കേരള ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് സാമൂഹിക, സാമ്പത്തിക, ജാതി സര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഒരു മാസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി.
ഇതു സംബന്ധിച്ച തീരുമാനം നയപരമായി ഉണ്ടാകേണ്ടതാണെന്നും വിഷയം ഒരു മാസത്തിനകം മന്ത്രിസഭയ്ക്ക് മുമ്പാകെ വയ്ക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന് ഒരു മാസം കൂടി സമയം അനുവദിച്ചത്.
ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഇതു സംബന്ധിച്ച് നിർദേശം നൽകിയത്. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന് ട്രസ്റ്റ് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
2011ലെ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കാത്തതിനാല്‍ പുതിയ പഠനം നടത്തേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിഷയം പരിശോധിക്കുകയാണെന്നും, നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
2021ലെ 105-ാം ഭരണഘടനാ ഭേദഗതി പ്രകാരം സ്വന്തമായി പിന്നാക്ക വിഭാഗ പട്ടിക തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
കേന്ദ്രത്തില്‍ നിന്ന് വിവരം ലഭിക്കാത്തത് സംസ്ഥാനത്തിനു സ്വന്തമായി പട്ടിക തയാറാക്കുന്നതിന് തടസമല്ലെന്ന് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനും അറിയിച്ചു. ജനുവരി ഏഴിന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും പിന്നാക്ക വിഭാഗ കമ്മിഷനും കോടതി നിര്‍ദേശം നല്കി.
Tags : Social Economic Caste Survey Kerala High Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash