സുപ്രീം കോടതി
ന്യൂഡൽഹി: പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയപരിധി അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത് മുതലല്ല, മറിച്ച് പൊലിസ് കസ്റ്റഡിയിലെടുത്ത സമയം തൊട്ടാണെന്ന് സുപ്രീംകോടതി. ജസ്റ്റീസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ്. ചന്ദൂർകർ എന്നിവരുടെ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത് മുതലാണ് 24 മണിക്കൂർ സമയപരിധി ആരംഭിക്കുന്നതെന്ന നിലപാട് ഭരണഘടനയുടെ ആർട്ടിക്കിൾ 22(2)-നും ബിഎൻഎസ്എസ് 56-ാം വകുപ്പിനും എതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പുള്ള അന്വേഷണത്തിനോ മറ്റു നടപടികൾക്കോ എടുക്കുന്ന സമയം ഭരണഘടനാപ്രകാരം ഇളവായി കണക്കാക്കാനാവില്ല. അറസ്റ്റ് ചെയ്ത സ്ഥലത്തുനിന്ന് മജിസ്ട്രേറ്റിന്‍റെ കോടതിയിലേക്കുള്ള യാത്രാസമയം മാത്രമാണ് ഭരണഘടന നൽകുന്ന ഒരേയൊരു ഇളവെന്നും കോടതി വ്യക്തമാക്കി.
വ്യക്തികളെ കസ്റ്റഡിയിലെടുക്കുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്നതും തമ്മിൽ കൃത്രിമമായ ഒരു വേർതിരിവ് ഉണ്ടാക്കാനുള്ള ഏത് ശ്രമവും ഭരണഘടനാപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്ത തീയതിയും സമയവും മജിസ്ട്രേറ്റുമാർ കൃത്യമായി രേഖപ്പെടുത്തണമെന്നും, ആ കസ്റ്റഡി സമയം മുതൽ 24 മണിക്കൂർ എന്ന പരിധി കർശനമായി പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശം നൽകി.
Tags : SupremeCourt Magistrate Custody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash