ഡൽഹിയിലെ പ്രതിഷേധം
ന്യൂഡല്‍ഹി: എസ്ഐആർ നടപടി ക്രമങ്ങൾക്കെതിരെയും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും കോൺഗ്രസ് നേതൃത്വത്തിൽ ഇന്ത്യ മുന്നണി ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കാത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂട്ട നടപടി.
സംഘടനാപരമായ അച്ചടക്കമില്ലായ്മ ചൂണ്ടിക്കാട്ടി 60 പേരെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലാണ് സംഭവം. ഒമ്പത് ജില്ലാ പ്രസിഡന്റുമാരടക്കം 60 പേർക്കെതിരെയാണ് നടപടി. കൂട്ട സസ്പെന്‍ഷനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ആദ്യം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയില്ലെന്ന് സസ്പെന്ഷന് നേരിട്ട നേതാക്കള്‍ ആരോപിക്കുന്നു. ഒമ്പത് ജില്ലാ പ്രസിഡന്റുമാര്‍, അഞ്ച് വൈസ് പ്രസിഡന്റുമാര്‍, 14 ജനറല്‍ സെക്രട്ടറിമാര്‍, 32 സെക്രട്ടറിമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ നടന്ന റാലിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ റാലിയില്‍ പങ്കെടുക്കാതിരുന്നതിനെ സംഘടനാ അച്ചടക്ക ലംഘനമായാണ് സസ്പെന്ഷന് ഉത്തരവില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
Tags : YouthCongress MadhyaPradesh Congress NewsUpdate Headlines