ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുത്ത് വൻ തിരിച്ചടി നേരിട്ടതിന് തൊട്ടടുത്ത ദിവസം നടത്തുന്ന ആദ്യ പൊതുപരിപാടിയിൽ തെരഞ്ഞെടുപ്പ് തോൽവിയെക്കാൾ വൈറ്റ് ഹൗസിലെ ബോൾറൂം നിർമാണത്തിന് പ്രാധാന്യം നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിർമാണ സ്ഥലത്ത് മാധ്യമങ്ങളെ കണ്ട ട്രംപ് 41 മിനിറ്റിലധികം സമയം ബോൾറൂം ഡിസൈൻ, കല്ലുകളുടെ തരം, ഭൂഗർഭ ബങ്കർ എന്നിവയെക്കുറിച്ചാണ് സംസാരിച്ചത്.
തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഇറാനുമായുള്ള യുദ്ധമാണെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനോട് പ്രതികരിക്കവേ, "അത് വലിയൊരു പരിധി വരെ ശരിയാണ്" എന്ന് ട്രംപ് സമ്മതിച്ചു. എങ്കിലും ഇറാന് ആണവായുധം ലഭിക്കാതിരിക്കാൻ യുദ്ധം ആവശ്യമായിരുന്നുവെന്നും തീരുമാനത്തിൽ ഖേദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈറ്റ് ഹൗസിന് താഴെ അഞ്ച് നിലകൾക്ക് അടിയിലുള്ള സുരക്ഷിതമായ ബങ്കറിനെക്കുറിച്ചും കൊരിന്ത്യൻ തൂണുകളെക്കുറിച്ചും മാർബിളുകളെക്കുറിച്ചും സംസാരിച്ച ട്രംപ്, പദ്ധതി സമയബന്ധിതമായി മുന്നേറുകയാണെന്നും പറഞ്ഞു.
ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും എന്നാൽ തനിക്കെതിരെ പ്രവർത്തിച്ചാൽ 'വീറ്റോ' അധികാരം ഉപയോഗിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
Tags : donaldtrump 2026USMidtermLoss White House Ballroom Monologue JDVance's Poston IranWar DemocraticCongressMajority PresidentialVetoPower Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash