കേരള ഹൈക്കോടതി
കൊച്ചി: സ്റ്റാര്‍ പദവി പുതുക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുന്ന ബാര്‍ ഹോട്ടലുകള്‍ക്ക് അത് അനുവദിക്കുന്നത് താത്കാലിക ക്രമീകരണം എന്നനിലയില്‍ മാത്രമാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
രേഖകള്‍ കൃത്യമായി പരിശോധിച്ചശേഷം മാത്രമാണ് ലൈസന്‍സ് പുതുക്കുന്നത്. അതേസമയം, സ്റ്റാര്‍ പദവിയുടെ കാര്യത്തില്‍ ഇളവ് വരുത്തുകയോ പുതിയ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുകയോ ചെയ്തിട്ടില്ലെന്നും നികുതി അഡീ. സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കേരള മദ്യനിരോധന സമിതി നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണു വിശദീകരണം. കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിനു കീഴിലുള്ള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അപ്രൂവല്‍ ആന്‍ഡ് ക്ലാസിഫിക്കേഷന്‍ കമ്മിറ്റി നടത്തുന്ന പരിശോധന വൈകുന്നതാണ് നിലവില്‍ അപേക്ഷ നല്കി കാത്തിരിക്കാന്‍ ഇടയാക്കുന്നത്. ഇതിന് ഹോട്ടലുടമകള്‍ ഉത്തരവാദികളല്ല.
ലൈസന്‍സ് പുതുക്കി നല്കാതിരുന്നാല് സംസ്ഥാനത്തെ ടൂറിസം മേഖലയെയും സാമ്പത്തിക രംഗത്തെയും തൊഴിലവസരങ്ങളെയും പ്രതികൂലമായി ബാധിക്കും.
കേന്ദ്ര ടൂറിസം മന്ത്രാലയം തന്നെ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് സ്റ്റാര്‍ പദവി വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Tags : BarLicense Renewal Temporary Government Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash KeralaHighCourt