പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്നതിൽ കേസെടുത്ത് പമ്പ പോലീസ്. അതീവ സുരക്ഷാമേഖലയുടെ മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത് അതീവ ഗൗരവകരമെന്ന് സ്പെഷ്യൽ കമ്മീഷ്ണർ ഹൈക്കോടതിയെ അറിയിച്ചു.
എന്നാൽ, അന്തരീക്ഷം മേഘാവൃതമായതിനെ തുടർന്ന് ദിശതെറ്റി പറന്ന് പോയതാണെന്ന് കോസ്റ്റ് ഗാർഡ് വിശദീകരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ വട്ടമിട്ട് പറന്നത്. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പതിയെ പറന്നു.
ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അത് കണ്ടാണ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. നിലയ്ക്കൽ, പമ്പ, സന്നിധാനം മേഖലകളിൽ ഡ്രോണുകൾ പോലും അനുവദനീയമല്ല.
വിവിഐപികളുമായി നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് പോലും മുൻകൂർ അനുമതി വേണം. ഈ സാഹചര്യത്തിൽ കോസ്റ്റ് ഗാർഡിന്റെ ആണെങ്കിൽ പോലും ഹെലികോപ്റ്റർ സന്നിധാനത്തിനു മുകളിൽ എത്തിയത് അതീവ ഗൗരവമെന്ന് സ്പെഷ്യൽ കമ്മീഷ്ണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എഡിജിപി ശ്രീജിത്ത് നൽകുന്ന അന്വേഷണ റിപ്പോർട്ടും കോടതിക്ക് കൈമാറും.
Tags : police registers case helicopter sabarimala temple