പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ ഡിസി: അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികൾ കടുപ്പിച്ചതോടെ അമേരിക്കയിൽനിന്ന് ഒരു വർഷത്തിനുള്ളിൽ നാടുകടത്തപ്പെട്ടവരുടെ എണ്ണം അഞ്ചു ലക്ഷത്തിനടുത്തെത്തി.
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പുറത്തുവിട്ട 2026 സാമ്പത്തികവർഷത്തെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് 4,83,200 പേരെയാണ് നാടുകടത്തിയത്.
ഏജൻസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക നിരക്കാണിത്. ഒരു വർഷത്തിനിടെ 4,91,000ത്തിലധികം കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022, 2023, 2024 സാമ്പത്തികവർഷങ്ങളിൽ ആകെ നടന്ന അറസ്റ്റുകളേക്കാൾ കൂടുതലാണിത്.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം ഇതുവരെ 12 ലക്ഷത്തോളം പേരെ നാടുകടത്തിയതായും 30 ലക്ഷത്തിലധികം കുടിയേറ്റക്കാർ സ്വമേധയ ഉൾപ്പെടെ രാജ്യം വിട്ടതായും ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ മാത്രം 48,000ത്തിലധികം അറസ്റ്റുകളും 44,000 നാടുകടത്തലുകളും നടന്നു. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് നാടുകടത്തപ്പെട്ടവരുടെ പട്ടികയിൽ രണ്ട് ഇന്ത്യൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡിഎച്ച്എസ് വ്യക്തമാക്കി.
വാഹനാപകടമുണ്ടാക്കി നിർത്താതെ പോയതിനും അശ്രദ്ധമൂലമുള്ള നരഹത്യയ്ക്കുമാണ് ഇവർക്കെതിരേ നടപടിയെടുത്തത്. മെക്സിക്കോ, വെനസ്വേല, ഹോണ്ടുറാസ്, ബ്രസീൽ, റഷ്യ, യുകെ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരും പുറത്താക്കപ്പെട്ടവരിലുണ്ട്.
Tags : Deported Single Year Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash