അർജുൻ ആയങ്കിയെ കണ്ണൂർ ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ഹാജരാക്കാനായി കൊണ്ടുവരുന്നു -ദീപിക
കണ്ണൂര്: സ്വർണക്കടത്ത് കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി കണ്ണൂർ സൈബർ പോലീസിന്റെ കസ്റ്റഡിയിൽ. തലശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ആയങ്കിയെ തലശേരി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ഇന്നലെ മൂന്നു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടത്.
ആഭ്യന്തരമന്ത്രിക്കെതിരേ എഫ്ബി പോസ്റ്റ് ഇട്ട മൊബൈൽ ഫോൺ കണ്ടെടുക്കാനാണ് കണ്ണൂർ സൈബർ പോലീസ് ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. അഞ്ചു ദിവസത്തേക്കാണ് കണ്ണൂർ സൈബർ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാൻ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ ദേഹപരിശോധനാ സമയത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തതാണെന്നും വ്യാജ തെളിവ് ഉണ്ടാക്കാനാണു ശ്രമമെന്നും പ്രതിഭാഗം വാദിച്ചു. അതിനാൽ കസ്റ്റഡി അനുവദിക്കരുതെന്നായിരുന്നു ആവശ്യം.
എന്നാൽ, കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്നും മറ്റൊരു മൊബൈൽ ഫോൺ കൈയിൽ വച്ച് അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനാണു ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ് തലശേരി സിജെഎം കോടതി മൂന്ന് ദിവസത്തേക്ക് അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. അതേസമയം, എല്ലാം ചെയ്തത് താനാണെന്നായിരുന്നു അർജുൻ ആയങ്കിയുടെ പ്രതികരണം.
ഇതിനിടെ, കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ച അർജുൻ ആയങ്കിയെ കണ്ണൂർ എസിപി എം.പി. ആസാദ്, സൈബർ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചോദ്യംചെയ്തു.
പോലീസ് ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതായും സൂചനയുണ്ട്. ഈ ഫോൺ ഇയാൾ നശിപ്പിച്ചു കളയാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഇതിനിടെ, ആയങ്കിയെ കാപ്പ കേസിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും പോലീസ് ഊർജിതമാക്കി.
Tags : ArjunAyanki PoliceCustody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash KannurCyberPolice