രാഹുൽ ഗാന്ധി
ന്യൂഡൽഹി: അടുത്തയാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ വീണ്ടും അവതരിപ്പിക്കാനൊരുങ്ങുന്ന മണ്ഡല പുനർനിർണയ ബില്ലിനെതിരെ ശക്തമായ നിലപാടുമായി കോൺഗ്രസ്. സഭയിൽ ഭൂരിപക്ഷമുണ്ടെങ്കിലും ഇല്ലെങ്കിലും ബില്ലിനെ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി കമ്മിറ്റി യോഗത്തിലാണ് രാഹുൽ ഗാന്ധി നിലപാട് കടുപ്പിച്ചത്. രാഷ്ട്രീയ നേട്ടത്തിനായി മാത്രമാണ് ബിജെപി മണ്ഡല പുനർനിർണയ ബിൽ വീണ്ടും കൊണ്ടുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ മറ്റ് പ്രതിപക്ഷ സഖ്യകക്ഷികളുമായി ശനിയാഴ്ച ചർച്ച നടത്തുമെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് മാധ്യമങ്ങളോട് പറഞ്ഞു.
ലോക്സഭയിലെ നിലവിലെ അംഗബലം നിലനിർത്തണമെന്നും, നിലവിലെ സീറ്റുകളുടെ അടിസ്ഥാനത്തിൽ തന്നെ 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്നും, അടുത്ത 25 വർഷത്തേക്ക് സംസ്ഥാനങ്ങളുടെ പ്രാതിനിധ്യ അനുപാതം മാറ്റമില്ലാതെ തുടരണമെന്നുമാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ പാവയാക്കി മാറ്റിയെന്നും ഗോഗോയ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ഏപ്രിലിൽ ചേർന്ന പ്രത്യേക സമ്മേളനത്തിൽ ഭരണഘടനാ ഭേദഗതിക്കാവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (352 വോട്ടുകൾ) ലഭിക്കാത്തതിനെ തുടർന്ന് സർക്കാരിന് ബിൽ പാസാക്കാനായിരുന്നില്ല. അന്ന് 298 എംപിമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. എന്നാൽ തിങ്കളാഴ്ച സഭ വീണ്ടും ചേരുമ്പോൾ, ബില്ലിന്റെ പുതുക്കിയ രൂപം പാസാക്കാനാവശ്യമായ അംഗബലം (360 പേരുടെ പിന്തുണ) ബിജെപി ഉറപ്പാക്കിയതായാണ് വിലയിരുത്തൽ.
Tags : RAHULGANDHI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash