പ്രതീകാത്മക ചിത്രം
ഗുരുഗ്രാം: ഗുരുഗ്രാമിൽ ഹോട്ടൽ മുറിയിലെ ശുചിമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മാഞ്ചസ്റ്ററിൽ ഗവേഷകനും ആഗ്ര സ്വദേശിയുമായ പ്രഞ്ജൽ പഥകാണ് (37) മരിച്ചത്. സെക്ടർ 53-ലെ ഓർസം ഹോട്ടലിലാണ് സംഭവം.
തിങ്കളാഴ്ച വൈകുന്നേരമാണ് പ്രഞ്ജലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11:30-തോടെ ചെക്ക് ഔട്ട് ചെയ്യേണ്ടിയിരുന്ന ഇദ്ദേഹം മുറി തുറക്കാത്തതിനെത്തുടർന്ന് ഹോട്ടൽ ജീവനക്കാർ താക്കോൽ ഉപയോഗിച്ച് അകത്തു കയറി നോക്കുകയായിരുന്നു. തുടർന്നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒക്ടോബർ 24-നാണ് പ്രഞ്ജൽ ഇന്ത്യയിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം റിഷികേശ് സന്ദർശിച്ച ശേഷം ഡൽഹിയിലെത്തി സുഹൃത്തുക്കളെ വിമാനത്താവളത്തിൽ യാത്രയാക്കിയിരുന്നു. തുടർന്ന് മറ്റൊരു സുഹൃത്തിനെ കാണാനായി ഡൽഹിയിൽ തങ്ങുകയായിരുന്നു. ഞായറാഴ്ച സെക്ടർ 53-ലെ ഹോട്ടൽ മുറിയിൽ താമസിക്കാൻ എത്തി.
പൊലിസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മുറിയിൽ നിന്ന് ചില ഗുളികകൾ കണ്ടെത്തിയിട്ടുണ്ടെന്നും അവയുടെ ഫലം പരിശോധിച്ചു വരികയാണെന്നും പൊലിസ് അറിയിച്ചു. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുനൽകി. മരണകാരണം വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലിസ് അറിയിച്ചു.