ്പൂർ സ്വദേശി ആകാശ്(30) എന്നിവരാണ് പിടിയിലായത്.
എക്സൈസാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് 103.3 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായിട്ടുള്ള പരിശോധനയിൽ ആണ് ഇവർ പിടിയിലായത്. വാഹന പരിശോധനയിൽ സംശയം തോന്നി തടഞ്ഞപ്പോഴാണ് ഇരുവരും കുടുങ്ങിയത്. തലസ്ഥാനത്ത് വിവിധയിടങ്ങളിൽ വിൽപ്പനക്കെത്തിച്ചതാണ് ലഹരിയെന്ന് എക്സൈസ് ടീം പറഞ്ഞു.
Sports
തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 295 റൺസാണെടുത്തത്.
ജസ്റ്റിൻ ഗ്രീവ്സിന്റെ സെഞ്ചുറിയുടെയും ജോൺ കാംപ്ബെല്ലിന്റെയും അമീർ ജംഗോയുടെയും അർധ സെഞ്ചുറികളുടെയും ബലത്തിലാണ് വെസ്റ്റ് ഇൻഡീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. ഗ്രീവ്സ് 101 റൺസും കാംപ്ബെൽ 62 റൺസും ജാംഗോ 58 റൺസുമാണെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റെടുത്തു. പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും നിതീഷ് കുമാർ റെഡ്ഡി ഒരു വിക്കറ്റും വീഴ്ത്തി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വൻ രാസലഹരിവേട്ട. 105 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. എക്സൈസ് നാർകോട്ടിക് ടീം ആണ് പ്രതികളെ പിടികൂടിയത്. ആകാശ്, അരവിന്ദ് എന്നീ യുവാക്കളാണ് ലഹരിയുമായി പിടിയിലായത്.
തിരുവനന്തപുരം പടിഞ്ഞാറേകോട്ടയിൽ നിന്നാണ് ബൈക്കിൽ ലഹരികടത്തുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. മൂന്നാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ തവണയാണ് വാണിജ്യ അളവിലുള്ള ലഹരിവേട്ട. പിടിയിലാവർ ആദ്യമായാണ് ലഹരി കേസിൽ പ്രതിയാകുന്നതെന്നും എക്സൈസ് സംഘം അറിയിച്ചു.
Sports
തിരുവനന്തപുരം: മലയാളക്കരയിൽ ക്രിക്കറ്റ് ആവേശം വാനോളമുയർത്തുന്ന ഇന്ത്യ x വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യമത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്ത് വിമാനമിറങ്ങി.
വെസ്റ്റ് ഇൻഡീസ് ടീം ഇന്നലെ രാവിലെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ചേർന്നു ടീം അംഗങ്ങളെ സ്വീകരിച്ചു.
ഇന്ത്യൻ ടീമംഗങ്ങൾ പല വിമാനങ്ങളിലായായാണ് തിരുവനന്തപുരത്തെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ മുംബൈയിൽനിന്നുള്ള വിമാനത്തിൽ വിരാട് കോഹ്ലി തിരുവനന്തപുരത്തെത്തി. ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാൾ എന്നിവർ രാത്രി 7.45നു വിമാനമിറങ്ങി.
മുൻ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പടെയുള്ളവർ ഇന്നു രാവിലെ 11.50 ന് എത്തും. കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് മത്സരം.
തലസ്ഥാനത്തെത്തിയ താരങ്ങളെ കനത്ത സുരക്ഷാവലയത്തിലാണ് താമസസ്ഥലങ്ങളിലേക്ക് എത്തിച്ചത്. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, താരങ്ങൾ താമസിക്കുന്ന ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ഒന്നാം ഏകദിനത്തിനായി ഇരു ടീമുകളും ബുധനാഴ്ച തിരുവനന്തപുരത്തെത്തും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം.
കനത്ത സുരക്ഷാ വലയത്തിലായിരിക്കും താരങ്ങളെ താമസസ്ഥലങ്ങളിലേക്ക് എത്തിക്കുക. ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും, വെസ്റ്റ് ഇൻഡീസ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, താരങ്ങൾ താമസിക്കുന്ന ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മത്സരം സുഗമമായി നടത്തുന്നതിനായി ജില്ലാ ഭരണകൂടവും സിറ്റി പോലീസും കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) സംയുക്തമായി വിപുലമായ തയാറെടുപ്പുകളാണ് പൂർത്തിയാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിൽ കാണികൾക്കായി എല്ലാവിധ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: അഞ്ചുവയസുകാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. ബാലരാമപുരം കോട്ടുകാൽകോണത്തുണ്ടായ സംഭവത്തിൽ ദീപക് എന്ന കുട്ടിയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചമുതൽ കുട്ടിയെ കാണാനില്ലായിരുന്നു.
തുടർന്ന് പൊലിസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിനൊടുവിലാണ് വീടിനു സമീപത്തെ ആൾതാമസമില്ലാത്ത കിണറ്റിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബാലരാമപുരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു ഷാർജയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധം ആരംഭിച്ചു.
ഇന്ന് രാവിലെ എട്ടരയോടെ ഷാർജയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് യാത്രക്കാർക്ക് ഒരു മുന്നറിയിപ്പും നൽകാതെ റദ്ദാക്കിയത്. യാത്രക്കാരുടെ പ്രതിഷേധം തണുപ്പിക്കാൻ എയർ ഇന്ത്യ അധികൃതർ ചർച്ച തുടങ്ങി.
Kerala
തിരുവനന്തപുരം: നഗരമധ്യത്തിൽ നിന്ന് മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ നിർദ്ദേശത്തെച്ചൊല്ലി രാഷ്ട്രീയ പോര് കനക്കുന്നു.മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ചും വിമർശിച്ചും നിരവധിപേർ രംഗത്തെത്തി. വിഷയത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി മേയർ വി.വി. രാജേഷ് വ്യക്തമാക്കി.
നഗരത്തിനുള്ളിലെ മൃഗശാല അപൂർവയിനം മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാണ്. മൃഗങ്ങൾ ചത്തുപോകുന്നുണ്ട്. മൃഗങ്ങൾക്ക് രോഗം പരക്കുമ്പോൾ സമീപ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. ആ ഭീതി സമീപത്ത് താമസിക്കുന്നവർ പറയാറുണ്ട്. മൃഗങ്ങൾ ചാടിപ്പോവുമ്പോൾ ജനങ്ങൾ ഭീതിയിലാണെന്നും മേയർ പറയുന്നു.
അതിനോടൊപ്പംതന്നെ നിലവിൽ പൂജപ്പുരയിൽ സ്ഥിതിചെയ്യുന്ന സെൻട്രൽ ജയിൽ അവിടെനിന്നും മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കണമെന്ന് മേയർ അഭിപ്രായപ്പെട്ടു. ജയിൽ പൂജപ്പുരയിൽ വന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ഇക്കാര്യത്തിലും സർക്കാർ വേണ്ട തീരുമാനം എടുക്കണമെന്നും മേയർ പറഞ്ഞു.
തിരുവനന്തപുരത്ത് നടക്കുന്ന റീ ഇമേജിനിംഗ് റൗണ്ട് ടേബിൾ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മൃഗശാല നഗരമധ്യത്തിൽനിന്നും കൂടുതൽ വിശാലമായ വനപ്രദേശത്തേക്ക് മാറ്റണമെന്ന ആശയം മുന്നോട്ടുവെച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെയും മേയറുടെയും നിലപാടുകൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുൻ എംഎൽഎ വി.കെ. പ്രശാന്ത് രംഗത്തെത്തി.
മൃഗശാല നഗരത്തിൽ നിന്ന് മാറ്റുന്നതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും വിലപിടിപ്പുള്ള ഈ ഭൂമി വൻകിട മുതലാളിമാർക്ക് മറിച്ചുനൽകാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മേയർ ഇത്തരം നിലപാടിനെ പിന്തുണയ്ക്കുന്നത് നിർഭാഗ്യകരമാണെന്നും ഇടതുപക്ഷം നീക്കത്തെ പ്രതിരോധിക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കുടുംബവഴക്കിനിടെ ചെറുമകൻ വയോധികയെ കൊലപ്പെടുത്തി. തിരുവനന്തപുരം ചാന്നാങ്കരയിൽ നടന്ന സംഭവത്തിൽ ചാന്നാങ്കര സ്വദേശി മെഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. മെഴ്സിയും ഷിബിനും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് സമീപവാസികൾ പൊലിസിൽ മൊഴി നൽകി. ഇന്ന് രാവിലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ഷിബിൻ മെഴ്സിയുടെ കഴുത്തറക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഷിബിനെ കഠിനംകുളത്ത് വെച്ച് പൊലിസ് പിടികൂടുകയായിരുന്നു. മെഴ്സി മത്സ്യക്കച്ചവടം നടത്തി വരികയായിരുന്നു. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Sports
കണ്ണൂർ: സംസ്ഥാന സ്കൂൾ ഗ്രൂപ്പ് ഒന്ന് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ജിംനാസ്റ്റിക്സിൽ തിരുവനന്തപുരത്തിന് കിരീടം. 19 വീതം സ്വർണവും വെള്ളിയും 32 വെങ്കലവും നേടി 185 പോയിന്റുകളോടെയാണ് തിരുവനന്തപുരം ചാന്പ്യൻമാരായത്.
13 സ്വർണം 16 വെള്ളി, ഏഴ് വെങ്കലം എന്നിവയോടെ 123 പോയിന്റുകൾ നേടിയ ആതിഥേയരായ കണ്ണൂർ രണ്ടാം സ്ഥാനം നേടി. നാലു സ്വർണം, ആറു വെള്ളി, മൂന്ന് വെങ്കലം എന്നിവ നേടി 46 പോയിന്റുകൾ കരസ്ഥമാക്കിയ കോഴിക്കോടിനാണ് മൂന്നാം സ്ഥാനം.
റെസ്ലിംഗ് മത്സരത്തിൽ 60 ഇനങ്ങളിൽ 40 എണ്ണം പൂർത്തിയായപ്പോൾ 88 പോയിന്റുകളുമായി കണ്ണൂർ മുന്നിൽ. തയ്ക്വണ്ടോയിൽ 68 ഇനങ്ങളിൽ 21 എണ്ണം പൂർത്തിയപ്പോൾ മലപ്പുറമാണ് മുന്നിലുള്ളത്. റെസ്ലിംഗിൽ കണ്ണൂർ ഇതുവരെയായി 13 സ്വർണവും ആറു വെള്ളിയും അഞ്ചു വെങ്കലവും നേടിയിട്ടുണ്ട്.
12 സ്വർണവും രണ്ടു വെള്ളിയും ഒന്പത് വെങ്കലവുമായി 75 പോയിന്റുകൾ നേടിയ തിരുവനന്തപുരം രണ്ടാം സ്ഥാനത്തുണ്ട്. രണ്ട് സ്വർണം, ആറ് വെള്ളി, 10 വെങ്കലം എന്നിവ കരസ്ഥമാക്കി 38 പോയിന്റെ നേടിയ പാലക്കാടാണ് മൂന്നാം സ്ഥാനത്തുള്ളത്.
തയ്ക്വണ്ടോയിൽ ആറു വീതംസ്വർണവും വെള്ളിയും രണ്ടു വെങ്കലവുമായി 50 പോയിന്റ് നേടിയാണ് മലപ്പുറം ഒന്നാമതുള്ളത്. ആറ് സ്വർണം, ഒരു വെള്ളി, അഞ്ച് വെങ്കലം എന്നിവ നേടി 38 പോയിന്റുകൾ നേടിയ കാസർഗോഡ് രണ്ടാം സ്ഥാനത്തും രണ്ടു സ്വർണം, മൂന്ന് വെള്ളി, രണ്ടു വെങ്കലം എന്നിവ നേടി 21 പോയിന്റുകളുള്ള എറണാകുളമാണ് മൂന്നാം സ്ഥാനത്ത്.
District News
പേരൂർക്കട: തിരുവനന്തപുരം എക്സൈസ് സംഘവും ആർപിഎഫും സംയുക്തമായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നടത്തിയ ഓപ്പറേഷനിൽ വൻതോതിൽ കഞ്ചാവ് കണ്ടെത്തി.
ഒന്പത് പേപ്പർ ബാഗുകളിൽ ഒളിപ്പിച്ചിരുന്ന ഒന്പതുകിലോയോളം കഞ്ചാവാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു പരിശോധന.
രഹസ്യ വിവരത്തെ തുടർന്നാണ് ഇരുവിഭാഗവും സംയുക്തമായി റെയ്ഡ് നടത്തിയത്. എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തുമെന്ന് സൂചന ലഭിച്ചതോടെ നാലാം നമ്പർ പ്ലാറ്റ്ഫോമിലെ കസേരകൾക്കിടയിൽ ഒളിപ്പിക്കുകയായിരുന്നു കഞ്ചാവ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത് എന്നാണ് സൂചന. അതുകൊണ്ടുതന്നെ സംഘത്തിൽ ഉത്തരേന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടാകും എന്ന് കരുതുന്നു.
പ്രതികളെന്ന് സംശയിക്കുന്നവരെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ട്രെയിനിലാണ് കഞ്ചാവ് എത്തിച്ചതെന്നും പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതായും എക്സൈസ് അധികൃതർ വ്യക്തമാക്കി.
സംയുക്ത പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പി.സി ഗിരീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനു രാജ്, പ്രിവന്റീവ് ഓഫീസർ പ്രവീൺ, റെയിൽവേ പൊലിസ് സബ് ഇൻസ്പെക്ടർമാരായ എസ്. അനൂബ്, ശ്രീ രംഗനാഥൻ, എ.എസ്.ഐ ലെനിൻ, ഹെഡ് കോൺസ്റ്റബിൾമാരായ വിനോദ് കുമാർ, പ്രശാന്ത്, മനു എന്നിവർ പങ്കെടുത്തു.
Kerala
പേരൂർക്കട: എക്സൈസ് വകുപ്പും ആർപിഎഫുമായി ചേർന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 8.7 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. റെയിൽവേ പ്ലാറ്റ്ഫോമിലെ കസേരകളുടെ അടിയിലായി ഒരു ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.
സംയുക്ത പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പി.സി ഗിരീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനു രാജ്, പ്രിവന്റീവ് ഓഫീസർ പ്രവീൺ, റെയിൽവേ പൊലിസ് സബ് ഇൻസ്പെക്ടർമാരായ എസ്. അനൂബ്, ശ്രീരംഗനാഥൻ, എഎസ്ഐ ലെനിൻ, ഹെഡ് കോൺസ്റ്റബിൾമാരായ വിനോദ് കുമാർ, പ്രശാന്ത്, മനു എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്തെ ത്രീസ്റ്റാര്, ഫൈവ് സ്റ്റാര് ഹോട്ടലുകളില് വ്യാപക പരിശോധന. പഴകിയ ഭക്ഷണസാധനങ്ങള് പിടിച്ചെടുത്തു. കോര്പറേഷന് ആരോഗ്യവിഭാഗം ഒരേ സമയമാണ് തലസ്ഥാനത്തെ പ്രമുഖ ഹോട്ടലുകളില് പരിശോധന നടത്തിയത്. നോണ് വെജ്, വെജ് ഫുഡുകള് ഒരുമിച്ചു സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ താപനിലയില്ലാതെയാണ് ഭക്ഷണസാധനങ്ങള് സൂക്ഷിച്ചിരുന്നതെന്നും പരിശോധനയില് കണ്ടെത്തി.
ആരോഗ്യ വിഭാഗത്തിലെ നൂറില്പരം ഉദ്യോഗസ്ഥര് പതിനാല് സ്ക്വാഡുകളായാണ് ഇന്നു രാവിലെ മുതല് ഹോട്ടലുകളില് പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങള് വാഹനങ്ങളില് കയറ്റി കോര്പറേഷന് ഓഫീസിലേക്കു കൊണ്ടുപോയി.
നഗരത്തിലെ വന്കിട ഹോട്ടലുകള് വൃത്തിഹീനമായ അവസ്ഥയിലാണ് പ്രവര്ത്തിക്കുന്നതെന്നു നിരവധി പരാതികള് ഉയര്ന്ന സാഹചര്യത്തിലാണ് ഇന്നു രാവിലെ മുതല് പരിശോധന നടത്താന് തീരുമാനിച്ചത്.
കോര്പറേഷന് ആരോഗ്യ വിഭാഗം നേരത്തെ തട്ടുകടകളില് പരിശോധന നടത്തുകയും നിരവധി തട്ടുകടകളുടെ പ്രവര്ത്തനം നിരോധിച്ചിരുന്നു. വലിയ ഹോട്ടലുകളില് പരിശോധന നടത്താതെ തട്ടുകടക്കാരെ മാത്രം ബുദ്ധിമുട്ടിക്കുന്നുവെന്ന വിമര്ശനം ഉയര്ന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റാർ ഹോട്ടലുകളിലും പരിശോധന നടത്തിയത്.
NRI
തിരുവനന്തപുരം: പൂവച്ചൽ മുളമൂട് സ്വദേശിനിയായ അഞ്ജനയെ (25) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മുളമൂട് ബിഎസ് ഭവനിൽ ബാബു - സിന്ധു ദമ്പതികളുടെ മകളാണ്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഏറെ നേരമായിട്ടും മുറിയിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അഞ്ജനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യുകെയിൽ ഉപരിപഠനം നടത്തുന്നതിനുള്ള തയാറെടുപ്പിലായിരുന്നു അഞ്ജന. യുകെയിലുള്ള സഹോദരനൊപ്പം പഠനത്തിനായി പോകാൻ ഒരുങ്ങിയിരുന്നെങ്കിലും വീസ ലഭിക്കുന്നതിലുണ്ടായ കാലതാമസം മൂലം യാത്ര തടസപ്പെട്ടതിൽ അഞ്ജന മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലിസിനെ അറിയിച്ചത്.
മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് പൊലിസ് അന്വേഷണം നടത്തിവരികയാണ്. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അഞ്ജന പഠനവുമായി ബന്ധപ്പെട്ട കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് യുകെയിൽ ഉപരിപഠനത്തിന് ശ്രമിച്ചിരുന്നത്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൊലീസ് സ്വീകരിച്ചു.
സഹോദരൻ: സഞ്ജു. മരണകാരണം സംബന്ധിച്ച ബന്ധുക്കളുടെ മൊഴിയും പൊലിസിന്റെ പ്രാഥമിക നിഗമനവുമാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്. പൊലിസ് അന്വേഷണത്തിന് ശേഷമേ കൂടുതൽ വ്യക്തത ലഭിക്കൂ.
Kerala
തിരുവനന്തപുരം: പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയശേഷം തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശിയെ പൊലിസ് അറസ്റ്റ് ചെയ്തു. അലിപുരിൽനിന്നുള്ള പ്രശൻജിത്ത് ദാസാണ് (27) ശ്രീകാര്യം പൊലിസിന്റെ പിടിയിലായത്. നിർമാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന പ്രശൻജിത്ത് കഴിഞ്ഞ 31ന് അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് സംഭവം നടന്നത്.
അച്ഛൻ സഞ്ജയ് ദാസ് അമ്മയെ മർദിക്കുന്നത് കണ്ടതിനെ തുടർന്ന് പ്രശൻജിത്ത് വിറക് കമ്പുകൊണ്ട് അച്ഛനെ തലയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് ഉഷാറാണിയും പ്രശൻജിത്തും ചേർന്ന് സഞ്ജയ് ദാസിനെ മർദിച്ചതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലിസ് കണ്ടെത്തൽ. സംഭവത്തിൽ ഉഷാറാണിയെ പശ്ചിമബംഗാൾ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ സംഭവത്തിന് പിന്നാലെ പ്രശൻജിത്ത് കേരളത്തിലേക്ക് കടക്കുകയായിരുന്നു. പശ്ചിമബംഗാൾ പൊലിസിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശ്രീകാര്യത്തെ ചക്കാലമുക്കിലുള്ള ലേബർ ക്യാന്പിൽ നിന്ന് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ അടുത്ത ദിവസം തന്നെ പശ്ചിമബംഗാൾ പൊലിസിന് കൈമാറും.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്ത് നൽകി രാജിവ് ചന്ദ്രശേഖർ എംഎൽഎ.
തിരുവനന്തപുരം മെട്രോ ട്രെയിൽ പദ്ധതി ആരംഭിക്കാൻ സർക്കാർ തീരുമാനമെടുത്തത് പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെയാണ്. എന്നാൽ പദ്ധതി ആരംഭിക്കുന്നത് പാപ്പനംകോട് നിന്നും മാറ്റി നേമം റെയിൽവേ സ്റ്റേഷൻ വരെ നീട്ടണമെന്ന് ആവശ്യവുമായിട്ടാണ് മുഖ്യമന്ത്രിക്ക് രാജിവ് ചന്ദ്രശേഖർ എംഎൽഎ കത്ത് നൽകിയത്.
മെട്രോ റെയിൽ നേമം വരെ നീട്ടുന്നതിലോടുകൂടി തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് സ്ഥലം എംഎൽഎ കൂടിയായ രാജീവ് ചന്ദ്രശേഖർ കത്ത് നൽകിയത്.
മെട്രോ നേമം സ്റ്റേഷൻ വരുന്നതോടുകൂടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അടക്കം കൂടുതൽ പ്രയോജനകരമായി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കഴക്കൂട്ടം -കാരോട് ബൈപാസിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. പടിഞ്ഞാറേകോട്ട വഴി ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽപെട്ടത്.
കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ഇതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.
വിവരം അറിഞ്ഞ് ചാക്ക ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡാൻസാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ലഹരി സംഘത്തെ പിടിക്കാൻ പോയ ഡാൻസാഫ് സംഘത്തിലെ രണ്ട് പൊലിസുകാരെയാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
വിനീത്, റോജിൻ എന്നിവർക്ക് നേരെയാണ് വധശ്രമമുണ്ടായത്. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് പൊലിസുകാരെ അപായപ്പെടുത്താൻ ശ്രമമുണ്ടായത്.
വലിയതുറ സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പൊലിസിന്റെ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇരുവരെയും അൾട്ടോ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് കാർ നിർത്തിയ ശേഷം പിന്നോട്ടെടുത്ത് ഇരുവരുടെയും ദേഹത്ത് ഇടിക്കുകയായിരുന്നു.
റോജിന്റെ കാലിലൂടെ കാർ കയറ്റിയിറക്കി. വാഹനത്തിലുണ്ടായിരുന്നവർ ലഹരിസംഘമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കേരള ബാങ്കിന്റെ ആസ്ഥാനത്ത് വിജിലൻസ് പരിശോധന നടത്തി. അഞ്ച് ജില്ലകളിലെ ശാഖകളിൽ സിസിടിവിയും അലാം സംവിധാനവും സ്ഥാപിക്കുന്നതിനായി ബാങ്ക് ക്ഷണിച്ച ടെൻഡറിൽ ക്രമക്കേട് നടന്നുവെന്ന് പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഒരു കമ്പനിക്ക് മാത്രം കരാർ ലഭിക്കുന്ന തരത്തിൽ ടെൻഡറിൽ കൃത്രിമത്വം നടത്തിയെന്നാണ് പരാതി. കേരള ബാങ്കിന്റെ 823 ശാഖകളിൽ 317 ശാഖകളിൽ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് ടെൻഡർ ക്ഷണിച്ചത്. 317 ശാഖകളിൽ സിസിടിവിയും 149 ശാഖകളിൽ അലാം സംവിധാനവും സ്ഥാപിക്കാനായിരുന്നു പദ്ധതി.
റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും നിർദേശത്തെ തുടർന്നാണ് സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്ന് ടെൻഡർ രേഖകളിൽ വ്യക്തമാക്കിയിരുന്നു. ടെൻഡർ നടപടികളിൽ ക്രമക്കേട് നടന്നിട്ടുണ്ടോ, ഒരു കമ്പനിക്ക് മാത്രം കരാർ ലഭിക്കുന്ന തരത്തിൽ വ്യവസ്ഥകൾ തയാറാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് വിജിലൻസ് പരിശോധിക്കുന്നത്.
Kerala
തിരുവനന്തപുരം: ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ച വിദ്യാർഥികളെ മർദിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ മന്തി എന്ന സ്ഥാപനത്തിൽ നടന്ന സംഭവത്തിൽ കട ഉടമയടക്കം മൂന്നുപേർ അറസ്റ്റിലായെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് മർദനമേറ്റത്. ഹാഫ് മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ടതോടെയാണ് ഹോട്ടൽ ജീവനക്കാരുമായി വിദ്യാർഥികൾ വാക്കുതർക്കത്തിലേർപ്പെട്ടത്.
ഫുൾ മന്തി വാങ്ങുന്നവർക്ക് മാത്രമേ അധിക റൈസ് നൽകാൻ കഴിയൂവെന്ന് ജീവനക്കാർ പറഞ്ഞതോടെ തർക്കം രൂക്ഷമായി. ഇതിനിടെ ഇവർ വിദ്യാർഥികളെ മർദിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
Kerala
തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ ഇഡി ആക്രമണക്കേസിലെ പ്രതികൾ പോലീസുകാരോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുത്തത് വിവാദമാകുന്നു. സിപിഎം നേതാവ് ഐ.പി. ബിനു അടക്കമുള്ള പ്രതികളാണ് പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ചത്.
ഓണാഘോഷത്തിനെത്തിയ പോലീസുകാർ ധരിച്ചിരുന്ന അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് പ്രതികളും എത്തിയത്. പോലീസ് സ്റ്റേഷന് മുന്നിൽ സ്ഥാപിച്ച ഊഞ്ഞാലിൽ പ്രതികൾ ആടുകയും ഇതിന്റെ റീൽ ചിത്രീകരിക്കുകയും ചെയ്തു. റീൽ ചിത്രീകരിച്ചതിന് പിന്നാലെ ഊഞ്ഞാൽ അഴിച്ചുമാറ്റി.
പ്രതികൾക്ക് സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസമായിരുന്നു ഇന്ന്. ഇതിനിടെയാണ് ഓണാഘോഷത്തിന്റെ ഭാഗമായി ഇവർ ഊഞ്ഞാലാടിയത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ടൂവീലർ വർക്ക്ഷോപ്പിൽ തീപിടിച്ച് എട്ട് വാഹനങ്ങൾ കത്തിനശിച്ചു. ബാലരാമപുരം ജംഗ്ഷന് സമീപം ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിലാണ് ഇന്നലെ രാത്രി തീപിടിച്ചത്.
അപകടസമയത്ത് ജീവനക്കാർ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നെയ്യാറ്റിൻകരയിൽനിന്ന് എത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളും പോലീസും ചേർന്നാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.
Sports
തിരുവനന്തപുരം: കെസിഎൽ മൂന്നാം സീസണിന് ഇന്ന് തുടക്കമാകും. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ അഞ്ച് വരെയാണ് മത്സരങ്ങൾ. ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടും.
പിന്നാലെ വൈകുന്നേരം ആറിന് വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ നടക്കും. കാണികൾക്കായി വിവിധ വിനോദ പരിപാടികളും കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ, സെക്രട്ടറി വിനോദ് എസ്. കുമാർ, കെസിഎൽ ചെയർമാൻ നാസിർ മച്ചാൻ, സിഇഒ മിനു ചിദംബരം എന്നിവർക്കൊപ്പം കെസിഎ ബോർഡ് അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.
രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏരീസ് കൊല്ലം സെയ്ലേഴ്സും തമ്മിൽ ഏറ്റുമുട്ടും. കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ് എന്നീ ആറ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
മത്സരങ്ങളുടെ ആവേശത്തിനൊപ്പം കാണികൾക്ക് ഉത്സവപ്രതീതി സമ്മാനിക്കാൻ ഇന്ന് മുതൽ ഫാൻ വില്ലേജും പ്രവർത്തനം ആരംഭിക്കും. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ അഞ്ചാം ഗേറ്റിന് സമീപമാണ് ഫാൻ വില്ലേജ് ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. സെപ്റ്റംബർ അഞ്ച് വരെ പ്രവർത്തിക്കുന്ന ഫാൻ വില്ലേജിൽ കുടുംബസമേതം ആസ്വദിക്കാവുന്ന വിവിധ പരിപാടികളും വിനോദങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് ഇന്ന് മുതൽ ആരംഭിക്കും. തിരുവനന്തപുരം - എറണാകുളം റൂട്ടിലാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കുള്ള ഓൺലൈൻ ബുക്കിംഗും ആരംഭിച്ചു.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് എറണാകുളത്തേക്കും തിരിച്ചുമുള്ള സർവീസ്. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.30ന് പുറപ്പെട്ട് കൊല്ലം അയത്തിൽ, ആലപ്പുഴ കൊമാടി, ഹൈക്കോടതി വഴി രാവിലെ ഒൻപതേ മുക്കാലിന് എറണാകുളത്ത് എത്തും. തിരികെ വൈകിട്ട് 5.30ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാത്രി 9.45ന് ബസ് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
36 പ്രീമിയം റിക്ലൈനിംഗ് സീറ്റുകളാണ് ബസിലുള്ളത്. ഓരോ സീറ്റിലും വ്യക്തിഗത വിനോദ സംവിധാനം ഒരുക്കിയിട്ടുണ്ട്. മിനി റഫ്രിജറേറ്ററും കോഫി മേക്കറും ഉൾപ്പെടുന്ന പാൻട്രി സംവിധാനവും ബസിനുള്ളിൽ തന്നെയുള്ള ടോയ്ലറ്റ് സൗകര്യവും ദീർഘദൂര യാത്രക്കാർക്ക് ഏറെ സഹായകമാകും. മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ചാർജിംഗ് പോർട്ടുകളും സൗജന്യ വൈഫൈ സൗകര്യവും ബസിൽ ലഭ്യമാക്കിയിട്ടുണ്ട്.
ടിക്കറ്റുകൾ മുൻകൂട്ടി വാട്സ്ആപ്പിലൂടെ ബുക്ക് ചെയ്യാൻ 9447071021 എന്ന നമ്പറിലേക്ക് 'Hai' എന്ന് സന്ദേശം അയക്കാം. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ്, എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് മൊബൈൽ ആപ്ലിക്കേഷൻ, മറ്റ് റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
Kerala
തിരുവനന്തപുരം: ആളൊഴിഞ്ഞ കെട്ടിടത്തില് നിന്നും തീയും പുകയും ഉയര്ന്നത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. മൂന്നുനിലകെട്ടിടത്തിനു മുകളില് ഒരാള് ആത്മഹത്യ ചെയ്യാനൊരുങ്ങുന്നു എന്ന സന്ദേശത്തെ തുടര്ന്നാണ് തിരുവന്തപുരം ബേക്കറി ജംഗ്ഷനു സമീപത്തെ കെട്ടിടസമുച്ചയത്തിലേക്കു ഫയര്ഫോഴ്സ് സംഘം എത്തുന്നത്.
പണി പൂര്ത്തീകരിച്ച് ആളൊഴിഞ്ഞുകിടക്കുന്ന മൂന്നു നില കെട്ടിടത്തിന്റെ രണ്ടാംനിലയില് നിന്നായിരുന്നു തീയും പുകയും ഉയര്ന്നത്. തുടർന്ന് ഫയർഫോഴ്സ് സംഘം അകത്തുകയറിയപ്പോൾ പുരുഷന്മാരുടെ വസ്ത്രങ്ങള് കത്തിയ നിലയിൽ കണ്ടെത്തി. തുടർന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
അതേസമയം 65 വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ഈ കെട്ടിടത്തിനു സമീപത്തു ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കെട്ടിടത്തിനുള്ളില് കയറിയശേഷം ഇവര് വസ്ത്രങ്ങള്ക്കു തീയിട്ടതാണെന്നു കരുതുന്നു. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: പട്ടം പ്ലാമൂട് ജംഗ്ഷനിലെ ഫർണിച്ചർ കടയിൽ വൻ തീപിടുത്തം. ഫർണിച്ചർ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്.
സമീപത്ത് മറ്റു കെട്ടിടങ്ങളും ഉണ്ട്. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാൻ ശ്രമം നടത്തുന്നു. അടുത്തുള്ള മറ്റ് കടകൾക്കും തീ പടരുന്നത് തടയാൻ അധികൃധർ നിർദേശം നൽകി. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തി. പ്രദേശമാകെ പുകയാണ്. സമീപത്തുള്ളവരെ ഒഴിപ്പിച്ചു.
തൊട്ടടുത്ത് സ്വകര്യ ഹോട്ടലാണ്. അവിടുത്തെ താമസക്കാരെ മാറ്റി പാർപ്പിച്ചു. നിലവിൽ തീ നിയന്ത്രിക്കാൻ ആയിട്ടുണ്ടെന്നാണ് ഫയർ ഫോഴ്സ് അധികൃതർ വ്യക്തമാക്കുന്നത്.
Kerala
തിരുവനന്തപുരം: പൊതുഇടങ്ങളിൽ സ്ത്രീകളുടെ സുരക്ഷിതത്വവും അവകാശവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ റിസർജ് – സേഫ് വിമൺ, സേഫ് കേരള' എന്ന പേരിൽ നടത്തിയ വനിതാ സംഗമവും രാത്രിനടത്തവും മുഖ്യമന്ത്രി വി.ഡി.സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം എംജി റോഡിൽ യൂണിവേഴ്സിറ്റി ജംഗ്ഷൻ മുതൽ ആയുർവേദ കോളജ് വരെയായിരുന്നു രാത്രിനടത്തം. സ്ത്രീകളുടെ ഈ ഒത്തുചേരൽ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകൾക്ക് ഏത് സമയവും ഭയമില്ലാതെ സുരക്ഷിതമായി നടക്കാനുള്ള അന്തരീക്ഷം കേരളത്തിൽ ഒരുക്കി, അതൊരു മാതൃകയാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സാമൂഹിക-സാമ്പത്തിക വികസനത്തിലും സ്ത്രീകൾക്ക് തുല്യ പങ്കാളിത്തമുണ്ടെന്ന സന്ദേശവും ഈ സംഗമം നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് നടന്ന ഫ്രീഡം വാക്കിൽ സെക്രട്ടേറിയറ്റ് വരെ മുഖ്യമന്ത്രിയും വനിതകൾക്കൊപ്പം നടന്നു. പരിപാടിയുടെ ഭാഗമായി വനിതകൾ അവതരിപ്പിച്ച കളരിപ്പയറ്റടക്കമുള്ള പ്രകടനങ്ങൾ മുഖ്യമന്ത്രി വീക്ഷിച്ചു.
കൂട്ടായ്മയിൽ മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ.എ. തുളസി, തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് തുടങ്ങിയവർ പങ്കെടുത്തു.
Sports
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു. 20ന് ആരംഭിക്കുന്ന സീസണിന് മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ടീം.
കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് ടീം പരിശീലനം ആരംഭിച്ചിരിക്കുന്നത്. താരങ്ങളുടെ ശാരീരികക്ഷമത, മത്സരസജ്ജത, ടീം കോമ്പിനേഷൻ, തന്ത്രപരമായ തയാറെടുപ്പുകൾ എന്നിവയ്ക്കാണ് ക്യാമ്പിൽ പ്രധാന പരിഗണന. പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം മികച്ച യുവതാരങ്ങളെയും ഉൾപ്പെടുത്തി സന്തുലിതമായ ടീമിനെയാണ് ബ്ലൂ ടൈഗേഴ്സ് ഒരുക്കിയിരിക്കുന്നത്.
സാലി സാംസൺ ക്യാപ്റ്റനായും ബേസിൽ തമ്പി വൈസ് ക്യാപ്റ്റനുമാണ്. ഹെഡ് കോച്ച് റൈഫി വിൻസെൻ ഗോമസിന്റെ നേതൃത്വത്തിലാണ് സീസൺ മൂന്നിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ടീമംഗങ്ങൾക്ക് ഒരുമിച്ച് കൂടുതൽ സമയം ചെലവഴിച്ച് മികച്ച ടീം കോമ്പിനേഷൻ രൂപപ്പെടുത്തുന്നതിന് തിരുവനന്തപുരം ക്യാമ്പ് നിർണായകമാകുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.
Kerala
തിരുവനന്തപുരം: നീറ്റ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ജൊഹാൻ ജോബ്, ബി. നീരജ്, നിവേദിത മനോജ് നായർ, മുഹമ്മദ് ഫാദിൽ, തോമസ് കുര്യൻ, മുരളീകൃഷ്ണ അശോക്, ലാറീൻ മുഹമ്മദ്, അച്യുത് ശൈലേന്ദർ ഉമേഷ് എന്നിവരെയും ഉന്നതവിജയം കരസ്ഥമാക്കിയ 550ൽ അധികം വിദ്യാർഥികളെയും അനുമോദിച്ചു.
തിരുവനന്തപുരം മാർ ഈവാനിയോസ് നഗറിലെ ഗിരിദീപം കണ്വൻഷൻ സെന്ററിൽ നടന്ന ബ്രില്ല്യന്റ് മെഡിക്കൽ വിക്ടറിഡേ ‘മെഡികൊണ്ക്വർ 2026’ വനംമന്ത്രി ഷിബു ബേബി ജോണ് ഉദ്ഘാടനം ചെയ്തു. വി. മുരളീധരൻ എംഎൽഎയുടെ അധ്യക്ഷനായിരുന്നു. മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ യൂഹാനോൻ മാർ അലക്സിയോസ് അനുഗ്രഹപ്രഭാഷണവും തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ മുഖ്യപ്രഭാഷണവും നടത്തി.
കൊടിക്കുന്നിൽ സുരേഷ് എംപി, എം. വിൻസെന്റ് എംഎൽഎ, എഡിജിപി പി. വിജയൻ, ലയോള സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സാൽവിൻ അഗസ്റ്റിൻ എസ്ജെ, തിരുവനന്തപുരം അതിരുപത സെൽഫ് ഫിനാൻസിങ്ങ് സ്കൂൾ സെക്രട്ടറി ഫാ. ജോർജ് മാത്യു കരൂർ, മാർത്തോമ്മാ ചർച്ച് എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി ഡോ. രാജൻ വർഗീസ്, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസിലെ ന്യൂറോളജി പ്രഫസർ ഡോ. ശ്യാം കൃഷ്ണൻ നായർ, തിരുവനന്തപുരം കോർപറേഷൻ കൗണ്സിലർ ത്രേസ്യാമ്മ തോമസ് എന്നിവർ വിജയികൾക്ക് സ്വർണമെഡലുകളും സ്കോളർഷിപ്പുകളും സമ്മാനിച്ചു.
നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 720ൽ 695 മാർക്കോടെ മലയാളികളിൽ ഒന്നാമനായ ജൊഹാൻ ജോബിനും 692 മാർക്കോടെ കേരളാ ടോപ്പറായ ബി. നീരജിനും 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ് മെഡലുമാണ് സമ്മാനിച്ചത്. 686 മാർക്ക് നേടിയ നിവേദിത മനോജ് നായർക്ക് 10 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ്മെഡലും സമ്മാനിച്ചു. 685 മാർക്ക് നേടിയ മുഹമ്മദ് ഫാദിലിനും 683 മാർക്ക് നേടിയ തോമസ് കുര്യനും അഞ്ച് ലക്ഷം രൂപയുടെ വീതം സ്കോളർഷിപ്പും ഗോൾഡ്മെഡലുമാണ് സമ്മാനിച്ചത്.
677 മാർക്ക് നേടിയ മുരളീകൃഷ്ണ അശോകിനും 675 മാർക്ക് നേടിയ ലാറിൻ മുഹമ്മദിനും 675 മാർക്ക് നേടിയ അച്ചുദ് ശൈലേന്ദർ ഉമേഷിനും ഒരു ലക്ഷം രൂപയുടെ വീതം സ്കോളർഷിപ്പും ഗോൾഡ്മെഡലും ഉൾപ്പെടെ മുന്നൂറിലധികം വിദ്യാർഥികൾക്ക് ബ്രില്ല്യന്റിന്റെ സ്നേഹോപഹാരങ്ങൾ നൽകി. ഡയറക്ടർമാരായ ജോർജ് തോമസ്, സെബാസ്റ്റ്യൻ ജി. മാത്യു, സ്റ്റീഫൻ ജോസഫ്, ബി. സന്തോഷ്കുമാർ എന്നിവർ വിജയികളെ അനുമോദിച്ചു. മികച്ച വിജയം നേടിയ 550ൽ അധികം വിദ്യാർഥികൾ ഉൾപ്പെടെ മൂവായിരത്തിലധികം ആളുകൾ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സ്വർണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുള്ള അഞ്ച് പേരെ തിരുവനന്തപുരം സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തുമ്പ, തമ്പാനൂർ മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
തുമ്പ സ്വദേശികളായ ഷൈജു, ഷാ, തമ്പാനൂർ സ്വദേശികളായ വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരാണ് അറസ്റ്റിലായത്. തുമ്പ പോലീസും തമ്പാനൂർ പോലീസും ചേർന്നാണ് നടപടി സ്വീകരിച്ചത്. അർജുൻ ആയങ്കി തിരുവനന്തപുരത്തെത്തുമ്പോൾ സ്ഥിരമായി ഇവരോടൊപ്പം താമസിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.
പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ ആയങ്കിയുമായുള്ള അടുത്ത ബന്ധം സംബന്ധിച്ച വിവരങ്ങളും ലഭിച്ചതായി പോലീസ് പറഞ്ഞു. ഷൈജുവിനും ഷായ്ക്കുമെതിരെ തുമ്പ പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
തലസ്ഥാന നഗരം കേന്ദ്രീകരിച്ച് അർജുൻ ആയങ്കി ഗുണ്ടാസംഘം രൂപീകരിച്ച് പ്രവർത്തിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശപ്രകാരം ഗുണ്ടാസംഘാംഗങ്ങളെയും അർജുൻ ആയങ്കിയെയും പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വധശ്രമക്കേസ് പ്രതികളെ പിടികൂടുന്നതിനിടെ പോലീസുകാർക്ക് നേരെ ആക്രമണം. തിരുവനന്തപുരം പൂങ്കുളത്ത് നടന്ന സംഭവത്തിൽ തിരുവല്ലം ശാന്തിപുരം സ്വദേശികളായ യദു (24), സഹോദരൻ അനന്തു (21) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ ആക്രമണത്തിൽ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ സിപിഒമാരായ രാകേഷ്, വിനയകുമാർ എന്നിവരുടെ മൂക്കിന് പരിക്കേറ്റിരുന്നു. കഴിഞ്ഞ നാലിന് വെങ്ങാനൂർ സ്വദേശി വിഷ്ണുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.
പൂങ്കുളം ജംഗ്ഷനിൽ നിന്ന് തൃശൂരിലേക്ക് കടക്കാൻ ബൈക്കിലെത്തിയപ്പോഴാണ് പ്രത്യേക പോലീസ് സംഘം ഇവരെ തടഞ്ഞത്. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വിനയകുമാറിന് നേരെയാണ് ആദ്യ ആക്രമണം ഉണ്ടായത്.
തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സിപിഒ റെജിൻ നാട്ടുകാരുടെ സഹായത്തോടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എന്നാൽ ജീപ്പിൽ കയറ്റിയപ്പോഴും ഇവർ ആക്രമണം തുടർന്നു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ കീഴ്പെടുത്തിയത്.
പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: ഓപറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ മിന്നൽപരിശോധന നടത്തി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ലഹരിവസ്തുക്കളും കഞ്ചാവും കണ്ടെടുത്തു.
തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ കഴിഞ്ഞ ദിവസം അർധരാത്രിയിലായിരുന്നു ജയിൽ അധികൃതർ ഉൾപ്പെട്ട സംയുക്ത സംഘം പരിശോധന നടത്തിയത്.
പരിശോധന ഇന്നലെ പുലർച്ചെ മൂന്നുവരെ നീണ്ടു. തടവുകാരെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളിലാണ് വ്യാപകമായി പരിശോധന നടത്തിയത്. പുറത്തുനിന്നു കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ജയിലിനകത്ത് ലഭിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരോളിൽ പോയി മടങ്ങിവരുന്ന തടവുകാരും ജയിലിൽ കഴിയുന്ന തടവുകാരെ സന്ദർശിക്കാനെത്തുന്നവരുമാണ് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ജയിലുകളിൽ എത്തിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നു ലഭിക്കുന്ന വിവരം.
ജയിൽ അധികൃതർ തടവുകാരെ പരിശോധിച്ച് അകത്തേക്ക് കടത്തിവിടുമെങ്കിലും പരിശോധന കാര്യക്ഷമമാകാത്തതാണ് ജയിലിനകത്ത് കഞ്ചാവ് എത്താൻ കാരണമെന്നാണ് ആക്ഷേപം.
ജയിലുകളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ സുലഭമായി ലഭിക്കുന്നുവെന്നു വ്യാപക പരാതികൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജയിൽ മേധാവി എസ്. ശ്രീജിത്തിന്റെ നിർദേശാനുസരണം സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ മിന്നൽ പരിശോധന നടത്തിയത്.
ജില്ലാ ജയിലുകൾ ഉൾപ്പെടെയുളള മറ്റിടങ്ങളിലും പരിശോധന നടത്തും. അതേ സമയം, പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൂജപ്പുര പോലീസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ കോർപറേഷൻ കൗൺസിൽ അംഗീകരിച്ചു. മേയർ വി.വി. രാജേഷാണ് കൗൺസിൽ അവധി അപേക്ഷ അംഗീകരിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.
മേയറുടെ കാസ്റ്റിംഗ് വോട്ടും പൗണ്ട് കടവ് വാർഡ് സ്വതന്ത്ര കൗൺസിലർ സുധീഷിന്റെ വോട്ടും ഉൾപ്പെടെ ആകെ 51 വോട്ടുകൾക്കാണ് സുഗതന്റെ അവധി അപേക്ഷ കൗൺസിൽ പാസാക്കിയത്. ഇതിനെത്തുടർന്ന് സുഗതനെ ആറുമാസത്തേക്ക് കൗൺസിൽ യോഗങ്ങളിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ വിയ്യൂർ ജയിൽ സൂപ്രണ്ട് വഴി സമർപ്പിച്ചിരുന്നു. ഈ അപേക്ഷയ്ക്ക് ആഭ്യന്തരവകുപ്പ് നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് മേയർ തുടർനടപടികൾ വിശദീകരിച്ചത്.
സുഗതന്റെ അവധി അപേക്ഷ കൗൺസിൽ വോട്ടിനിട്ട് അംഗീകരിച്ചാൽ കൗൺസിലർ സ്ഥാനം നഷ്ടപ്പെടാതെ സുരക്ഷിതമാക്കാം. കഴിഞ്ഞ രണ്ടിന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് മേയർ വി.വി. രാജേഷ് കൗൺസിൽ യോഗത്തിൽ വായിച്ചു.
എന്നാൽ ഭരണപക്ഷത്തിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടർന്ന് കൗൺസിൽ പിരിയുകയായിരുന്നു.
Kerala
തിരുവനന്തപുരം: കോർപറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് ഹൈക്കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാരാണ് മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്.
ഈ വോട്ട് നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു. കൗൺസിലർമാരുടെ ഇതുവരെയുള്ള നടപടികൾക്കുള്ള നിയമ സംരക്ഷണം കോടതി റദ്ദാക്കണമെന്നും അധികാരമില്ലാത്ത ബിജെപി കൗൺസിലർമാർ വോട്ട് ചെയ്തത് മുനിസിപ്പൽ ആക്ടിന് വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
അപ്പീലിൽ തെരഞ്ഞെടുപ്പ് കമ്മീഷനും 20 ബിജെപി കൗൺസിലർമാർക്കും നോട്ടീസ് അയച്ച കോടതി മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദ്ദേശിച്ചു. പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞനേരത്തെ ഹൈക്കോടതി അസാധുവാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: കോർപറേഷൻ കൗൺസിൽ വെള്ളിയാഴ്ച ചേരാനിരിക്കെ കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ അവധിക്ക് അപേക്ഷ നൽകി. അഭിഭാഷകൻ മുഖാന്തരമാണ് മേയർ വി.വി.രാജേഷിന് അവധി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മുമ്പ് നടന്ന രണ്ട് കൗൺസിൽ യോഗങ്ങളിലും ആർ. സുഗതൻ പങ്കെടുത്തിരുന്നില്ല.
തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ സ്ഥാനത്തിന് അയോഗ്യതയുണ്ടാകും. ഈ നീക്കത്തെ നിയമപരമായി നേരിടാനാണ് ശ്രമം നടത്തുന്നത്.ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തതിന് സുഗതൻ ഉൾപ്പെടെ തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
പിന്നാലെ സുഗതൻ ഒഴികെയുള്ളവർ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ 14ന് സുഗതൻ വിയ്യൂർ ജയിലിൽ വെച്ചാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്.
Business
തിരുവനന്തപുരം: ജര്മനി ആസ്ഥാനമായ ഡി സ്പേസ് ഗ്രൂപ്പിന്റെ ഇന്ത്യന് സബ്സിഡിയറി ഇന്ത്യ സോഫ് റ്റ് വെയര് ആന്ഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരത്തെ കോംപീറ്റന്സി സെന്റര് വിപുലീകരിച്ചു.
അടുത്ത തലമുറയുടെ മൊബിലിറ്റി സൊല്യൂഷനുകളുടെ വേഗതയേറിയ വളര്ച്ചയ്ക്ക് അനുസരിച്ച് ദീര്ഘകാല ഇന്നൊവേഷന് ഹബ്ബായാണ് ഈ സെന്റർ വിപുലീകരിച്ചിരിക്കുന്നത്.
പ്രാദേശിക ഓട്ടോമോട്ടീവ് ആവശ്യങ്ങള്ക്കൊപ്പം ആഗോള തലത്തിലുള്ള ഓട്ടോമോട്ടീവ്, എയറോസ്പേസ് ഉപഭോക്താക്കള്ക്ക് വേണ്ടി അത്യാധുനിക സോഫ്റ്റ്വേര് വികസനം, സിമുലേഷന് ആര്ക്കിടെക്ചറുകള്, വാലിഡേഷന് സൊല്യൂഷനുകള് എന്നിവയില് സെന്റർ നേതൃത്വം വഹിക്കും. ഡി സ്പേസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ജൂലിയ ഗിറോള്സ്റ്റീന് ഉദ്ഘാടനം ചെയ്തു.
Kerala
തിരുവനന്തപുരം: മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറിനെ ഉപാധ്യക്ഷനാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശൻ അധ്യക്ഷനായ ആസൂത്രണ ബോർഡിൽ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി.ജോൺ എന്നിവരും അംഗങ്ങളാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് യുഡിഎഫ് സർക്കാരിനായി ധവളപത്രം തയാറാക്കിയ സമിതിയുടെ അധ്യക്ഷനും കെ.എം. ചന്ദ്രശേഖർ ആയിരുന്നു. കേരള കേഡറിൽനിന്നുള്ള 1970 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കെ.എം.ചന്ദ്രശേഖർ 2011-ലാണ് സർവീസിൽനിന്ന് വിരമിച്ചത്.
തുടർന്ന് 2016 വരെ അഞ്ചു വർഷത്തോളം സംസ്ഥാന ആസൂത്രണ ബോർഡിന്റെ വൈസ് ചെയർമാനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ റവന്യൂ സെക്രട്ടറിയായും കേരള സർക്കാരിൽ ധനകാര്യ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സ്പൈസസ് ബോർഡിന്റെ സ്ഥാപക ചെയർമാൻ, ട്രേഡ് പോളിസി വിഭാഗം ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ലോറിയിൽ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കിളിമാനൂർ-പാപ്പാല പെട്രോൾ പമ്പിന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവരുടെ നില അതീവ ഗുരുതരമാണെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കളിപ്പാട്ടങ്ങളുമായി വരികയായിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.
അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
District News
തിരുവനന്തപുരം: വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ വിപുലീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി. മുമ്പുണ്ടായിരുന്നതിനേക്കാൾ ഇരട്ടിയോളം വിസ്തൃതിയുള്ള പുതിയ ഷോപ്പിൽ വിപുലമായ ഉൽപ്പന്ന ശേഖരം, നൂതന ഡിജിറ്റൽ സൗകര്യങ്ങൾ, ആകർഷകമായ പ്രത്യേക ഓഫറുകൾ എന്നിവയിലൂടെ യാത്രക്കാർക്ക് മികച്ച ഷോപ്പിംഗ് അനുഭവമാണ് ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ എഐ അധിഷ്ഠിത കസ്റ്റമർ സർവീസ് റോബോട്ടാണ് ഈ ഷോപ്പിന്റെ പ്രധാന ആകർഷണം. ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, നിലവിലുള്ള ഓഫറുകൾ, ഷോപ്പിംഗ് മാർഗനിർദേശങ്ങൾ എന്നിവ റോബോട്ട് യാത്രക്കാർക്ക് നൽകും. ഉദ്ഘാടനത്തോടനുബന്ധിച്ച് 500, 1,000 രൂപ മൂല്യമുള്ള പ്രത്യേക ഡിജിറ്റൽ ഗിഫ്റ്റ് വൗച്ചറുകളും റോബോട്ട് വിതരണം ചെയ്യുന്നുണ്ട്.
കേരളത്തിലെ ഡ്യൂട്ടി ഫ്രീ റീട്ടെയിൽ രംഗത്ത് ആദ്യമായി, ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ഉൾപ്പെടുന്ന പ്രത്യേക സൂപ്പർമാർട്ട് വിഭാഗവും ഇവിടെ ആരംഭിച്ചിട്ടുണ്ട്. യാത്രാ ആവശ്യങ്ങൾക്കും ദൈനംദിന ഉപയോഗത്തിനുമുള്ള ഉൽപ്പന്നങ്ങൾ ഒരേ സ്ഥലത്ത് നിന്ന് വാങ്ങാൻ ഇതിലൂടെ സാധിക്കും. അന്താരാഷ്ട്ര ബ്രാൻഡുകളുടെ പ്രീമിയം ഉൽപ്പന്നങ്ങൾക്ക് പുറമെ ഫാഷൻ ബാഗുകൾ, സൺഗ്ലാസുകൾ, വാച്ചുകൾ തുടങ്ങിയ പുതിയ ലൈഫ്സ്റ്റൈൽ വിഭാഗങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ലോകോത്തര നിലവാരമുള്ള റീട്ടെയിൽ സേവനങ്ങളിലൂടെയും ഡിജിറ്റൽ നവീകരണത്തിലൂടെയും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനാണ് വിമാനത്താവള അഥോറിറ്റി ലക്ഷ്യമിടുന്നത്. കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ഈ പുത്തൻ സംവിധാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തെ രാജ്യത്തെ പ്രമുഖ അന്താരാഷ്ട്ര പ്രവേശന കവാടങ്ങളിലൊന്നായി മാറ്റാൻ സഹായിക്കുമെന്ന് വിമാനത്താവള വക്താവ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങ് കുഞ്ഞ് ജനിച്ചു. നീലഗിരി ലങ്കൂർ ഇനത്തിൽപ്പെട്ട 15 വയസുകാരിയായ രഞ്ജിനി എന്ന പെൺകുരങ്ങാണ് കുഞ്ഞിന് ജന്മം നൽകിയത്. 18 വയസുകാരനായ രാജീവാണ് അച്ഛൻ.
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നതും വംശനാശഭീഷണി നേരിടുന്നതുമായ അപൂർവ ജീവിവർഗമാണ് കരിങ്കുരങ്ങുകൾ. അക്രമാരികളായ ഇവ ഇണചേരുന്നത് വളരെ അപൂർവമായതിനാൽ മൃഗശാലകളിൽ ഇവയുടെ പ്രജനനം ഏറെ ബുദ്ധിമുട്ടേറിയതാണെന്ന് അധികൃതർ പറഞ്ഞു. എന്നാൽ കൃത്യമായ പരിചരണവും അനുകൂലമായ അന്തരീക്ഷവും ഒരുക്കിയതിലൂടെയാണ് ഈ അപൂർവ നേട്ടം കൈവരിക്കാനായത്.
2013-ൽ വനംവകുപ്പിന്റെ കോടനാടുള്ള അനിമൽ റെസ്ക്യൂ സെന്ററിൽ നിന്നാണ് രാജീവിനെയും രഞ്ജിനിയെയും തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുന്നത്. തൊട്ടടുത്ത വർഷം ഇവയ്ക്ക് സോന എന്ന് പേരുള്ള ഒരു പെൺകുഞ്ഞ് ജനിച്ചിരുന്നു. അതിനുശേഷമുള്ള നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ മൃഗശാലയിൽ വീണ്ടും ഒരു കരിങ്കുരങ്ങ് കുഞ്ഞ് ജനിക്കുന്നത്.
District News
പോത്തൻകോട്: തെരുവു നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനായി ആവിഷ്കരിച്ച അനിമൽ ബർത്ത് കൺട്രോൾ പദ്ധതി പോത്തൻകോട് പഞ്ചായത്തിൽ പ്രഖ്യാപനത്തിലൊതുങ്ങി.
പഞ്ചായത്ത് ബജറ്റിൽ പ്രഖ്യാപനം ഉണ്ടായതല്ലാതെ പദ്ധതി എങ്ങുമെത്തിയില്ല. സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് കാരണമെന്നാണ് ഭരണസമിതിയുടെ വാദം. വന്ധ്യംകരണം നിലച്ചതോടെ തെരുവു നായ്ക്കളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചു. അടിസ്ഥാ സൗകര്യങ്ങളുടെ കുറവ്, ഫണ്ട് വകയിരുത്തുന്നതിലെ വീഴ്ച എന്നിവ കാരണം സമീപത്തെ തദ്ദേശസ്ഥാപനങ്ങളിലും തെരുവുനായ വന്ധ്യംകരണ പദ്ധതി നിലച്ചിരിക്കുകയാണ്. എബിസി പദ്ധതിക്കായി പല സ്ഥാപനങ്ങളും ഫണ്ട് വകയിരുത്തുന്നില്ല.
അനധികൃതമായി ശേഖരിക്കുന്ന ഇറച്ചി മാലിന്യം കൂട്ടത്തോടെ പൊതുസ്ഥലങ്ങളിൽ തള്ളുന്നതു പതിവായതിനാൽ നായ്ക്കൾക്കു ഭക്ഷണത്തിനു കുറവില്ല. ഇവ കൂടാതെ സന്നദ്ധ പ്രവർത്തകരും കൃത്യമായി എല്ലാ ദിവസവും ഇവയ്ക്കു ഭക്ഷണമെത്തിക്കുന്നുണ്ട്. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനായി പഞ്ചായത്ത് പ്രഖ്യാപിച്ച നടപടികളെല്ലാം പാളിയതോടെ ജംഗ്ഷൻ കൈയടക്കിയിരിക്കുകയാണു തെരുവു നായ്ക്കൾ.
പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിനു പുറമേ തെരുവുനായ ശല്യം കുറയ്ക്കുന്നതിനു കൂടുതൽ നടപടികൾ പ്രഖ്യാപിച്ചെങ്കിലും അവയൊന്നും ഫലം കണ്ടില്ല. ആശുപത്രികൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ, തിരക്കുള്ള മറ്റു സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തെരുവു നായ്ക്കൾക്കു ഭക്ഷണം നൽകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം നടപ്പായില്ല.
തെരുവു നായ്ക്കളുടെ കുട്ടികളെ ദത്തെടുക്കാൻ അഡോപ്ഷൻ ക്യാംപ് പോലുള്ളവ സംഘടിപ്പിച്ചും തെരുവുനായശല്യം കുറയ്ക്കാനാകും. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ നാടൻ നായക്കുട്ടികളെ ദത്തെടുക്കുന്നതിനുള്ള സംവിധാനമാണ് ഇതുവഴി ഒരുക്കാനാകുക. വന്ധ്യംകരണ ശസ്ത്രക്രിയ കൊണ്ടുമാത്രം തെരുവുനായ ശല്യം ഇല്ലാതാക്കാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞു കോർപറേഷനിൽ അടക്കം ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
District News
കോൺക്രീറ്റ് പാളികൾ ഇളകിയ നിലയിൽ
മലയിൻകീഴ്: നാലാംകല്ല് റോഡ് അപകട നിലയിൽ. കോൺക്രീറ്റ് സ്ലാബ് പൊളിഞ്ഞിളകി, ഉള്ളിലെ ദ്രവിച്ച കമ്പികൾ പുറത്തു കാണുന്ന സ്ഥിതി. അടിത്തറയും അരികുകളിലെ കരിങ്കൽ ഭിത്തിയും തകർന്നിട്ടുണ്ട്. ദിവസവും നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന മലയിൻകീഴ് - പാപ്പനംകോട് റോഡിലെ വിളവൂർക്കൽ നാലാംകല്ല് ജംഗ്ഷനിലെ പാലത്തിന്റെ അവസ്ഥയാണിത്.
തോടിനു കുറുകെ 1960-ൽ നിർമിച്ചതായി കണക്കാക്കുന്ന പാലം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയാണ്. തോടിന്റെ ഇരുകരകളിലും നടുവിലും കരിങ്കല്ലുകെട്ടി ഉയർത്തിയ ശേഷം അതിനു മുകളിൽ കോൺക്രീറ്റ് സ്ലാബും കരിങ്കല്ലു പാളികളും നിരത്തിയാണു പാലം നിർമിച്ചിരിക്കുന്നത്. റോഡ് ഉയർന്നതോടെ കൈവരിയും നഷ്ടമായി. കാലപ്പഴക്കംമൂലം കരിങ്കൽക്കെട്ട് തകർന്ന ഭാഗങ്ങളിൽ വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. ചെറിയ മഴയിൽ പോലും തോടു നിറഞ്ഞൊഴുകും.
അപ്പോഴത്തെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കും ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ നിരന്തര സഞ്ചാരവും അതിജീവിച്ച് ഇനി എത്ര നാൾ പാലം മുന്നോട്ടു പോകുമെന്നു കണ്ടറിയണം.
കഴിഞ്ഞ ദിവസം തൊഴിലുറപ്പു തൊഴിലാളികൾ തോടു വൃത്തിയാക്കിയപ്പോഴാണു പാലത്തിന്റെ അപകടാവസ്ഥ നാട്ടുകാർ ശ്രദ്ധിച്ചത്. വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർ ഡാമിലേക്കു പോകാൻ നഗരത്തിൽനിന്നും എത്തുന്നവർ ഈ വഴിയാണ് ഏറെയും ആശ്രയിക്കുന്നത്.
കാട്ടാക്കട, ആര്യനാട് തുടങ്ങിയ മലയോര മേഖലകളെയും മലയിൻകീഴ്, വിളവൂർക്കൽ ഗ്രാമങ്ങളെയും നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് ഈ പാലം. ഇത് അടിയന്തരമായി പുനർനിർമി ക്കണമെന്ന് എം.ആർ. ബൈജു എംഎൽഎയുടെയും പൊതുമരാമത്തുവകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
District News
പാറശാല: ദേശീയപാതയിൽ പാറശാലയ്ക്കുസമീപം ഇഞ്ചിവിളയിൽ ചരക്കുവാഹനം വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം.
നെടുമങ്ങാടുനിന്നു പാടന്തലുമൂട്ടിൽ ലോഡ് എടുക്കാൻവന്ന വാഹനമാണ് ഇടിച്ചു മറിഞ്ഞത്. 11 കെവി വൈദ്യുതി കടന്നുപോകുന്ന തൂണിലാണ് ഇടിച്ചതെങ്കിലും ആളപായമുണ്ടായില്ല. സമീപത്തുണ്ടായിരുന്ന രണ്ടു വാഹനങ്ങൾക്ക് കേടുപറ്റിയിട്ടുണ്ട്.
District News
പാറശാല: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള് പരിഹരിക്കണമെന്ന് അഭ്യര്ഥിച്ചു തീരജ്വാല കോസ്റ്റല് കമ്മ്യൂണിറ്റീസ് ചാരിറ്റബിള് ട്രസ്റ്റ് നേതാക്കള് മുഖ്യമന്ത്രിക്കു നിവേദനങ്ങള് നല്കി.
ലാറ്റിന് കാത്തലിക് സംവരണ കാര്യത്തില് 1947 നുമുമ്പ് ലത്തീന് കത്തോലിക്കരായിരുന്നവര് എന്ന വ്യവസ്ഥ റദ്ദുചെയ്തു, നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മുന് സര്ക്കാരിറക്കിയ ഉത്തരവ് പിന്വലിക്കണമെന്നുംനാ ലുശതമാനം സംവരണം അര്ഹരായ ലത്തീന് കത്തോലിക്ക മുക്കുവര്ക്കും അഞ്ഞൂറ്റിക്കാര്ക്കും മാത്രമായി നിലനിര്ത്തണമെന്നും നിവേദന ത്തിൽ ആവശ്യപ്പെട്ടു.
ബാലരാമപുരം -വിഴിഞ്ഞം തുരങ്കപാതയില് മുക്കോല മുതല് തുറമുഖം വരെയുള്ള ഒന്നര കിലോമീറ്ററുള്ള ഓപ്പണ് റെയില്പാത, പഴയ അലൈന്മെന്റനുസരിച്ച് വയല്വാരം വഴി പുനഃക്രമീകരിക്കണമെന്നും തീരജ്വാല നേതാക്കള് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില് പറയുന്നു. ആവശ്യങ്ങള് അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി.
ചെയര്മാന് അഡോള്ഫ് ജറോം, ജനറല് സെക്രട്ടറി ഡോ. ഫ്രാന്സിസ് ആല്ബര്ട്ട്, വൈസ് ചെയര്മാന്മാരായ ജെയിംസ് റോക്കി, എം. ലീല,അഡ്വ. ലെഡ്ഗര്ബാവ, ജോയിന്റ് സെക്രട്ടറിമാരായ ദേവപ്രസാദ് ജോണ്, ഹെന്ട്രി വിന്സന്റ്, എം. ടീന, എക്സിക്യൂട്ടീവ് അംഗങ്ങളായ പെട്രീഷ്യ ജോസഫ്, ജോണ് ബോസ്കോ ഡിക്രൂസ്, ലെജിതാള്, വില്യം ലാന്സി, ആന്ഡ്രു എഡിസണ്, തങ്കച്ചന് എം. ഡിക്രൂസ്, ആന്റണി ഗൊണ്സാല്വസ് എന്നിവര് സന്നിഹിതരായിരുന്നു.
District News
ആറ്റിങ്ങൽ: ശ്രീപാദം സ്റ്റേഡിയം പരാധീനതകളിലേക്ക് നീങ്ങുന്നു. എല്ലാ നിലയിലും ശ്രീപാദം സ്റ്റേഡിയം നശിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റേഡിയത്തിനടുത്തുള്ള വാട്ടർ അഥോറിറ്റിയുടെ മാലിന്യം മുഴുവനും സ്റ്റേഡിയത്തിൽ ഒഴുകിയെത്തുകയാണ്.
അറ്റകുറ്റപ്പണികൾ നടത്താത്തതുകൊണ്ട് സ്റ്റേഡിയത്തിലെ ഫുട്ബോൾ ടർഫും നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്റ്റേഡിയത്തിലെ പിറ്റ് സംരക്ഷിക്കാനും നടപടിയില്ലാത്ത സ്ഥിതിയാണ്. സ്റ്റേഡിയത്തിലെ ഫുട്ബോൾ പോസ്റ്റുകളും നെറ്റുകളും കാണാനേയില്ല. സ്റ്റേഡിയവുമായി ബന്ധപ്പെട്ട കായിക മേഖലയിലെ കുട്ടികൾക്കുള്ള ഹോസ്റ്റലും അറ്റകുറ്റപ്പണികൾ നടത്താതെ നാശത്തിന്റെ വക്കിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു.
ഹോസ്റ്റലിൽ കുടിവെള്ള ദൗർലഭ്യവും നേരിടുന്നുണ്ട്. വെള്ളം ലഭിച്ചുകൊണ്ടിരുന്ന ഇവിടുത്തെ കിണർ ശുദ്ധീകരിക്കാതെയിട്ടിരിക്കുകയാണ്. സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് മെനു അനുസരിച്ചുള്ള ഭക്ഷണം നിന്നിട്ടും മാസങ്ങളായി.
സ്റ്റേഡിയത്തിന്റെ ഭാഗമായ ഇൻഡോർ സ്റ്റേഡിയത്തി വലിയ ചോർച്ചയാണ് അനുഭവപ്പെടുന്നത്. സ്റ്റേഡിയം ജിംനേഷ്യത്തിലെ എസി പ്രവർത്തിത്തതിനാൽ അടച്ചുകെട്ടിയ മുറിക്കുള്ളിൽ കായിക പരിശീലനം നടത്താൻ കഴിയാത്ത അവസ്ഥയാണ്. സ്റ്റേഡിയത്തിലെ കോച്ചുമാർക്ക് നാലുമാസത്തെ ശന്പളം കുടിശികയുണ്ട്.
സെക്യൂരിറ്റി ജീവനക്കാർക്കും സ്വീപ്പർമാർക്കും മെസ് ജീവനക്കാർക്കുമെല്ലാം വലിയ ശമ്പളക്കുടിശികയുണ്ട്. സർക്കാർ സ്റ്റേഡിയത്തിനും ഹോസ്റ്റലിനും മറ്റും മെയിന്റനൻസ് ഗ്രാന്റ് അനുവദിക്കാത്ത സ്ഥിതിയാണുണ്ടായിട്ടുള്ളത്. അന്തർദേശീയ നിലവാരത്തിലുള്ള ഈ ഫുട്ബോൾ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകൾ ഉൾപ്പെടെ ഒന്നിനു പിറകെ ഒന്നായി നശിക്കുകയാണ്.
District News
തിരുവനന്തപുരം: അത്ഭുതകര മായ കഴിവുകളുള്ള ഗായികയായിരുന്നു എസ്. ജാനകി യെന്നു ചലച്ചിത്ര സംവിധായകൻ രാജസേനൻ. പ്രേംനസീർ സുഹൃത് സമിതിയും യശോദ ശബ്ദതരംഗവും സംഘടിപ്പിച്ച എസ്. ജാനകി അനുസ്മരണം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.
തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിലായിരുന്നു ചടങ്ങ്. ഏത് സ്വരവും നാദവും അനായാസമായി വഴങ്ങിയ പ്രതിഭാധനയായ ഗായികയായിരുന്നു എസ്. ജാനകി. കർണാടക സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെയാണ് എസ്. ജാനകി കർണാടക ശൈലിയിലുള്ള ഗാനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിനു ഗാനങ്ങൾ പാടിയത്.
കർണാടക ശൈലിയിലുള്ള ഗാനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിനു ഗാനങ്ങൾ പാടിയത്. കർണാടക സംഗീത അഭ്യസനത്തിനു ഒരു ഗുരുവിന്റെ അടുത്തു പോയിരുന്നുവെങ്കിലും ജാനകിയുടെ നാദം നാഗസ്വരത്തിനു തുല്യമാണെന്നും ജാനകി സംഗീതം പഠിക്കണ്ട ആവശ്യമില്ലെന്നുമാണ് ഗുരു പറഞ്ഞത്.
മലയാള ഭാഷയോടു തീരെ സാമ്യമില്ലാത്ത തെലുങ്ക് ഭാഷയാണ് എസ്. ജാനകിയുടെ മാതൃഭാഷ. എന്നാൽ ഉച്ചാരണത്തിൽ ഒരു ചെറിയ പിഴവ് പോലുമില്ലാതെയാണ് മലയാള ഗാനങ്ങൾ ജാനകി അമ്മ പാടിയതതെന്നും രാജസേനൻ പറഞ്ഞു.
താൻ സംവിധാനം ചെയ്ത ആദ്യത്തെ കണ്മണി എന്ന സിനിമയ്ക്കു വേണ്ടി എസ്. ജാനകിയെയും യോശുദാസിനെയും കൊണ്ട് വീണ്ടും "അകലെ അകലെ നീലാകാശം...' പാടി റെക്കോർഡ് ചെയ്ത അനുഭവങ്ങളും രാജസേനൻ പങ്കുവച്ചു.
സബീർ തിരുമല, അജയ് തുണ്ടത്തിൽ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രേം സിംഗേഴ്സ് ജാനകിയമ്മ ഗാന സന്ധ്യയും നടന്നു.
District News
മലയിൻകീഴ്: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ശ്രീകാര്യം കട്ടേല സ്വദേശിനി കാവ്യയുടെ മരണത്തെ തുടർന്നാണു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. മലയിൻകീഴ് പോലീസ് കാവ്യയുടെ മാതാവിന്റെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. യുവതിയുടെ മരണത്തില് ഭര്ത്താവിന്റെയും ഭര്തൃമാതാവിന്റെയും പങ്ക് അന്വേഷിക്കണമെന്നും കുടുംബം പരാതി നൽകിയിരുന്നു.
ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും ഭർതൃവീട്ടുകാർ നിരന്തരം തുടർന്നിരുന്നുവെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മലയിന്കീഴിലെ വീട്ടിൽ കിടപ്പുമുറിയിലെ ജനൽകമ്പിയിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കാവ്യയെ കണ്ടെത്തിയെന്നാണു ഭര്ത്താവ് വിഷ്ണുവിന്റെയും ബന്ധുക്കളുടെയും മൊഴി. കാവ്യയെ മലയിന്കീഴ് താലൂക്ക് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എട്ടു വര്ഷം മുന്പാണു കാവ്യയും വിഷ്ണുവും പ്രണയിച്ചു വിവാഹിതരായത്. നിസാര കാരണങ്ങള് പറഞ്ഞു വിഷ്ണുവിന്റെ മാതാവ് നിരന്തരം കാവ്യയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള് ആരോപിച്ചു. വൈകുന്നേരമാണ് കാവ്യ ആത്മഹത്യയ്ക്കു ശ്രമിച്ചതെങ്കിലും ഏറെ വൈകിയാണു വീട്ടുകാരെ അറിയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
District News
നെയ്യാർഡാം: നെയ്യാർഡാം ഓണം വാരാഘോഷം ഓഗസ്റ്റ് 22 മുതൽ 30 വരെ നടക്കും. ഇതിന്റെ ഭാഗമായി സംഘാടക സമിതി യോഗം നടന്നു. ജലസേചന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കള്ളിക്കാട് പഞ്ചായത്തും ഡിടിപിസി യും സംയുക്തമായി നെയ്യാർ ഡാമിൽ സംഘടിപ്പിക്കുന്ന വാരാഘോഷത്തിന്റെ സംഘാടക സമിതി യോഗം നെയ്യാർ ഡാം റിസോർട് ഹാളിലാണു ചേർന്നത്. സി.കെ.ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ, നെയ്യാർ ഡാം അസിസ്റ്റന്റ് എൻജിനീയർ എം.എസ്. സിദ്ദിഖ്, ഡിടിപിസി സെക്രട്ടറി സതീഷ് മിരാണ്ട, ജില്ലാ പഞ്ചായത്ത് മെമ്പർ ഗോപു നെയ്യാർ, നെയ്യാർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുരേഷ് എന്നിവർ പ്രസംഗിച്ചു.
വിവിധ സർക്കാർ വകുപ്പ് മേധാവികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, സാംസ്കാരിക സമിതി പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ എന്നിവർ സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കുകയും ഓണം നടത്തിപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
കൂടാതെ നെയ്യാർ ഡാമിൽ പുതുതായി എടിഎം കൗണ്ടർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.ഗതാഗത കുരുക്കു പരിഹരിക്കുന്നതിനായി പ്രത്യേകം പാർക്കിംഗ് ഗ്രൗണ്ട് സജ്ജീകരിച്ചു വൺവേ സംവിധാനം ഏർപ്പെടുത്തി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ തീരുമാനിച്ചു.
വാരാഘോഷത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഹരീന്ദ്രൻ എംഎൽഎ ചെയർമാനും സുരേഷ് ജനറൽ കൺവീനറു മായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. വൈദ്യുത ദീപാലങ്കാരങ്ങൾ,അമ്യൂസ്മെന്റ് പാർക്ക്, വി.ആർ. ഗെയിംസ്, സ്റ്റേജ് ഷോ, വിവിധ കലാ പരിപാടികൾ എന്നിവ ഉണ്ടാകും. ഓഗസ്റ്റ് 24നു വൈകുന്നേരം ഉദ്ഘാടനം നടക്കും. 29 നു ഫ്ലോട്ടുകളുടെ അകമ്പടിയോടെ വിവിധ കലാരൂപങ്ങളുടെ വർണ കാഴ്ചകളുമായി കള്ളിക്കാടു നിന്നും തുടങ്ങുന്ന ഘോഷയാത്ര നെയ്യാർ ഡാമിൽ സമാപിക്കും.