എസ് -400
ന്യൂഡല്‍ഹി: പാക്കിസ്ഥാന് വ്യോമാക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജമ്മുകാഷ്മീരിലെ 740 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണരേഖയ്ക്ക് (എല്‍ഒസി) സമീപം റഷ്യന്‍ നിര്‍മിത എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കുന്നു. അതിര്‍ത്തിയില്‍ അഞ്ചാമത്തെ എസ് -400 സംവിധാനമാണിത്. 2027 ഫെബ്രുവരിയോടെ ഇത് സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന്റെ ഭാഗമായി വ്യോമസേനയുടെയും പ്രതിരോധ വകുപ്പിന്റെയും പ്രത്യേക സംഘം ഡിസംബറില്‍ റഷ്യ സന്ദര്‍ശിക്കും.
പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത്, സിക്കിം എന്നിവിടങ്ങളിലായി മൂന്ന് എസ്-400 സംവിധാനങ്ങള്‍ ഇന്ത്യ നിലവില്‍ വിന്യസിച്ചിട്ടുണ്ട്. നാലാമത്തെ യൂണിറ്റ്, അരുണാചല്‍ പ്രദേശിലെ ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള 1,126 കിലോമീറ്റര്‍ യഥാര്‍ഥ നിയന്ത്രണരേഖയുടെയും (എല്‍എസി) സിലിഗുരി ഇടനാഴിയുടെയും സുരക്ഷ ശക്തമാക്കാന്‍ ആസാമിലാണ്.
റഷ്യയുമായുള്ള 2018ലെ 35,000 കോടി രൂപയുടെ കരാറിലെ അഞ്ചാമത്തെയും അവസാനത്തെയും എസ്-400 യൂണിറ്റാണ് ജമ്മുകാഷ്മീരില്‍ വിന്യസിക്കുന്നത്.
ചൈനയും തുര്‍ക്കിയും പാക്കിസ്ഥാന് നല്കുന്ന ആയുധ സഹായം, അമേരിക്ക അനുവദിച്ച എഫ്-16 യുദ്ധവിമാന നവീകരണ സഹായങ്ങള്‍, സൗദി അറേബ്യയുടെ സാമ്പത്തിക പിന്തുണ എന്നിവ കണക്കിലെടുത്താണ് പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വ്യോമ പ്രതിരോധ സംവിധാനം കൂടുതല്‍ ശക്തമാക്കുന്നത്.
Tags : missile defense system S-400 Pakistan border Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash