ബിൽ ഹുയിസെംഗ
വാഷിംഗ്ടൺ ഡിസി: ക്രൈസ്തവർക്കെതിരായ പീഡനങ്ങളും വംശീയ-മത സംഘർഷങ്ങളിലെ മരണസംഖ്യയും വർധിക്കുന്ന സാഹചര്യത്തിൽ നൈജീരിയൻ സർക്കാരിനെതിരേ കർശന നിലപാട് സ്വീകരിക്കണമെന്ന് യുഎസ് റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടു.
മതപീഡനത്തിന്റെ പേരിൽ നൈജീരിയയെ "പ്രത്യേക ആശങ്കയുള്ള രാജ്യമായി'' പ്രഖ്യാപിച്ച് ഒരു വർഷം പിന്നിട്ടിട്ടും സ്ഥിതിഗതികളിൽ കാര്യമായ പുരോഗതിയില്ലാത്തതിൽ ജനപ്രതിനിധികൾ ആശങ്ക രേഖപ്പെടുത്തി.
യുഎസ് ഹൗസ് ഫോറിൻ അഫയേഴ്സ് സബ്കമ്മിറ്റി ഓൺ ആഫ്രിക്ക വ്യാഴാഴ്ച നടത്തിയ ഹിയറിംഗിലാണു വിഷയം ചർച്ചയായത്. ഇക്കാര്യത്തിൽ മതിയായ നടപടികൾ ഉണ്ടായിട്ടുണ്ടോ എന്നതിൽ സംശയമുണ്ടെന്നും യഥാർഥത്തിൽ എന്തെങ്കിലും കാര്യം നടന്നിട്ടുണ്ടോയെന്നും മിഷിഗണിൽനിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ബിൽ ഹുയിസെംഗ ചോദിച്ചു.
ഫുലാനി വംശീയ സായുധ സംഘങ്ങൾ, ബൊക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ തുടങ്ങിയ ഭീകരസംഘടനകൾ നടത്തുന്ന ആക്രമണങ്ങളിലും തട്ടിക്കൊണ്ടുപോകലുകളിലും ക്രൈസ്തവരാണ് വലിയതോതിൽ ഇരകളാക്കപ്പെടുന്നതെന്ന് സമിതി വിലയിരുത്തി.
Tags : Persecution Christians US Republican Representatives trong Action Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash