പേടിഎം
മുംബൈ: പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റുകൾ (പിപിഎ), ഡിജിറ്റൽ വാലറ്റുകൾ എന്നിവ പുറത്തിറക്കുന്നതിന് പേടിഎമ്മിന്റെ ഉപസ്ഥാപനമായ ‘പേടിഎം പേമെന്റ്സ് സർവീസസി’ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രാഥമിക അനുമതി ലഭിച്ചു.
ഇന്നലെ പുറത്തുവന്ന ഈ വാർത്തയ്ക്കു പിന്നാലെ വിപണിയിൽ പേടിഎം ഓഹരികൾ കുതിച്ചുയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 1,960 രൂപയിലെത്തി. ആർബിഐയുടെ അന്തിമ അനുമതികൂടി ലഭിക്കുന്നതോടെ ഉപയോക്താക്കൾക്ക് വാലറ്റ് സേവനങ്ങൾ ഉൾപ്പടെയുള്ള പ്രീപെയ്ഡ് പേയ്മെന്റ് സൗകര്യങ്ങൾ വീണ്ടും ലഭ്യമാക്കാൻ സാധിക്കുമെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ വ്യക്തമാക്കി.
ചട്ടലംഘനങ്ങളും മേൽനോട്ടപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി രണ്ടു വർഷത്തിലധികം മുന്പാണ് പേടിഎം പേയ്മെന്റ്സ് ബാങ്കിൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും വാലറ്റ് ടോപ്പ്-അപ്പുകൾ നടത്തുന്നതും ആർബിഐ വിലക്കിയത്. ഇതോടെ കമ്പനിയുടെ സാധാരണ വാലറ്റ് പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചിരുന്നു. തുടർന്ന് ഈ വർഷം ആദ്യം പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് ആർബിഐ റദ്ദാക്കുകയും ചെയ്തു.
പേടിഎമ്മിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ പേടിഎം പേയ്മെന്റ്സ് സർവീസസ് വഴിയാണ് ഇപ്പോൾ വാലറ്റ് സേവനങ്ങൾ പുനരാരംഭിക്കാനുള്ള നീക്കം നടത്തുന്നത്.
കേന്ദ്ര ബാങ്കിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചത് കമ്പനിയുടെ ഡിജിറ്റൽ പേയ്മെന്റ് ബിസിനസിന് വലിയ ഉണർവാണ് നൽകിയിരിക്കുന്നത്. അന്തിമ അനുമതിക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഉപയോക്താക്കൾക്ക് പഴയതുപോലെ പേടിഎം വാലറ്റ് സേവനങ്ങൾ ഉപയോഗിക്കാനാകും.
Tags : Wallet license RBI Preliminary Approval Share price Record High Business Paytm Payments Services