മതാന്തര സംവാദത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ 15-ാമത് പ്ലീനറി സമ്മേളനത്ത
വത്തിക്കാൻ സിറ്റി: യുദ്ധങ്ങളും വിശ്വാസത്തകർച്ചയും സാങ്കേതികവെല്ലുവിളികളും നിറഞ്ഞ ഇന്നത്തെ ആഗോള സാഹചര്യത്തിൽ സംവാദങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ മതങ്ങൾക്കു നിർണായക പങ്ക് വഹിക്കാനാകുമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. മതാന്തര സംവാദത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ 15-ാമത് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
സായുധ പോരാട്ടങ്ങൾ, ബഹുമുഖ സഹകരണത്തിലുള്ള വിശ്വാസക്കുറവ്, രാഷ്ട്രീയലക്ഷ്യങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യൽ എന്നിവ സമാധാന നിർമാണത്തിനുള്ള പ്രതിബദ്ധത പുതുക്കാൻ നമ്മെ വെല്ലുവിളിക്കുകയാണെന്ന് മാർപാപ്പ പറഞ്ഞു. ഭിന്നിച്ചുനിൽക്കുന്ന ഇന്നത്തെ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ ആത്മാർഥമായ സംവാദങ്ങൾ അത്യന്താപേക്ഷിതമാണ്. ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർധിക്കുമ്പോഴും ഭയവും സ്പർധയും അവരെ കൂടുതൽ അകറ്റുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിന്തകളെയും വാക്കുകളെയും പോലും ആയുധങ്ങളാക്കി മാറ്റുന്ന പ്രവണതയ്ക്കെതിരേ മുന്നറിയിപ്പ് നൽകാൻ മതങ്ങൾക്കു ബാധ്യതയുണ്ട്. സമാധാനം ദൈവത്തിന്റെ ദാനമാണെങ്കിലും വിദ്വേഷത്തെയും വിമുഖതയെയും മറികടക്കാൻ മനഃസാക്ഷി രൂപീകരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും അതു വളർത്തിയെടുക്കേണ്ടതുണ്ട്. ഡിജിറ്റൽ ലോകത്ത് ഭയവും മുൻവിധികളും വേഗത്തിൽ പടരുന്ന കാലഘട്ടത്തിൽ, ഉത്തരവാദിത്വത്തോടെ ആശയവിനിമയം നടത്താനും ഭിന്നതകൾക്കപ്പുറം പാലങ്ങൾ പണിയാനും യുവാക്കളെ സഹായിക്കണം.
സംവാദങ്ങൾ വിദഗ്ധരെ മാത്രം ഏൽപ്പിക്കേണ്ട ഒന്നല്ലെന്നും അതു സ്കൂളുകളിലും കുടുംബങ്ങളിലും ഇടവകകളിലും ദൈനംദിനജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടംപിടിക്കണമെന്നും മാർപാപ്പ ഓർമിപ്പിച്ചു. പാലങ്ങൾ പണിയുന്നതിലും ഭിന്നതകളെ മറികടക്കുന്നതിലും നമുക്കൊരിക്കലും മടുപ്പ് തോന്നരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ 24 മുതൽ 26 വരെ നടന്ന സമ്മേളനത്തിന് മതാന്തര സംവാദത്തിനായുള്ള കാര്യാലയം അധ്യക്ഷൻ കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട് നേതൃത്വം നൽകി. കാര്യാലയത്തിലെ അംഗങ്ങൾക്കും കൺസൾട്ടർമാർക്കും പുറമെ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിനെ പ്രതിനിധീകരിച്ച് ഡോ. ആഞ്ചലിക്കി സിയാക്കയും സമ്മേളനത്തിൽ പങ്കെടുത്തു. കഴിഞ്ഞ നാലു വർഷത്തിനിടെ കാര്യാലയം നടത്തിയ പ്രവർത്തനങ്ങളുടെ അവലോകനം സെക്രട്ടറി മോൺ. ഇന്ദുനിൽ ജെ. കൊടിതുവക്കു സമ്മേളനത്തിൽ അവതരിപ്പിച്ചു.
Tags : Sincere dialogues essential Pope Leo XIV Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash