ധാംബുള്ള: എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോഴെല്ലാം നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ആദ്യ മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്നാണ് തിലക് വർമ്മയും സംഘവും അവിശ്വസനീയ വിജയം പിടിച്ചെടുത്തത്.
അവസാന നാല് ഓവറിൽ നാലുവിക്കറ്റുകൾ കൈയിലിരിക്കെ ശ്രീലങ്കയ്ക്ക് ജയിക്കാൻ 22 റൺസ് മാത്രം മതിയായിരുന്ന സാഹചര്യത്തിൽ നിന്നായിരുന്നു ഇന്ത്യൻ ബൗളർമാർ വിജയം തട്ടിയെടുത്തത്. എന്നാൽ രണ്ടാം മത്സരത്തിൽ ലങ്ക ശക്തമായി തിരിച്ചടിച്ചു. സൂപ്പർ ഓവറിലേക്ക് നീണ്ട ആ പോരാട്ടത്തിൽ ശ്രീലങ്കയാണ് വിജയം വരിച്ചത്.
മത്സരത്തിനിടെ അമ്പയറുടെ ചില തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നായകൻ തിലക് വർമ്മ കളം വിട്ടതും മത്സരശേഷം ഇന്ത്യയുടെ പതിനഞ്ചുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശിയും ശ്രീലങ്കയുടെ വിഷെൻ ഹലംബഗെയും തമ്മിൽ മൈതാനത്ത് വെച്ച് തർക്കത്തിലും ഉന്തും തള്ളിലും ഏർപ്പെട്ടതും വലിയ വിവാദമായിരുന്നു.
മത്സരം രാവിലെ പത്തു മുതൽ സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും ലഭ്യമാണ്. പ്രിയാംൾ ആര്യ, വൈഭവ്, ആയുഷ് ബദോനി, പ്രഭ്സിമ്രൻ സിംഗ്, കുമാർ കുശാഗ്ര തുടങ്ങി കരുത്തുറ്റ ബാറ്റിംഗ് നിരയുമായാണ് ഇന്ത്യ എ ഇറങ്ങുന്നത്. പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ നേരത്തെ പുറത്തായിരുന്നു.
Tags : tri series srilanka india