മാന്ത്രികകഥകളിലെന്നപോലെ, രാത്രിയെ പകലാക്കാൻ കഴിയുമോ? വൈദ്യുതി പോലെ സൂര്യപ്രകാശം സംഭരിച്ചുവയ്ക്കാനും രാത്രിയിൽ ആവശ്യക്കാർക്കു വിൽക്കാനും സാധിക്കുമോ? എന്നാൽ, അതൊന്നും അസാധ്യമായ കാര്യമല്ല, ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ നമുക്കതിനു കഴിയും! രാത്രിയിൽ സൂര്യപ്രകാശം വിലയ്ക്കുവാങ്ങാൻ കഴിയുന്ന കാലം വിദൂരത്തല്ലെന്നു ശാസ്ത്രജ്ഞർ പറയുന്നു. പത്തുവർഷത്തിനുള്ളിൽ സംഭവിക്കാവുന്ന കാര്യമാണിത്. ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്തു വരുത്തുന്നതുപോലെ, ആപ്പ് ഉപയോഗിച്ചു നമുക്കു സൂര്യപ്രകാശം വിലയ്ക്കുവാങ്ങാം! നമ്മൾ പറയുന്നിടത്തു പ്രകാശമെത്തും!
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹിരാകാശ സ്റ്റാർട്ടപ്പ് കമ്പനിയായ 'റിഫ്ളക്ട് ഓർബിറ്റൽ' ആണു പദ്ധതിയുടെ പിന്നിൽ. അതേസമയം, 'സ്കൈറൂട്ട് എയറോസ്പേസ്' എന്ന ഇന്ത്യൻ കമ്പനിയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. രണ്ട് റോക്കറ്റ് വിക്ഷേപണങ്ങൾക്കായാണ് ഇന്ത്യൻ കമ്പനിയുമായി ധാരണയിലെത്തിയിരിക്കുന്നത്.
വലിയ കണ്ണാടികൾ
വൈദ്യുതി പോലെ സൂര്യപ്രകാശവും വിൽക്കാൻ കഴിയുമെന്ന ആശയം ശാസ്ത്രകഥകളിലെ അദ്ഭുതവിദ്യയാണെങ്കിലും, രാത്രിയിൽ സൗരോർജ ഉൽപാദനം സാധ്യമാക്കാനും, ദുരന്തബാധിത പ്രദേശങ്ങളിൽ വെളിച്ചമെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കു തുണയാകാനും ഇതിലൂടെ സാധിക്കുമെന്നാണു കമ്പനിയുടെ അവകാശവാദം.
ലോ എർത്ത് ഓർബിറ്റിൽ, 18x18 മീറ്റർ വലിപ്പമുള്ള വലിയ കണ്ണാടികൾ അടങ്ങിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കും. സൂര്യൻ അസ്തമിച്ചശേഷം ആവശ്യാനുസരണം നിയന്ത്രിത പ്രദേശങ്ങളിലേക്കു സൂര്യപ്രകാശം തിരിച്ചുവിടാൻ കണ്ണാടിയിലൂടെ സാധിക്കും. തുടക്കത്തിൽ അഞ്ചു കിലോമീറ്റർ ചുറ്റളവിലാണു പ്രകാശമെത്തിക്കുക. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച്, കണ്ണാടിയുടെ സ്ഥാനങ്ങളിൽ മാറ്റം വരുത്തി വെളിച്ചമെത്തിക്കാൻ കഴിയും. മൊബൈൽ ആപ്പ് വഴി ഉപഭോക്താക്കൾക്കു പ്രകാശം ആവശ്യമായ പ്രദേശവും സമയക്രമവും യഥേഷ്ടം തെരഞ്ഞെടുക്കാം.