Kerala
കൊച്ചി: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി തടഞ്ഞു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ വീണ്ടും സ്ഥിരപ്പെടുത്തല്‍ ഉത്തരവുകള്‍ ഇറക്കിയ നടപടിയില്‍ വിശദീകരണം നല്‍കാനും സത്യവാങ്മൂലം ഫയല്‍ ചെയ്യാനും ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു.
വിവിധ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ ചോദ്യം ചെയ്തു ഉദ്യോഗാര്‍ഥികള്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവുകള്‍ക്കു വിരുദ്ധമായി ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് കോടതി വിധിച്ചിരുന്നു.
ചീഫ് സെക്രട്ടറികൂടി കക്ഷിയായ കേസിലെ വിധി നിലനില്‍ക്കുമ്പോഴാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുതിയ സ്ഥിരപ്പെടുത്തല്‍ ഉത്തരവുകള്‍ ഇറക്കിയതും പുതിയ ഉത്തരവുകള്‍ ഇറക്കാന്‍ തയാറെടുക്കുന്നതും. ഇതു കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി ഹര്‍ജിക്കാര്‍ നല്കിയ അപേക്ഷയിലാണ് ജസ്റ്റീസ് മുഹമ്മദ് നിയാസ് ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നത്.
എന്നാല്‍ പലതവണ സമയം അനുവദിച്ചുനല്കിയിട്ടും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയില്ല. ഈ സാഹചര്യത്തിലാണു താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞു കൊണ്ട് ജസ്റ്റീസ് മുഹമ്മദ് നിയാസ് ഉത്തരവിട്ടത്.
Kerala
കൊച്ചി: ശബരിമല മണ്ഡല- മകരവിളക്ക് കാലത്ത് താത്കാലിക ജീവനക്കാര്‍ നടത്തിയ സംശയാസ്പദമായ പണമിടപാടുകളില്‍ വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ 2025-26 സീസണിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താനാണു നിര്‍ദേശം.
സന്നിധാനത്തെ താത്കാലിക ജീവനക്കാരും സ്ഥിരം ജീവനക്കാരും സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
നവംബര്‍ 17 മുതല്‍ സന്നിധാനത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന നിക്ഷേപങ്ങളെക്കുറിച്ച് വിജിലന്‍സ് വിഭാഗം രഹസ്യ അന്വേഷണം നടത്തിയിരുന്നു.
Kerala
കൊച്ചി: തിരുനാവായയില്‍ നടക്കുന്ന മഹാമാഘ മഹോത്സവത്തോടനുബന്ധിച്ച് ഭാരതപ്പുഴയ്ക്കു കുറുകേ നിര്‍മിച്ച താത്കാലിക പാലങ്ങള്‍ പരിശോധിക്കണമെന്നു പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതി നിര്‍ദേശം.
2001ലെ കേരള നദീതീര സംരക്ഷണ നിയമം ലംഘിച്ചുവെന്നാരോപിച്ച് പാലത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ച് റവന്യു അധികൃതര്‍ പുറപ്പെടുവിച്ച സ്റ്റോപ്പ് മെമ്മോ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് സി. ജയചന്ദ്രന്റെ ഉത്തരവ്. 2026 ജനുവരി 17 ലെ റവന്യു അധികാരികളുടെ ഉത്തരവില്‍ മതപരമായ ഉത്സവം നിരോധിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
താത്കാലിക പാലത്തിന് സുരക്ഷാഭീഷണിയുള്ളതായി സര്‍ക്കാര്‍ അറിയിച്ചു. പത്തു ലക്ഷം ഭക്തര്‍ എത്തുമെന്നാണ് കരുതുന്നത്. ഇത്രയും ജനക്കൂട്ടത്തിന്റെ ഭാരം താങ്ങാന്‍ പാലത്തിനു ശേഷിയുണ്ടാകില്ല. നിര്‍ബന്ധിത ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ അഭിഭാഷകന് ആശങ്ക അറിയിച്ചു.
തുടര്‍ന്നാണ് പാലത്തിന്റെ സുരക്ഷയും ചുറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പിന് കോടതി നിര്‍ദേശം നല്‍കിയത്. വലിയതോതിലുള്ള ജനക്കൂട്ടം നിയന്ത്രിക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ആവശ്യമായ അടിയന്തര പരിഹാര, സുരക്ഷാനടപടികള്‍ ശിപാര്‍ശ ചെയ്യാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കു കോടതി നിര്‍ദേശം നല്കി.