മയക്കുവെടി കൊണ്ടശേഷം ആനയിറങ്കൽ ഡാം നീന്തിക്കയറി മറുകരയിലെത്തിയ ചക്കക്കൊമ്പൻ അടുത്തേക്കെത്തിയ ദൗത്യസേനാംഗങ്ങളെ തുരത്തിയോടിക്കുന്നു. -അഖിൽ പുരുഷോത്തമൻ
തൊടുപുഴ: ചിന്നക്കനാലിനെ വിറപ്പിച്ച ചക്കക്കൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം മൂന്നാം ദിവസവും വിജയം കണ്ടില്ല. ഇതോടെ ദൗത്യം താത്കാലിക മായി നിര്‍ത്തിവച്ചതായി വനംവകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡി.കെ. വിനോദ്കുമാര്‍ അറിയിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ സിങ്കുകണ്ടം 301 കോളനി അങ്കണവാടിക്കു സമീപം ചക്കക്കൊമ്പന്റെ നേര്‍ക്ക് ആദ്യമയക്കുവെടി ഉതിര്‍ത്തെങ്കിലും ഓടിമാറിയതിനാല്‍ ദേഹത്ത് കൊണ്ടില്ല.
ഉടന്‍ രണ്ടാമത്തെ ഡോസ് മയക്കുവെടി ഉതിര്‍ത്തു. തുടര്‍ന്ന് അരമണിക്കൂറിനു ശേഷം ബൂസ്റ്റര്‍ ഡോസും നല്കി. എന്നിട്ടും മയങ്ങാത്ത ആന ആനയിറങ്കല്‍ ജലാശയത്തിനു സമീപത്തെ തുരുത്തിലേക്കു നീങ്ങുകയായിരുന്നു. മയക്കുവെടിയേറ്റ ആന വെള്ളത്തിലിറങ്ങിയതോടെ ദൗത്യസംഘം ആശങ്കയുടെ മുള്‍മുനയിലായി. ഇതോടെ ബോട്ടിലെത്തിയ ദൗത്യസംഘം ആനയെ കരയ്ക്ക് കയറ്റാനുള്ള എല്ലാ ശ്രമവും നടത്തി.
ബോട്ടില്‍ ആനയുടെ അടുത്തെത്തിയ സംഘം പടക്കംപൊട്ടിച്ച് മറുകരയിലെത്തിക്കുകയായിരുന്നു. ഇവിടെ തീരത്തോടു ചേര്‍ന്നുള്ള പുല്‍ത്തകിടിയില്‍ നിലയുറപ്പിച്ച ആനയെ വരുതിയിലാക്കാന്‍ കുങ്കിയാനകളെ ഇവിടേക്ക് എത്തിച്ചെങ്കിലും ചക്കക്കൊമ്പന് വനത്തിനു സമീപത്തേക്കു നീങ്ങി. ഇതോടെ കുങ്കിയാനകളെ ദൂരേയ്ക്കു മാറ്റി. ഇതിനിടെ ആന മയക്കത്തിന്റെ ലക്ഷണം കാണിച്ചതോടെ ദൗത്യസംഘം ആനയുടെ അടുത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും പ്രകോപിതനായ ചക്കക്കൊമ്പന് ഇവരെ വിരട്ടിയോടിച്ചു.
ഒടുവില്‍ ആനയുടെ ആരോഗ്യസ്ഥിതിയും മോശം കാലാവസ്ഥയും കണക്കിലെടുത്ത് ഇന്നലെ വൈകുന്നേരം ആറോടെ ദൗത്യം താത്കാ ലികമായി നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
Tags : Chakkakomban tranquilizer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash radio collar D.K. Vinodkumar mission temporarily suspended