International
നയ്റോബി: മധ്യ കെനിയയിലെ സംബുരു കൗണ്ടിയിലുള്ള ഒലോലോക്വെ പർവതനിരകളിൽ ഹെലികോപ്റ്റർ തകർന്നുവീണ് ആറ് വിനോദസഞ്ചാരികളും പൈലറ്റും കൊല്ലപ്പെട്ടു.
പ്രാദേശികസമയം ഇന്നലെ രാവിലെ 9.13 ഓടെയായിരുന്നു സംഭവം. മരിച്ചവർ ഏതു രാജ്യക്കാരാണെന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ലോയ്സാബയിലെ വൈൽഡ്ലൈഫ് കോൺസർവൻസിയിൽനിന്ന് ഇവാസോ നിറോ നദി ലക്ഷ്യമാക്കി പറന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
Kerala
തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് പോയത്. വന്ദേ ഭാരത് ബുക്ക് ചെയ്തിരുന്നു. നേരത്തെ കാണണമെന്ന് അവർ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യാത്ര ചെയ്താലും ഇല്ലെങ്കിലും 80 ലക്ഷം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചത്. പഴയ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര ചെയ്തതിനെ താൻ വിമർശിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
താൻ പാർട്ടി സമ്മേളനത്തിൽ പോയിട്ടില്ല. ഔദ്യോഗിക ആവശ്യത്തിനാണ് പോയത്. സർക്കാരിന് ഗുണകരമാകുന്ന കാര്യത്തിനാണ് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ നിക്ഷേപക ഗ്രൂപ്പിന്റെ പേര് എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ സതീശൻ തയാറായില്ല. ഇനി അവരെ കൂടി വലിച്ചിഴക്കണോ എന്നായിരുന്നു മറുപടി. അത് നിങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനവള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. ബന്ധുക്കളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് മരൈൻ എൻഫോഴ്സ്മെന്റിന്റെ കപ്പലും ഹെലികോപ്റ്ററും ഉൾപ്പെടെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചത്.
വ്യാഴാഴ്ചയാണ് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായത്. എന്നാൽ അപകടം നടന്നിട്ടും കോസ്റ്റൽ പോലീസിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായമോ രക്ഷാപ്രവർത്തനമോ ഉണ്ടായില്ലെന്നാരോപിച്ചാണ് കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തെത്തിയത്. രക്ഷാപ്രവർത്തനം വൈകുന്നുവെന്ന് ആരോപിച്ച് സ്ത്രീകളടക്കമുള്ളവർ മുതലപ്പൊഴി കോസ്റ്റൽ പോലീസ് സ്റ്റേഷന് മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേത്തുടർന്ന് തീരദേശ റോഡിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Kerala
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്തു വാടകയ്ക്കെടുത്ത പോലീസ് ഹെലികോപ്റ്ററിന്റെ സേവനം വീണ്ടും തുടരണമെന്ന അഭിപ്രായമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ കൂട്ടായ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹെലികോപ്റ്ററിന്റെ വാടക കരാർ കാലാവധി തീരുന്ന മുറയ്ക്കു പുതുക്കാൻ സംസ്ഥാന പോലീസ് മേധാവി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെലികോപ്റ്റർ കരാർ തുടരണമെന്ന് പോലീസ് മേധാവി. ഓഗസ്റ്റിൽ വാടക കരാർ അവസാനിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിനോട് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കണമെന്ന് ഡിജിപി ശിപാർശ നൽകിയിരിക്കുന്നത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ ധൂർത്തെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. സാമ്പത്തിക മാന്ദ്യകാലത്ത് യുഡിഎഫ് സർക്കാർ ചെലവ് ചുരുക്കി മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം.
ഭരണപക്ഷത്തിരിക്കുന്ന യുഡിഎഫ് വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. പോലീസിന്റെ ഫണ്ടുപയോഗിച്ചാണ് ഒന്നാം പിണറായി സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്.
ടെണ്ടറില്ലാത്ത വാടകയ്ക്കെടുപ്പ് വിവാദമായതോടെ രണ്ടാം പിണറായി സർക്കാർ ടെണ്ടർ വിളിച്ചു. ചിപ്സണ് ഏവിയേഷൻ അഞ്ച് വർഷത്തേക്ക് ടെണ്ടർ നേടിയിരുന്നു.
National
ഡെറാഡൂൺ: ബദരീനാഥ് ധാമിൽ നിന്ന് ഡെറാഡൂണിലേക്ക് പറക്കുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് ബുധനാഴ്ച രാവിലെ പാടശേഖരത്തിൽ അടിയന്തരമായി ഇറക്കി. ചെന്പ-അരകോട്ട് മേഖലയിലൂടെ പറക്കുന്നതിനിടെയാണ് സംഭവം.
ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റ് ഉൾപ്പെടെ ആറുപേരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. യാത്രാമധ്യേ ഉയർന്ന് വോൾട്ടേജുള്ള വൈദ്യുത ലൈനിൽ തട്ടി ഹെലികോപ്റ്ററിന്റെ പിൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതാണ് അടിയന്തര ലാൻഡിംഗിന് കാരണം.
യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിണമാരഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: നിയന്ത്രണങ്ങൾ ലംഘിച്ച് ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്. ഹെലികോപ്റ്റർ താഴ്ന്നു പറന്ന സംഭവത്തിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥന്റെ ഭക്തിയെന്നാണ് കണ്ടെത്തൽ.
ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹെലികോപ്റ്റർ താഴ്ത്തി പറത്തിയത്. നെടുമ്പാശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിംഗ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാനാണ് ഇങ്ങനെ ചെയ്തതെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
അച്ചടക്ക നടപടിയുടെ ഭാഗമായി ചുമതലയിൽനിന്ന് ഉദ്യോഗസ്ഥനെ നീക്കുകയും കൊച്ചിയിലെ കോസ്റ്റ്ഗാർഡ് മേഖലാ ആസ്ഥാനത്തേക്കു മാറ്റുകയും ചെയ്തു. ഹെലികോപ്റ്റർ പൈലറ്റ് കൂടിയായ ഈ ഉദ്യോഗസ്ഥനും സഹപൈലറ്റും ക്യാമറ ക്രൂവും അടക്കം മൂന്നു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
ഇതേ ഉദ്യോഗസ്ഥൻ മുൻപും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ ശബരിമലയിലേക്കും ഗുരുവായൂരിലേക്കും യാത്ര നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ മോശം കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ വഴിതിരിച്ച് വിട്ടത് എന്നായിരുന്നു കോസ്റ്റ് ഗാർഡിന്റെ വിശദീകരണം.
വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും കർശന നിയന്ത്രണമുള്ള വ്യോമപാതയിലാണ് ഉദ്യോഗസ്ഥൻ നിയമം ലംഘിച്ചത്. ഉദ്യോഗസ്ഥൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ക്ഷേത്ര സുരക്ഷയ്ക്ക് ഭീഷണിയാകും വിധം ഹെലികോപ്റ്റർ താഴ്ത്തുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി എസ്. ശ്രീജിത് തയാറാക്കിയ റിപ്പോർട്ട് ഇന്ന് സ്പെഷൽ കമ്മീഷണർക്ക് കൈമാറും.
കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്റ്റർ പറന്നു. കാലാവസ്ഥാ പ്രശ്നമെന്ന കോസ്റ്റ്ഗാർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്ട്ടില് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടില് ചൂണ്ടിക്കാട്ടുന്നത്.
എയർട്രാഫിക് കൺട്രോൾ റൂമിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കണമെന്നും റിപ്പോർട്ടിലുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ആ ദിവസത്തെ റിപ്പോർട്ട് പരിഗണിക്കണമെന്നും ഹെലികോപ്റ്റർ പറത്തിയ പൈലറ്റുമാരുടെ മൊഴിയെടുക്കണമെന്നും റിപ്പോർട്ടില് ആവശ്യപ്പെടുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സുരക്ഷാ പ്രശ്നം ഉള്ളതായി തോന്നുന്നില്ലെന്നുംകോപ്റ്റർ പറന്നപ്പോൾ തന്നെ വിവരം ലഭിച്ചെന്നും സാങ്കേതിക പ്രശ്നം കോസ്റ്റ് ഗാർഡ് വിളിച്ചറിയിച്ചിരുന്നുവെന്നും ജയകുമാർ വ്യക്തമാക്കി.
ശബരിമല സന്നിധാനത്തിനു മുകളിൽ ഇതാദ്യമായുണ്ടായ ഹെലികോപ്റ്റർ സാന്നിധ്യം വലിയ വിവാദമായി തുടരുന്നതിനിടെയാണ് ദേവസ്വം പ്രസിഡന്റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. അതേസമയം സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നതിൽ പമ്പ പോലീസ് കേസ് എടുത്തിട്ടുണ്ട്.
അതീവ സുരക്ഷാമേഖലയുടെ മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത് അതീവ ഗൗരവതമെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അന്തരീക്ഷം മേഘാവൃതമായതിനെ തുടർന്ന് ദിശതെറ്റി പറന്നു പോയതാണെന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ വട്ടമിട്ട് പറന്നത്. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പതിയെ പറന്നു.
ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അത് കണ്ടാണ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.
Kerala
പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്നതിൽ കേസെടുത്ത് പമ്പ പോലീസ്. അതീവ സുരക്ഷാമേഖലയുടെ മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത് അതീവ ഗൗരവകരമെന്ന് സ്പെഷ്യൽ കമ്മീഷ്ണർ ഹൈക്കോടതിയെ അറിയിച്ചു.
എന്നാൽ, അന്തരീക്ഷം മേഘാവൃതമായതിനെ തുടർന്ന് ദിശതെറ്റി പറന്ന് പോയതാണെന്ന് കോസ്റ്റ് ഗാർഡ് വിശദീകരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ വട്ടമിട്ട് പറന്നത്. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പതിയെ പറന്നു.
ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അത് കണ്ടാണ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. നിലയ്ക്കൽ, പമ്പ, സന്നിധാനം മേഖലകളിൽ ഡ്രോണുകൾ പോലും അനുവദനീയമല്ല.
വിവിഐപികളുമായി നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് പോലും മുൻകൂർ അനുമതി വേണം. ഈ സാഹചര്യത്തിൽ കോസ്റ്റ് ഗാർഡിന്റെ ആണെങ്കിൽ പോലും ഹെലികോപ്റ്റർ സന്നിധാനത്തിനു മുകളിൽ എത്തിയത് അതീവ ഗൗരവമെന്ന് സ്പെഷ്യൽ കമ്മീഷ്ണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എഡിജിപി ശ്രീജിത്ത് നൽകുന്ന അന്വേഷണ റിപ്പോർട്ടും കോടതിക്ക് കൈമാറും.
National
ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെത്തിയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി. തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ പരിശോധിച്ചത്.
രാഹുൽ ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങി കാറിൽ കയറിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്ററിൽ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി കൂടാതെ റാണിപ്പെട്ടിലും ഫ്ലയിംഗ് സ്ക്വാഡ് പരിശോധന നടത്തി.
തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അധികൃതർ പറഞ്ഞു.
National
പൂന: മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബൽ സഞ്ചരിച്ച ഹെലികോപ്റ്റർ ഹെലിപാഡിൽനിന്നും മാറി ലാൻഡ് ചെയ്തത് ആശങ്കപരത്തി.
നിശ്ചിത ഹെലിപാഡിൽനിന്നും ഏകദേശം ഒന്നരക്കിലോമീറ്ററോളം മാറിയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്.
ഹെലികോപ്റ്റർ സുഗമമായി ലാൻഡ് ചെയ്തെന്നും ആർക്കും പരിക്കില്ലെന്നും അഡീഷണൽ എസ്പി (പൂനെ റൂറൽ) ഗണേഷ് ബിരാദാർ പറഞ്ഞു. ചില ആശയക്കുഴപ്പം മൂലം പൈലറ്റിന് ഹെലിപാഡ് കാണാൻ കഴിഞ്ഞില്ല.
പാർക്കിംഗിനായി നിശ്ചയിച്ച സ്ഥലത്ത് ഹെലികോപ്റ്റർ ഇറക്കി. പ്രശ്നങ്ങളൊന്നുമുണ്ടായില്ലെന്നും മന്ത്രി അറിയിച്ചു.
International
ദോഹ: ഖത്തറിൽ ഹെലികോപ്റ്റർ തകർന്നുവിണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴുപേരിൽ ആറു പേരുടെ മൃതദേഹങ്ങൾ തെരച്ചിലിൽ കണ്ടെത്തി.
ആറു പേരുടെ മരണം ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. കാണാതായ ഏഴാമത്തെ ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീഴുകയായിരുന്നു. സാങ്കേതിക കാരണം മൂലമാണ് അപകടമെന്നാണ് വിശദീകരണം. ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്ത്ര മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
Kerala
ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു. ഹെലികോപ്റ്ററിനായുള്ള തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക കാരണമാണ് അപകടകാരണമെന്നും വിശദീകരിച്ചു.
ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിവിധ സംഘങ്ങൾ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
അൽപസമയം മുമ്പാണ് അറിയിപ്പ് ലഭിച്ചത്. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.
National
ന്യൂഡൽഹി: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി. ലക്നോവിലെ ലാ മാർട്ട് ഗ്രൗണ്ടിൽ നിന്ന് കൗശാംബിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
സാങ്കേതിക തകരാർ മൂലം ലക്നോ വിമാനത്താവളത്തിലാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. പറക്കുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്നും പുകയുയർന്നതോടെയാണ് അടിയന്തര ലാന്ഡിംഗ് നടത്തിയതെന്നാണ് വിവരം.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
National
പോർട്ട്ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മായബന്ദറിന് സമീപം സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ കടലിൽ ഇടിച്ചിറക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരെയും രക്ഷിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പവൻ ഹാൻസിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ 8.45 ഓടെ ശ്രീ വിജയ പുരത്ത് (പോർട്ട് ബ്ലെയർ) നിന്നുമാണ് ഹെലികോപ്റ്റർ പുറപ്പെട്ടത്. നോർത്ത്, മിഡിൽ ആൻഡമാൻ ജില്ലയിലെ മായാബന്ദറായിരുന്നു ലക്ഷ്യസ്ഥാനം. 9.30 ഓടെ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയും മായാബന്ദറിനടുത്തുള്ള കടലിൽ ഇടിച്ചിറക്കുകയുമായിരുന്നു.
രണ്ട് ക്രൂ അംഗങ്ങളും ഒരു കുട്ടിയുൾപ്പെടെ അഞ്ച് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. ഏഴ് യാത്രക്കാരെയും കടലിൽ നിന്ന് രക്ഷപ്പെടുത്തി. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: സാങ്കേതിക തകരാർ സംഭവിച്ചതിനെത്തുടർന്ന് സ്വകാര്യകന്പനിയുടെ ഹെലികോപ്റ്റർ സ്കൂൾ ഗ്രൗണ്ടിൽ അടിയന്തരമായി ഇറക്കി. സംഭവത്തിൽ ആർക്കും പരിക്കോ മറ്റ് അത്യാഹിതങ്ങളോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
മുംബൈയിലെ ജുഹുവിൽനിന്നു ഗുജറാത്തിലെ സൂറത്തിലേക്കു പറന്ന നാലുപേരുൾപ്പെട്ട ഹെലികോപ്റ്ററാണ് പൽഘാർ ജില്ലയിലെ വിദ്യാ വൈഭവ് ഹൈസ്കൂളിൽ ഇറക്കിയത്. സഫേലിനും കെൽവ റോഡ് സ്റ്റേഷനും മധ്യേ പറക്കുന്നതിനിടെയാണ് ഹെലികോപ്റ്ററിൽ അപായസൂചന മുഴങ്ങിയത്. ഉടൻതന്നെ പൈലറ്റ് ഹെലികോപ്റ്റർ സ്കൂൾ ഗ്രൗണ്ടിൽ ഇറക്കുകയായിരുന്നു.
International
മോസ്കോ: റഷ്യയിൽ പ്രതിരോധ വകുപ്പിന് കീഴിലുള്ള ഏവിയേഷൻ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണ് അഞ്ച് പേർ മരിച്ചു. കെഎ-226 ഹെലികോപ്റ്ററാണ് തകർന്നത്.
കിസ്ലിയാറിൽ നിന്ന് ഇസ്ബെർബാഷിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കാസ്പിയൻ കടൽത്തീരത്ത് ഹെലികോപ്റ്റർ ഇറക്കാൻ പൈലറ്റ് ശ്രമിക്കുന്നത് ദൃശ്യമാണ്. തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് നിലത്തിടിച്ച് ഹെലികോപ്റ്ററിന്റെ പിൻഭാഗം അടർന്നുപോയി. പിന്നീട് വെള്ളത്തിന് മുകളിലൂടെ ഹെലികോപ്റ്റർ ചെറുതായി ഉയർത്താൻ പൈലറ്റിന് കഴിഞ്ഞെങ്കിലും നിയന്ത്രണം നഷ്ടപ്പെടുകയും താഴേക്ക് പതിക്കുകയും ചെയ്തു.
കിസ്ലിയാർ ഇലക്ട്രോ മെക്കാനിക്കൽ പ്ലാന്റിലെ ഡെപ്യൂട്ടി ജനറൽ ഡയറക്ടർ, ചീഫ് എൻജിനീയർ, ചീഫ് ഡിസൈനർ, ഹെലികോപ്റ്റർ ഫ്ലൈറ്റ് മെക്കാനിക്ക് എന്നിവരാണ് മരിച്ചത്.
National
ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രചാരണത്തിനു ഹെലികോപ്റ്റർ വാങ്ങാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നീക്കം തുടങ്ങി. ബംഗളൂരു ആസ്ഥാനമായ കമ്പനിയിൽ നിന്നു നാലു ഹെലികോപ്റ്ററുകളാണു വാങ്ങുന്നത്.
സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കും. സമ്മേളനം തുടങ്ങുന്നതിനു 15 മിനിറ്റ് മുന്പു മാത്രമേ വിജയ് എത്തൂ. എന്നാൽ ഹെലികോപ്റ്റർ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള അകലം വർധിക്കുമെന്ന ആശങ്കയും ചില പാർട്ടി നേതാക്കൾക്കുണ്ട്.
മുൻ മുഖ്യമന്ത്രി ജയലളിത നേരത്തേ ഹെലികോപ്റ്ററുകളിൽ പര്യടനം നടത്തിയതു വിജയമായിരുന്നു. കരൂരിൽ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേരാണ് മരിച്ചത്.
Kerala
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഹെലികോപ്റ്റർ പ്രമാടത്തെ ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിൽ പ്രതികരണവുമായി കെ.യു.ജനീഷ് കുമാർ എംഎൽഎ. എച്ച് മാർക്കിൽ ഹെലികോപ്റ്റർ ഇടാൻ പൈലറ്റിന്റെ നിർദേശം അനുസരിച്ച് തള്ളിമാറ്റിയതാണെന്ന് എംഎൽഎ പറഞ്ഞു.
കോൺക്രീറ്റിൽ ടയർ താഴ്ന്നാൽ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റർ മുകളിലേക്കല്ലേ ഉയരുന്നതെന്നും ജനീഷ് കുമാർ ചോദിച്ചു. ഹെലിപ്പാഡില് എച്ച് മാര്ക്ക് ചെയ്തിട്ടുണ്ട്. അവിടെയാണ് ഹെലികോപ്റ്റര് ലാന്ഡ് ചെയ്യേണ്ടിയിരുന്നത്. ലാന്ഡ് ചെയ്തപ്പോള് അല്പ്പം പിന്നിലേക്കായിപ്പോയി.
ഉയര്ത്തുന്ന ഘട്ടത്തില് ഫാന് കറങ്ങി ചെളിയും പൊടിയും ഉയരാന് സാധ്യതയുണ്ട്. തുടര്ന്ന് പൈലറ്റ് തന്നെയാണ് സുരക്ഷാ ജീവനക്കാരോട് ഹെലികോപ്റ്റര് സെന്ട്രലിലേക്ക് നീക്കി നിര്ത്തണമെന്ന് പറഞ്ഞത്. ഹെലിപ്പാഡില് ഒരു കേടുപാടും ഉണ്ടായിട്ടില്ലെന്നും ജനീഷ് കുമാര് പറഞ്ഞു.
Kerala
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയ സംഭവത്തിൽ വിശദീകരണവുമായി ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ. ഹെലിപ്പാടിന്റെ ഉറപ്പിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.
എച്ച് മാർക്കിനേക്കാൾ പിന്നിലാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. പുതിയ കോൺക്രീറ്റ് ആയതിനാൽ അര ഇഞ്ചിന്റെ താഴ്ചയുണ്ടായി. സുരക്ഷാ പ്രശ്നമുണ്ടായിരുന്നുവെങ്കിൽ ഇവിടെ നിന്ന് തന്നെ ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടര് വ്യക്തമാക്കി.
രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
ഇതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണമെന്നും കളക്ടർ പറഞ്ഞു.
Kerala
പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുര്മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള് ഹെലിപാഡിലെ കോണ്ക്രീറ്റില് താഴ്ന്ന സംഭവത്തില് യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്.
ഹെലികോപ്റ്റര് ലാന്ഡ് ചെയ്യാനുള്ള ഹെലിപാഡ് വളരെ വൈകിയാണ് തയാറാക്കിയത്. ലാന്ഡ് ചെയ്യാന് നേരത്തെ തന്നെ ക്രമീകരണമുണ്ടാക്കിയിരുന്നു. ആ നിശ്ചയിച്ച സ്ഥലത്തുനിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റര് ലാന്ഡ് ചെയ്തത്.
ഇത് സെറ്റാവാത്ത കോണ്ക്രീറ്റ് ഉള്ള ഭാഗത്തായിപ്പോയി. ഇതോടെ ഹെലികോപ്റ്ററിന് മുന്നോട്ട് നീങ്ങാന് സാധിച്ചില്ല. ഇതോടെയാണ് അത് തള്ളി നേരത്തേ ലാന്ഡ് ചെയ്യാന് നിശ്ചയിച്ചിരുന്ന നാലഞ്ച് അടി മാറിയുള്ള സ്ഥലത്തേക്ക് നീക്കിയത്. അല്ലാതെ ഹെലികോപ്റ്ററിനോ രാഷ്ട്രപതിയുടെ ലാന്ഡിംഗിനോ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങള് ഉണ്ടായിട്ടില്ലെന്നും റവാഡ ചന്ദ്രശേഖര് പറഞ്ഞു.
അതേസമയം, പിഡബ്ല്യുഡിയാണ് ഹെലിപാഡ് തയാറാക്കി കോണ്ക്രീറ്റ് ചെയ്തത്. എയര്ഫോഴ്സ് ജീവനക്കാര് ചൂണ്ടിക്കാണിച്ച ഇടത്താണ് ഹെലിപാഡ് തയാറാക്കിയതെന്ന് പിഡബ്ല്യുഡി അറിയിച്ചു.
രാത്രി ഏറെ വൈകിയാണ് ഇവിടം കോണ്ക്രീറ്റ് ചെയ്തത്. ചെളിയും പൊടിപടലങ്ങളും ഒഴിവാക്കാനുള്ള ക്രമീകരണമാണ് ആവശ്യപ്പെട്ടതെന്നും എയര്ഫോഴ്സ് ജീവനക്കാരുടെ സാന്നിധ്യത്തില് തന്നെയാണ് പ്രവൃത്തികള് പൂര്ത്തിയാക്കിയതെന്നും പിഡബ്ല്യുഡി വ്യക്തമാക്കി.
NRI
ലണ്ടൻ: ബ്രിട്ടനിൽ നിന്നു മടങ്ങിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും സഞ്ചരിച്ച ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി.
ബ്രിട്ടനിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ചെക്കേഴ്സിൽ നിന്ന് ലണ്ടനിലെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ട്രംപിന്റെ മറീൻ വൺ ഹെലികോപ്റ്ററിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് സാങ്കേതിക തകരാർ നേരിട്ടത്.
തുടർന്ന് ഒരു പ്രാദേശിക എയർഫീൽഡിൽ ഹെലികോപ്ടർ അടിയന്തരമായി ഇറക്കി. പിന്നീട് ട്രംപും മെലാനിയയും മറ്റൊരു ഹെലികോപ്റ്ററിൽ വിമാനത്താവളത്തിലേക്ക് എത്തുകയും പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ യുഎസിലേക്കു മടങ്ങുകയും ചെയ്തു.