പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലുണ്ടാകുന്ന താത്കാലിക ഇടിവിന്റെ പേരില്‍ വിപണിയില്‍ അമിത ആശങ്ക വേണ്ടെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സ്വര്‍ണ വ്യാപാരികള്‍.
ആഗോള രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വം, വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളുടെ സ്വര്ണശേഖരണ താത്പര്യം, പണപ്പെരുപ്പത്തിനെതിരായ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള പ്രാധാന്യം എന്നിവ വിലയ്ക്ക് ദീര്‍ഘകാല പിന്തുണ നല്കുന്ന ഘടകങ്ങളാണ്. അതേസമയം, ഇടക്കാലത്ത് വിലയില്‍ വീണ്ടും ചാഞ്ചാട്ടങ്ങളും തിരുത്തലുകളും ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
സ്വര്‍ണവില ഇനി ഒരിക്കലും താഴില്ലെന്നോ നിശ്ചിത സമയത്തിനുള്ളില്‍ ഉയരുമെന്നോ പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും അന്താരാഷ്ട്ര നിക്ഷേപകരുടെ സ്വര്‍ണത്തോടുള്ള താല്പര്യവും വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതിനാല്‍ നിലവിലെ വിലക്കുറവിനെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു സാധ്യതയായി കാണാം. എന്നാല്‍ ഇനിയും വില കുറയുമെന്ന പ്രതീക്ഷയില്‍ ആവശ്യമായ വാങ്ങലുകള്‍ അനിശ്ചിതമായി മാറ്റിവയ്ക്കേണ്ടതില്ലെന്നാണു സ്വര്‍ണവ്യാപാരികള്‍ പറയുന്നത്.
വലിയ തുക നിക്ഷേപിക്കുന്നവര്‍ ഘട്ടംഘട്ടമായി സ്വര്‍ണം വാങ്ങുന്ന രീതിയും പരിഗണിക്കാം. ബിഐഎസ് ഹാള്‍മാര്‍ക്കിംഗ്, എച്ച്യുഐഡിപരിശോധന, സ്വര്‍ണശുദ്ധി ഉറപ്പാക്കല്‍, ലോജിസ്റ്റിക്സ്, പാക്കേജിംഗ് തുടങ്ങിയ മേഖലകള്‍ സ്വര്‍ണ വ്യാപാരത്തിന്റെ വിശ്വാസ്യതയും ഗുണനിലവാരവും നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാണ്. ആഭരണ നിര്‍മാണം, ഡിസൈനിംഗ്, കയറ്റുമതി, നൈപുണ്യവികസനം എന്നിവയ്ക്കു കേരളത്തില്‍ വലിയ സാധ്യതകളുണ്ട്. ആഭ്യന്തര വിപണിയിലെ സ്ഥിരതയും അന്താരാഷ്ട്ര വിപണിയിലെ അവസരങ്ങളും പ്രയോജനപ്പെടുത്തിയാല്‍ ഈ മേഖലയ്ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും.
കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനവുമായി ബന്ധപ്പെട്ട വലിയ തൊഴില്‍മേഖലയാണ് സ്വര്‍ണവ്യാപാരം. ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം വ്യാപാരികളുടെ ന്യായമായ അവകാശങ്ങളും തൊഴിലാളികളുടെ അധ്വാനത്തിന് അര്‍ഹമായ മൂല്യവും ഉറപ്പാക്കണമെന്നാണു സ്വർണ വ്യാപാരികൾ പറയുന്നത്. തെറ്റായ പ്രചാരണങ്ങള്‍ക്കു കരം വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള വിശ്വാസവും സുതാര്യതയുമാണ് വിപണിയെ ശക്തിപ്പെടുത്തേണ്ടത്. സ്വര്‍ണ വിലയില്‍ തിരുത്തലുകള്‍ സംഭവിക്കാമെങ്കിലും സ്വര്‍ണത്തിന്റെ മൂല്യവും അതുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലയുടെ പ്രാധാന്യവും ഇല്ലാതാകുന്നില്ല.
ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ബിഐഎസ് ഹാള്‍മാര്‍ക്ക്, എച്ച് യുഐഡി, പരിശുദ്ധി, തൂക്കം, പണിക്കൂലി, ജിഎസ്ടി എന്നിവ പരിശോധിക്കുകയും വിലയും ചാര്‍ജുകളും വ്യക്തമായി രേഖപ്പെടുത്തിയ ബില്‍ വാങ്ങുകയും വേണമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
Tags : gold Price decline temporary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Business