തൃശൂർ: നിർമാണം പൂർത്തിയാകുംമുമ്പ് ദേശീയപാത 66ലെ നാട്ടിക ടോൾ പ്ലാസയിൽ ഇന്നലെ ആരംഭിക്കാനിരുന്ന ടോൾ പിരിവ് താത്കാലികമായി മാറ്റിവച്ചു.
നിർമാണം പൂർത്തിയാകുന്നതുവരെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ ദേശീയപാത അഥോറിറ്റിക്കു നിർദേശം നൽകിയതായി മന്ത്രി പി.കെ. ബഷീർ അറിയിച്ചു. മന്ത്രി ഒ.ജെ. ജനീഷിന്റെ ഇടപെടലിനെത്തുടർന്നാണു തീരുമാനം.
സ്ഥലത്തെ പ്രശ്നങ്ങൾ മന്ത്രി ഒ.ജെ. ജനീഷ് പൊതുമരാമത്ത് മന്ത്രി, വകുപ്പ് സെക്രട്ടറി എന്നിവരുമായി നടത്തിയ ചർച്ചയിൽ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ദേശീയപാതയിലെ കൊടുങ്ങല്ലൂർ- കാപ്പിരിക്കാട് റീച്ചിൽ സർവീസ് റോഡുകളുടെയും പാലങ്ങളുടെയും നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ ടോൾ പിരിവ് ആരംഭിച്ചാൽ പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കും ജനങ്ങൾക്കു ബുദ്ധിമുട്ടും ഉണ്ടാകുമെന്നു ജില്ലാ കളക്ടറും ജില്ലാ പൊലിസ് മേധാവിയും റിപ്പോർട്ട് സമർപ്പിച്ചിരുന്നു.