അരി
കോഴിക്കോട്: അരിവില കുതിച്ചുയരുന്നത് സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരുടെയും ജനങ്ങളുടെയും കഞ്ഞികുടി മുട്ടിക്കും. സര്‍ക്കാരില്‍നിന്നു യഥാസമയം സഹായം ലഭിക്കാതെ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് രാജ്യത്തുടനീളം അരിവില കുതിച്ചുയര്‍ന്നിരിക്കുന്നത്.
സര്‍ക്കാരില്‍നിന്നുള്ള സബ്സിഡി അരി വിതരണം മുടങ്ങിയിട്ടും കടം വാങ്ങിയും മറ്റും ദെനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജനകീയ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കു കനത്ത തിരിച്ചടിയാണ് അരി വിലക്കയറ്റം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പാചകവാതക വിലവര്‍ധനയും കാരണം സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍ പടിപടിയായി പൂട്ടിക്കൊണ്ടിരിക്കുന്നതിനിടെയാണ് കൂനിന്മേല് കുരുവായി അരിവില വര്‍ധന.
ജനകീയ ഹോട്ടലുകള്‍ക്കു സബ്സിഡി നിരക്കിലുള്ള സര്‍ക്കാര്‍ വക അരിവിതരണം നിലച്ചിട്ട് ഏഴു മാസത്തിലധികമായി. 2026 മാര്‍ച്ച് 30 വരെ മാത്രമേ ജനകീയ ഹോട്ടലുകള്‍ക്കു സബ്സിഡി അരി ലഭിച്ചിട്ടുള്ളു. അരി ലഭിക്കാതായതോടെ പിറ്റേ മാസംതന്നെ (ഏപ്രില്‍) 38 ഹോട്ടലുകള്‍ പൂട്ടി.
അരിയുടെ പെര്‍മിറ്റ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് പുതുക്കി നല്‍കുന്നതിനായി സര്‍ക്കാരിലേക്ക് കത്തു നല്‍കിയിട്ടുണ്ടെന്നാണു കുടുംബശ്രീ അധികൃതരുടെ വിശദീകരണം. എന്നാല്‍, ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം ഒരു പെര്‍മിറ്റിന് മാസം 600 കിലോഗ്രാം അരി സിവില്‍ സപ്ലൈസില്നിന്നു 10.90 രൂപ നിരക്കിലാണ് ജനകീയ ഹോട്ടലുകള്‍ക്കു ലഭിച്ചിരുന്നത്.
ഒരു പഞ്ചായത്തില്‍ ഒന്നില്‍ കൂടുതല്‍ ഹോട്ടലുകളുണ്ടെങ്കില്‍ ഈ അരി തുല്യമായി വീതിച്ചു നല്കുകയാണു പതിവ്. സബ്സിഡി നിലച്ചതോടെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനകീയ ഹോട്ടലുകളിലെ ഊണിനു പലയിടങ്ങളിലും 45 രൂപ വരെയാക്കിയിട്ടും സംരംഭകര്‍ക്കു പിടിച്ചുനില്‍ക്കാനായില്ല.
2026 ഏപ്രില്‍ ഒന്നിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെ 655 ജനകീയ ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. നിലവില്‍ ഇത് 628 ആയി കുറഞ്ഞുവെന്നു വിവരാവകാശ നിയമപ്രകാരം കുടുംബശ്രീ സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. വിവിധ ജില്ലകളിലായാണ് 38 ജനകീയ ഹോട്ടലുകള്‍ പൂട്ടിയത്.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടിയത്; 14 എണ്ണം. ഏറ്റവും കൂടുതല്‍ ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചിരുന്നത് മലപ്പുറം ജില്ലയിലാണ് (97 എണ്ണം). കോഴിക്കോട് (80), പാലക്കാട് (74), തൃശൂര്‍ (66) എന്നിങ്ങനെയാണ് മറ്റ് ഏതാനും ജില്ലകളിലെ കണക്ക്. വയനാട്ടിലാണ് ഏറ്റവും കുറവ് ഹോട്ടലുകള്‍ - 16 എണ്ണം.
Tags : Janakeeya Hotels Halt Rice Rate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash