വാഷിംഗ്ടൺ ഡിസി: അമേരിക്കയെ വലച്ച ഗുരുതര ധനപ്രതിസന്ധിക്ക് അറുതിയായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗൺ അവസാനിപ്പിച്ച് ധനവിനിയോഗ ബിൽ സെനറ്റ് പാസാക്കി. എന്നാൽ, 41 ദിവസമായി തുടരുന്ന ഷട്ട്ഡൗൺ ഏതാനും ദിവസംകൂടി നീളും.
ധനവിനിയോഗ ബിൽ സെനറ്റ് പാസാക്കിയെങ്കിലും ജനപ്രതിനിധി സഭയും പ്രസിഡന്റ് ട്രംപും അംഗീകരിക്കേണ്ടതുണ്ട്. 40നെതിരേ 60 വോട്ടുകൾക്കാണ് ബിൽ പാസായത്. ഡെമോക്രാറ്റിക് സെനറ്റർമായ ഡിക് ഡർബിൻ, ജോൺ ഫെറ്റർമാൻ, കാതറിൻ കോർട്ടെസ് മാസ്റ്റോ, മാഗി ഹസൻ, ടിം കയ്ൻ, ജാക്കി റോസൻ, ജീൻ ഷഹീൻ എന്നിവരാണു ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. റിപ്പബ്ലിക്കന്മാരും പ്രതിപക്ഷ ഡെമോക്രാറ്റുകളും തമ്മിൽ ധാരണയായതോടെയാണ് ബിൽ സെനറ്റിൽ അവതരിപ്പിച്ചത്.
ഡെമോക്രാറ്റുകളുടെ ആവശ്യപ്രകാരം, ആരോഗ്യമേഖലയിലെ സബ്സിഡികൾ ദീർഘിപ്പിക്കുന്നതിനു ഡിസംബറിൽ നടക്കുന്ന വോട്ടെടുപ്പിൽ അനുകൂലമായി വോട്ട് ചെയ്യാമെന്നു റിപ്പബ്ലിക്കന്മാരും സമ്മതിച്ചിട്ടുണ്ട്. ഷട്ട്ഡൗൺ മൂലം നിരവധി സർക്കാർ സേവനങ്ങളാണ് താത്കാലികമായി നിർത്തിവച്ചിരുന്നത്.
ഏകദേശം 1.4 ദശലക്ഷം ഫെഡറൽ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിലോ ശമ്പളമില്ലാതെ ജോലി ചെയ്യുകയോ ആയിരുന്നു.