പ്രതീകാത്മക ചിത്രം.
മാന്ത്രികകഥകളിലെന്നപോലെ, രാത്രിയെ പകലാക്കാൻ കഴിയുമോ? വൈദ്യുതി പോലെ സൂര്യപ്രകാശം സംഭരിച്ചുവയ്ക്കാനും രാത്രിയിൽ ആവശ്യക്കാർക്കു വിൽക്കാനും സാധിക്കുമോ? എന്നാൽ, അതൊന്നും അസാധ്യമായ കാര്യമല്ല, ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ നമുക്കതിനു കഴിയും! രാത്രിയിൽ സൂര്യപ്രകാശം വിലയ്ക്കുവാങ്ങാൻ കഴിയുന്ന കാലം വിദൂരത്തല്ലെന്നു ശാസ്ത്രജ്ഞർ പറയുന്നു. പത്തുവർഷത്തിനുള്ളിൽ സംഭവിക്കാവുന്ന കാര്യമാണിത്. ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്തു വരുത്തുന്നതുപോലെ, ആപ്പ് ഉപയോഗിച്ചു നമുക്കു സൂര്യപ്രകാശം വിലയ്ക്കുവാങ്ങാം! നമ്മൾ പറയുന്നിടത്തു പ്രകാശമെത്തും!
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹിരാകാശ സ്റ്റാർട്ടപ്പ് കമ്പനിയായ 'റിഫ്ളക്ട് ഓർബിറ്റൽ' ആണു പദ്ധതിയുടെ പിന്നിൽ. അതേസമയം, 'സ്കൈറൂട്ട് എയറോസ്പേസ്' എന്ന ഇന്ത്യൻ കമ്പനിയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. രണ്ട് റോക്കറ്റ് വിക്ഷേപണങ്ങൾക്കായാണ് ഇന്ത്യൻ കമ്പനിയുമായി ധാരണയിലെത്തിയിരിക്കുന്നത്.
വലിയ കണ്ണാടികൾ
വൈദ്യുതി പോലെ സൂര്യപ്രകാശവും വിൽക്കാൻ കഴിയുമെന്ന ആശയം ശാസ്ത്രകഥകളിലെ അദ്ഭുതവിദ്യയാണെങ്കിലും, രാത്രിയിൽ സൗരോർജ ഉൽപാദനം സാധ്യമാക്കാനും, ദുരന്തബാധിത പ്രദേശങ്ങളിൽ വെളിച്ചമെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കു തുണയാകാനും ഇതിലൂടെ സാധിക്കുമെന്നാണു കമ്പനിയുടെ അവകാശവാദം.
ലോ എർത്ത് ഓർബിറ്റിൽ, 18x18 മീറ്റർ വലിപ്പമുള്ള വലിയ കണ്ണാടികൾ അടങ്ങിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കും. സൂര്യൻ അസ്തമിച്ചശേഷം ആവശ്യാനുസരണം നിയന്ത്രിത പ്രദേശങ്ങളിലേക്കു സൂര്യപ്രകാശം തിരിച്ചുവിടാൻ കണ്ണാടിയിലൂടെ സാധിക്കും. തുടക്കത്തിൽ അഞ്ചു കിലോമീറ്റർ ചുറ്റളവിലാണു പ്രകാശമെത്തിക്കുക. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച്, കണ്ണാടിയുടെ സ്ഥാനങ്ങളിൽ മാറ്റം വരുത്തി വെളിച്ചമെത്തിക്കാൻ കഴിയും. മൊബൈൽ ആപ്പ് വഴി ഉപഭോക്താക്കൾക്കു പ്രകാശം ആവശ്യമായ പ്രദേശവും സമയക്രമവും യഥേഷ്ടം തെരഞ്ഞെടുക്കാം.

'ഇയറെൻഡിൽ-1'
സാങ്കേതികവിദ്യയുടെ പരീക്ഷണത്തിനും ഭാവി പദ്ധതികൾ തയാറാക്കാനും ലക്ഷ്യമിട്ട്, 'ഇയറെൻഡിൽ-1' എന്ന ഡമോൺസ്ട്രേഷൻ ഉപഗ്രഹം മാസങ്ങൾക്കുള്ളിൽ വിക്ഷേപിക്കാൻ തയാറെടുക്കുകയാണു കമ്പനി. അവസാനവട്ട ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. 2035-ഓടെ 50,000 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. തുടക്കത്തിൽ ചാന്ദ്രപ്രകാശത്തിനു സമാനമാണെങ്കിലും ഉപഗ്രഹങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതനുസരിച്ചു പ്രകാശത്തിന്‍റെ തീവ്രതയും സമയവും വർധിക്കും.
വലിയ സാധ്യതകളാണു പദ്ധതിയിലൂട ലക്ഷ്യമിടുന്നത്. അതേസമയം, അന്തരീക്ഷത്തിലെ പ്രകാശവിസരണം പ്രധാന വെല്ലുവിളിയാണെന്നു ശാസ്ത്രലോകം. ഉപഗ്രഹങ്ങളിൽനിന്നു പ്രതിഫലിക്കുന്ന പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലെ തന്മാത്രകളിലും എയ്റോസോളുകളിലും തട്ടി ചുറ്റുമുള്ള പ്രദേശത്തേക്കു പടരും. ഇതു ലക്ഷ്യമിട്ട മേഖലയേക്കാൾ, പ്രകാശമെത്താൻ കാരണമാകുമെന്നു ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.
അതേസമയം, കണ്ണാടികൾ വെറും പതിനാല് കിലോമീറ്റർ അകലെ സ്ഥാപിച്ചാൽപോലും ഭൂമിയിലുണ്ടാകുന്ന വെളിച്ചം പൂർണചന്ദ്രനേക്കാൾ പ്രകാശമുള്ളതാകും. ഇതു വെളിച്ചം ആവശ്യമില്ലാത്തവരെ പ്രതിസന്ധിയിലാക്കും. എന്നാൽ, കംപ്യൂട്ടർ മോഡലുകളെ അടിസ്ഥാനമാക്കിയുള്ള വിവരണങ്ങളാണെന്നും യഥാർഥ പരീക്ഷണത്തിലാണു കൃത്യത വരുത്താൻ കഴിയുകയുള്ളുവെന്നും കമ്പനി അവകാശപ്പെടുന്നു.
ആശങ്കയെന്ന് പരിസ്ഥിതി പ്രവർത്തകർ
രാത്രിയിൽ സൃഷ്ടിക്കപ്പെടുന്ന കൃത്രിമ പ്രകാശം പ്രതികൂലമായി ഭവിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞരും പരിസ്ഥിതിപ്രവർത്തകരും വാദിക്കുന്നു. പദ്ധതിക്ക് യുഎസ് നൽകിയ അനുമതി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചു വിവിധ സംഘടനകൾ നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ട്.
Tags : SunLight International Earendil1 SkyrootAerospace ReflectOrbital SpaceScience ScienceNews