പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: തദ്ദേശീയമായി നിർമിച്ച രണ്ടു വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ഇന്ത്യൻ സേനയ്ക്കും പൊതുമേഖലാസ്ഥാപനമായ പവൻ ഹാൻസിനും കൈമാറാൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ഒരുങ്ങുന്നു.
എച്ച്ടിടി-40 ബേസിക് ട്രെയിനര്‍ വിമാനം, ധ്രുവ് എന്‍ജി സിവില്‍ ഹെലികോപ്റ്റര്‍, എല്‍സിഎ എഫ്ഒസി ട്രെയിനര്‍ വിമാനം എന്നിവയാണു കൈമാറുക. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡു, എയർ ചീഫ് മാർഷൽ എ.പി. സിംഗ് എന്നിവരുടെ സാന്നിധ്യത്തിൽ ഔദ്യോഗിക കൈമാറ്റം നടക്കും.
വ്യോമസേനയുടെ അടിസ്ഥാന പരിശീലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വികസിപ്പിച്ചെടുത്ത എച്ച്ടിടി-40 വിഭാഗത്തില്‍പ്പെട്ട് 70 വിമാനങ്ങള്‍ക്കാണ് എച്ച്എഎലുമായി കരാറുള്ളത്. വിവിഐപി ഗതാഗതം, ഓഫ്ഷോര്‍ പ്രവര്‍ത്തനങ്ങള്‍, എയര്‍ ആംബുലന്‍സ് സേവനങ്ങള്‍, ഹെലി-തീര്‍ഥാടനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി രൂപകല്പന ചെയ്തതാണ് എച്ച്എഎലിന്റെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററായ ധ്രുവ് എന്‍ജി സിവില്‍ ഹെലികോപ്റ്റര്‍.
രാജ്യത്തെ സിവില്‍ ഹെലികോപ്റ്റര്‍ മേഖലയെ വികസിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഈ ഹെലികോപ്റ്ററിന്റെ വരവ് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags : HAL HandOver Aircraft Helicopter Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash