Kerala
കൊച്ചി: നിരോധിത സംഘടനയായ എല്‍ടിടിഇയുടെ പ്രവര്ത്തകന് ജാമ്യം അനുവദിച്ചു ഹൈക്കോടതി. ശ്രീലങ്കന്‍ സ്വദേശി സദ് കുനത്തിനാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീകരപ്രവര്‍ത്തനം നടത്തിയെന്ന എന്‍ഐഎ കേസില്‍ നാലു വര്‍ഷമായി വിചാരണ തടവുകാരനായിരുന്നു.
വിചാരണ അനന്തമായി നീളുന്നത് ഭരണഘടനാവിരുദ്ധമാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസുമാരായ സുസൃത് അരവിന്ദ് ധര്‍മ്മാധികാരി, പി.വി. ബാലകൃഷ്ണന് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷ തള്ളിയ കൊച്ചിയിലെ പ്രത്യേക കോടതിയുടെ ഏപ്രില്‍ 22ലെ ഉത്തരവ് റദ്ദാക്കിയാണു കോടതി നടപടി. ചെന്നൈയില്‍ അഭയാര്‍ഥിയായി കഴിയുന്ന സദ് കുന എല്‍ടിടിഇ തലവന്‍ വി. പ്രഭാകരന്റെ സുരക്ഷാവിഭാഗത്തില്‍ അംഗമായിരുന്നു.
സംഘടനയെ സജീവമാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇതിനായി 300 കിലോ ഹെറോയിനും അഞ്ച് ടൈപ്പ് 56 റൈഫിളുകളും 1,000 റൗണ്ട് വെടിയുണ്ടകളും കടത്തിയതായും ലഹരിമരുന്ന് വില്പനയിലൂടെ ലഭിച്ച പണം ഹവാല വഴി വസ്തുവകകളില്‍ നിക്ഷേപിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
2021 ഒക്ടോബര്‍ അഞ്ച് മുതല്‍ നാലുവര്‍ഷത്തിലേറെയായി പ്രതി തടവിലാണ്. കേസില്‍ 209 സാക്ഷികളും 446 രേഖകളുമുള്ളതിനാല് വിചാരണ 2027ല്‍ മാത്രമേ പൂര്‍ത്തിയാകൂവെന്ന് വിചാരണക്കോടതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിചാരണയില്ലാതെ ഒരാളെ ദീര്‍ഘകാലം തടവില്‍ വയ്ക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന വേഗത്തിലുള്ള വിചാരണയെന്ന അവകാശത്തിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎയ്ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Sports
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്. നിർണായകമായ മൂന്നാം മത്സരത്തിൽ 53 റൺസിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇതോടെ 2 -1 പരമ്പരയും അവർ സ്വന്തമാക്കി. സ്കോർ: ഇംഗ്ലണ്ട് 357/3 ശ്രീലങ്ക 304 (46.4).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ജോ റൂട്ടും (111) ഹാരി ബ്രൂക്കും (66 ബോളിൽ 136) സെഞ്ചുറിയും ജേക്കബ് ബെഥേൽ (65) അർധ സെഞ്ചുറിയും നേടി. ഒമ്പതു സിക്സും പതിനൊന്ന് ഫോറും ഉൾപ്പെടുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിംഗ്സ്.
മറുപടി ബാറ്റിംഗിൽ മികച്ച തുടക്കം ലങ്കയ്ക്ക് ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതാണ് അവർക്ക് തിരിച്ചടിയായത്. 121 റൺസ് നേടിയ പവൻ രത്നായകെയാണ് അവരുടെ ടോപ് സ്കോറർ. പതും നിസാങ്ക (50) അർധസെഞ്ചുറി നേടി.
ഇംഗ്ലണ്ടിനായി വിൽ ജാക്ക്സും ജാമി ഓവർട്ടണും ലിയാം ഡോസണും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഹാരി ബ്രൂക്കിനെ കളിയിലെ താരമായും ജോ റൂട്ടിനെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു.
Sports
ഇസ്ലാമാബാദ്: അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിൽ പാക്കിസ്ഥാൻ പാകിസ്ഥാന് പങ്കെടുക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം വെള്ളിയാഴ്ച ഉണ്ടാകും. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്വി പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമായത്.
ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് നടക്കുന്നത്. ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ നിലവിലെ സാഹചര്യങ്ങൾ പാക് ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്സിന്‍ നഖ്വി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വരുന്ന വെള്ളിയാഴ്ചയോ അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ചയോ പാകിസ്ഥാൻ ലോകകപ്പില്‍ കളിക്കുന്ന കാര്യത്തിൽ സർക്കാർ അന്തിമ ഉത്തരവിറക്കും.
ടൂർണമെന്റിൽ പങ്കെടുക്കുന്നതും ഇന്ത്യയുമായുള്ള മത്സരം കളിക്കുന്നതും പൂർണമായും സർക്കാരിന്റെ അനുമതിക്ക് വിധേയമായിരിക്കുമെന്ന് നഖ്വി വ്യക്തമാക്കി. ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ-പാകിസ്ഥാന് മത്സരം നടക്കേണ്ടത്.
Sports
ദുബായി: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ. വെറ്റ് ഔട്ട്ഫീൽഡിനെ തുടർന്ന് 20 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് ശ്രീലങ്ക എടുത്തത്.
42 റൺസെടുത്ത ചമിക ഹീനടിഗാലയാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. നായകൻ വിമത് ദിൻസാര 32 റൺസും സെത്മിക സെനെവിരത്നെ 30 റൺസുമെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി ഹെനിൽ പട്ടേലും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതമെടുത്തു. കിഷൻ കുമാർ സിംഗും ദീപേഷ് ദേവേന്ദ്രനും ഖിലാൻ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ:അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന ചടങ്ങിലാണ് മത്സരക്രമം പ്രഖ്യാപിച്ചത്.
ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെയായിരിക്കും ലോകകപ്പ് നടക്കുക. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നെതർലൻഡ്സിനെ നേരിടും.
അന്ന് തന്നെ മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ നേരിടും. ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ നമീബിയയ്ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
ഫെബ്രുവരി 15ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇന്ത്യയില്‍ കളിക്കില്ലെന്ന പാക് നിലപാടിനെ തുടര്‍ന്ന് പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം കൊളംബോയിലും കാന്ഡിയിലുമായിരിക്കും നടക്കുക.
ഫെബ്രുവരി 18ന് നെതർലൻഡ്സിനെതിരെ അഹമ്മദാബാദിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. 2024ലെ ടി20 ലോകകപ്പ് മാതൃകയില്‍ അഞ്ച് ടീമുകളെ നാലു ഗ്രൂപ്പുകളായിട്ടാണ് ടൂര്‍ണമെന്റ്. ഓരോ ഗ്രൂപ്പിലും മൂന്നിലെത്തുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നിലേറും.
മാർച്ച് എട്ടിന് അഹമ്മദാബാദിലാണ് ഫൈനൽ. എന്നാൽ പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ കൊളംബോ ആയിരിക്കും വേദി.
Sports
റാവൽപിണ്ഡി: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് 300 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എടുക്കുകയായിരുന്നു.
സെഞ്ചുറി നേടിയ സൽമാൻ ആഖയുടെയും അർധ സെഞ്ചുറി നേടിയ ഹുസെയ്ൻ താലത്തിന്റെയും മികവിലാണ് പാക്കിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. സൽമാൻ ആഖ 105 റൺസാണ് എടുത്തത്. ഹുസെയ്ൻ താലത്ത് 62 റൺസ് സ്കോർ ചെയ്തു.
മുഹമ്മദ് നവാസ് 36 റൺസും ഫഖർ സമാൻ 32 റൺസും എടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി വനിന്ദപ ഹസരങ്ക മൂന്ന് വിക്കറ്റെടുത്തു. അസിത ഫെർണാണ്ടോയും മഹീഷ് തീക്ഷണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
International
കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. 2023ൽ ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന് കേസിലാണ് അറസ്റ്റ്
അഴിമതി കേസിൽ സിഐഡിയാണ് റനിൽ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ വൈകാതെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് സിഐഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2022 മുതൽ 2024 വരെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിയിരുന്നു റനിൽ വിക്രമസിംഗെ. അതേസമയം, ഭാര്യയുടെ ബിരുദദാന ചടങ്ങിലേക്ക് വിക്രമസിംഗെയെയും ക്ഷണിച്ചുള്ള യുകെ സർവകലാശാലയുടെ ക്ഷണക്കത്ത് യുഎൻപി പാർട്ടി പുറത്തുവിട്ടു.
Movies
നടൻ മോഹൻലാലിന് ശ്രീലങ്കൻ പാർലമെന്റിൽ ഊഷ്മള വരവേൽപ്പ്. കഴിഞ്ഞ ദിവസമാണ് താരം ശ്രീലങ്കൻ പാർലമെന്റിൽ അതിഥിയായി എത്തിയത്. സഭ നടക്കുന്നതിനിടെ ശ്രീലങ്കൻ ഡെപ്യൂട്ടി സ്പീക്കറായ ഡോ. റിസ്വി സാലിഹ് മോഹൻലാലിനെ സ്വാഗതം ചെയ്തു.
‘ഇന്ത്യയിൽ നിന്നുള്ള പ്രഗൽഭ നടനും സംവിധായകനുമായ പദ്മശ്രീ പദ്മഭൂഷൺ ഡോ.മോഹൻലാൽ വിശ്വനാഥൻ ശ്രീലങ്കൻ പാർലമെന്റിൽ എത്തിയിട്ടുണ്ട്. ആശംസകൾ അറിയിക്കുന്നതിനൊപ്പം ശ്രീലങ്കയിലേക്ക് അദ്ദേഹത്തെ സ്വാഗതവും ചെയ്യുകയാണ്,’ എന്ന ആമുഖത്തോടെയാണ് ഡെപ്യൂട്ടി സ്പീക്കർ താരത്തെ സ്വാഗതം ചെയ്യുന്നത്.
നിറഞ്ഞ കൈയടികളോടെയാണ് മോഹൻലാലിനെ പാർലമെന്റ് വരവേറ്റത്. ഗ്യാലറിയിൽ എഴുന്നേറ്റ് നിന്ന് സഭയിലെ അംഗങ്ങളെ കൈകൂപ്പി വണങ്ങിയാണ് ശ്രീലങ്കൻ സ്നേഹാദരങ്ങളെ മോഹൻലാൽ സ്വീകരിച്ചത്.
മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിനായാണ് മോഹൻലാൽ ശ്രീലങ്കയിലെത്തിയത്. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന് ഷൂട്ട് ഇപ്പോൾ ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്.
അതിനിടയിലാണ് മോഹൻലാൽ ശ്രീലങ്കൻ പാർലമെന്റിൽ അതിഥിയായെത്തിയ വിവരം ശ്രീലങ്കൻ മാധ്യമങ്ങൾ പുറത്തുവിട്ടത്.
മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ദൃശ്യം ശ്രീലങ്കയിലും റീമെയ്ക്ക് ചെയ്തിരുന്നു. 2017ൽ സിംഹള ഭാഷയിൽ ‘ധർമ യുദ്ധ’ എന്ന പേരിലിറങ്ങിയ ചിത്രം ശ്രീലങ്കയിലും വലിയ ഹിറ്റായിരുന്നു.