അഭിറാം
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്തെ അഭിറാം വധത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതി ഉമറിന്റെ പെൺസുഹൃത്താണ് ഒടുവിൽ അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെ പൊലിസ് കസ്റ്റഡിയിലെടുത്ത ഐശ്വര്യയാണ് അറസ്റ്റിലായത്.
അഭിറാമിന്റെ കൊലപാതകത്തെ കുറിച്ച് ഐശ്വര്യക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. തെളിവ് നശിപ്പിക്കാനും ഐശ്വര്യ കൂട്ടുനിന്നതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
അതേസമയം അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തിയിരുന്നു. നവമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. അഭിറാമിന്റെ ഫോൺ തോട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു എന്ന പ്രതികളുടെ മൊഴി പൊലിസ് വിശ്വാസത്തിലെടുത്തിട്ടില്ല.
സ്കൂബ ടീം ഉൾപ്പെടെ എത്തി പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായിരുന്നില്ല. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ കണ്ടെത്താൻ മേഖലയിൽ കൂടുതൽ പൊലിസുകാരെ വിന്യസിച്ച് തെരച്ചിൽ നടത്തും.
ഇരട്ടകൊലപാതകത്തിനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നതെന്നാണ് പൊലിസിന്റെ നിഗമനം. രണ്ടാമത്തെയാളെ വിളിച്ചുവരുത്താത്തതിലുള്ള വൈരാഗ്യമാണ് ക്രൂരമായ മർദനത്തിലേക്ക് നയിച്ചതെന്നും പൊലിസ് കരുതുന്നു. സംഭവ ദിവസം അഭിറാം വീട്ടിൽ നിന്ന് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 16 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Tags : Trivandrum Crime Police Investigation CaseFile FIR