മണപ്പുറം ഫിനാന്‍സ്
കൊച്ചി: മണപ്പുറം ഫിനാന്‍സ് സാമ്പത്തികവര്‍ഷത്തെ രണ്ടാംപാദ, അര്‍ധ വാര്‍ഷിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2026 സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാംപാദത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തേക്കാള്‍ 222.90 ശതമാനം വളര്‍ന്ന് 701 കോടിയായി.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ ഇത് 217 കോടിയായിരുന്നു. ഈ കാലയളവില്‍ കമ്പനിയുടെ മൊത്തം പ്രവര്‍ത്തനവരുമാനം പോയ വര്‍ഷത്തെ അപേക്ഷിച്ചു 46.2 ശതമാനം വര്‍ധിച്ച് 3356 കോടിയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ പാദത്തില്‍ വരുമാനം 2,296 കോടി രൂപയായിരുന്നു.
കൈകാര്യം ചെയ്യുന്ന ആസ്തി 60.1 ശതമാനം വളര്‍ന്ന് 73,303 കോടി രൂപയായി. സ്വര്‍ണ വായ്പാ ആസ്തി 92.5 ശതമാനം വളര്‍ച്ചയോടെ 60,640 കോടി രേഖപ്പെടുത്തി. സ്വര്‍ണേതര വായ്പാ ആസ്തികള്‍ മൊത്തം ആസ്തിയുടെ 17.27 ശതമാനമാണ്.
രണ്ടാം പാദത്തില്‍ കമ്പനിയുടെ പക്കല്‍ 70 ടണ്‍ സ്വര്‍ണമുണ്ട്. മുന്‍വര്‍ഷത്തെയപേക്ഷിച്ച് 22 ശതമാനം വളര്‍ച്ചയാണ് ഈയിനത്തില്‍ രേഖപ്പെടുത്തിയത്. ഉപഭോക്താക്കളുടെ എണ്ണം 2.3 ശതമാനം വര്‍ധിച്ച് 46.9 ലക്ഷമായെന്നും അധികൃതർ അറിയിച്ചു.
Tags : Manappuram Finance Net Profit second quarter Business Financial Year