ജസ്പ്രീത് ബുംറ
ക്രൈസ്റ്റ്ചര്‍ച്ച്: പ്ലേയിംഗ് ഇലവന് തെരഞ്ഞെടുപ്പില്‍ ടീം മാനേജ്മെന്റിന്റെ സംശയകരമായ നീക്കങ്ങള്‍ക്കൊപ്പം പേസര്‍ ജസ്പ്രീത് ബുംറയുടെ ദയന്യം ചേര്‍ന്നതോടെ ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യദിനം ഇന്ത്യ പരുങ്ങലില്‍.
ഏഷ്യക്കു പുറത്തു മികച്ച ട്രാക്ക് റിക്കാര്‍ഡുള്ള പേസര്‍ മുഹമ്മദ് സിറാജിനെയും ടീമിലെ തലമുതിര്‍ന്ന ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും വെറും വെള്ളംകൊടുപ്പുകാരാക്കിയപ്പോള് ന്യൂസിലന്‍ഡ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് എന്ന നിലയില്‍ ഒന്നാംദിനം ക്രീസ് വിട്ടു. ക്യാപ്റ്റന്‍ ടോം ലാഥം (59), വിക്കറ്റ് കീപ്പര്‍ ടോം ബ്ലന്‍ഡല്‍ (53 നോട്ടൗട്ട്) എന്നിവര്‍ അര്‍ധസെഞ്ചുറിയുമായി പോരാട്ടം നയിച്ചു. ബ്ലന്‍ഡലിനൊപ്പം 36 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്സാണ് ക്രീസില്‍.
ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സില്‍ ബുംറ 19 ഓവര്‍ പന്ത് എറിഞ്ഞെങ്കിലും ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിച്ചില്ല. ചരിത്രത്തിൽ ഒരുദിനം ബുംറയ്ക്ക് വിക്കറ്റില്ലാത്തത് ഇതാദ്യം. 19-4-37-0 എന്നതായിരുന്നു ഇന്നലെ ബുംറയുടെ ബൗളിംഗ്. 2020ല്‍ വെല്ലിംഗ്ടണിലെ രണ്ടാംദിനം. പമ്പരയില്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാതെ ബുംറ ഇന്നലെവരെ എറിഞ്ഞത് 220 പന്തുകള്‍.
കിവീസ് ഒറ്റനോട്ടത്തില്‍
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലന്‍ഡ് ഓപ്പണര്‍മാരായ ടോം ലാഥവും ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 77 റണ്‍സ് നേടി. 79 പന്തില്‍ 31 റണ്‍സ് എടുത്ത കോണ്‍വെയെ ഗുര്‍നൂര്‍ ബ്രാര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. ബ്രാറിന്റെ കന്നി വിക്കറ്റ്. പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കിയാണ് ഗുര്‍നൂര്‍ ബ്രാറിനു ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള വഴിയൊരുക്കിയത്.
128 പന്തില്‍ 59 റണ്‍സ് നേടിയ ലാഥത്തെ ആകാഷ് ദീപ് വിക്കറ്റിനു പിന്നില്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ ഹെന്റി നിക്കോള്‍സിനെ (16) അന്‍ഷുല്‍ കാംബോജ് ആകാഷ് ദീപിന്റെ കൈകളിലെത്തിച്ചു മടക്കി. അടുത്ത ഓവറിന്റെ അവസാന പന്തില്‍ രചിന് രവീന്ദ്രയെ (0) ആകാഷ് ദീപ്, പന്തിന്റെ ഗ്ലൗവിനുള്ളിലുമെത്തിച്ചു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എന്ന നിലയില്‍നിന്ന് ന്യൂസിലന്‍ഡ് നാലിനു 110.
പൊരുതാന്‍ ശ്രമിച്ച ഡാരെല്‍ മിച്ചലിനെ (31) വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നു ക്രീസില്‍ ഒന്നിച്ച ടോം ബ്ലന്‍ഡലും ഗ്ലെന്‍ ഫിലിപ്സും അഞ്ചിനു 184ല്‍നിന്ന് 246ലേക്ക് ടീമിനെ എത്തിച്ചു. അഭേദ്യമായ 62 റണ്‍സ് കൂട്ടുകെട്ട്. ബ്ലന്‍ഡലിന്റെ 50-ാം ടെസ്റ്റാണ്. ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ 3.30നു വീണ്ടും ക്രീസിലെത്തുമ്പോള്‍, ആദ്യദിനം നേടിയ അര്‍ധസെഞ്ചുറി മൂന്നക്കമാക്കി മാറ്റാനുള്ള ശ്രമമായിരിക്കും ബ്ലന്‍ഡലിന്റെ ഭാഗത്തുനിന്നുണ്ടാകുക.
Tags : Bumrah wicketless Sports India New Zeland